കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലും സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിനും (എസ്ഐആർ) മാസങ്ങളോളം കഠിനാധ്വാനം ചെയ്ത ബിഎൽഒമാർക്ക് ഓണത്തിനും ഓണറേറിയവും ഇൻസെന്റീവും ഇല്ല.
അഞ്ഞൂറോളം വീടുകൾ കയറിയിറങ്ങി വിവരശേഖരണം നടത്തിയ 30,471 ബിഎൽഒമാരാണ് അർഹമായ പ്രതിഫലം ലഭിക്കാതെ ദുരിതത്തിലായത്. നിയമസഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പ്രതിഫലമായി ലഭിച്ച 2,000 രൂപ മാത്രമാണ് ഇവർക്കാകെ ഇക്കാലയളവിൽ ലഭിച്ചത്.
2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ലഭിക്കേണ്ട ഓണറേറിയം12,000 രൂപ (പ്രതിമാസം 1000 രൂപ)യും എസ്ഐആറിന് പ്രഖ്യാപിച്ച സ്പെഷൽ ഇൻസെന്റീവ് 6,000 രൂപയുമാണ് ഇതുവരെയും ബിഎൽഒമാർക്ക് കിട്ടാത്തത്. സ്പെഷൽ ഇൻസെന്റീവ് അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 2025 ഓഗസ്റ്റിൽ പുറത്തിറക്കിയ ഉത്തരവ് കേരളത്തിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല.
എസ്ഐആറിന്റെ എന്യുമറേഷൻ ഫോം വിതരണത്തിനും വിവരശേഖരണത്തിനും പൂരിപ്പിച്ച ഫോമുകൾ തിരികെ വാങ്ങുന്നതിനും ഹിയറിംഗ് നോട്ടീസ് നൽകുന്നതിനുമായി പലവട്ടം വീടുകളിൽ പോയതിന്റെ യാത്രാച്ചെലവ്, ഭക്ഷണം, ഇന്റർനെറ്റ് തുടങ്ങിയവയ്ക്ക് ബിഎൽഒമാർ സ്വന്തം പോക്കറ്റിൽനിന്നാണ് പണം മുടക്കിയത്.
വനിതാ ബിഎൽഒ മാർ ഓട്ടോയടക്കം വാഹനങ്ങളെയും ആശ്രയിച്ചു. ഓണത്തിനെങ്കിലും തങ്ങളുടെ പ്രതിഫലം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ബിഎൽഒമാർ.