വാഷിംഗ്ടൺ: ഇറാനെതിരെയുള്ള പോരാട്ടത്തിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രേരിപ്പിക്കാൻ ലക്ഷ്യമിട്ട് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയത് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വൈറ്റ് ഹൗസ് സന്ദർശനങ്ങൾ. കഴിഞ്ഞ ഒരു വർഷത്തിനിടെ മാത്രം ആറിലധികം തവണയാണ് നെതന്യാഹു ഔദ്യോഗികമായി വാഷിംഗ്ടണിലെത്തിയത്. ലോകത്തെ മറ്റൊരു ഭരണാധികാരിക്കും ലഭിക്കാത്ത ഈ പ്രത്യേക പരിഗണന, മിഡിൽ ഈസ്റ്റിലെ യുദ്ധഭൂപടം മാറ്റിവരയ്ക്കുന്നതിൽ നിർണായകമായി.
ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കുന്നതിനും മേഖലയിലെ ഇറാന്റെ സ്വാധീനം ഇല്ലാതാക്കുന്നതിനും അമേരിക്ക നേരിട്ട് യുദ്ധത്തിലിറങ്ങണമെന്ന് നെതന്യാഹു നിരന്തരം ആവശ്യപ്പെട്ടിരുന്നു. ട്രംപുമായുള്ള ഓരോ കൂടിക്കാഴ്ചയും ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകളായിരുന്നു. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിൽ ഏറ്റവും കൂടുതൽ തവണ താമസിച്ച വിദേശ നേതാവെന്ന റെക്കോർഡ് നെതന്യാഹു സ്വന്തമാക്കി (ആകെ 14 തവണ).
ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ റെക്കോർഡ് തകർത്ത്, അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ നാല് തവണ അഭിസംബോധന ചെയ്ത ഏക വിദേശ നേതാവായും നെതന്യാഹു മാറി. ട്രംപ് ഭരണകൂടത്തിൽ നിന്ന് അത്യാധുനിക എഫ്-35 യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഉറപ്പാക്കിയ നെതന്യാഹു, ഇറാനെതിരെയുള്ള സംയുക്ത സൈനികാഭ്യാസങ്ങൾക്കും തുടക്കമിട്ടു.
ഹോർമുസ് കടലിടുക്കിലെ ചരക്കുനീക്കം തടസപ്പെട്ടതും ഇന്ധന പ്രതിസന്ധിയും നിലനിൽക്കെ, നെതന്യാഹുവിന്റെ ഈ യാത്രകൾ ഒരു വലിയ ആഗോള യുദ്ധത്തിന്റെ മുന്നൊരുക്കമായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്.