ന്യൂഡൽഹി: ഭരണഘടനാതലവന്മാരെ അവഹേളിക്കുന്നതും അപകീർത്തിപ്പെടുത്തുന്നതുമായ ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സിനോട് ആവശ്യപ്പെട്ടു ഡൽഹി പോലീസ്.
പ്രധാനമന്ത്രിയുൾപ്പെടെയുള്ള ഭരണഘടനാതലവന്മാർക്കെതിരേയുള്ള പോസ്റ്റുകൾ ഉടനടി നീക്കം ചെയ്യുവാനും പോസ്റ്റിട്ടവരുടെ പൂർണ അക്കൗണ്ട് വിവരങ്ങൾ കൈമാറാനുമാണ് എക്സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അക്കൗണ്ട് യൂസറുടെ പൂർണ പേര്, അഡ്രസ്, കോൺടാക്ട് നമ്പർ, ഇ-മെയിൽ ഐഡി തുടങ്ങിയ വിവരങ്ങളുൾപ്പെടെയാണിത്.
കോക്രോച്ച് ജനതാ പാർട്ടിയുടെ ജന്തർ മന്തർ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഉള്ളടക്കങ്ങൾ നീക്കംചെയ്യാൻ ഡൽഹി പോലീസ് വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.
ഭരണഘടനാതലവന്മാർക്കെതിരായ പോസ്റ്റുകളുടെ വിശദാംശങ്ങൾ ഭാവി അന്വേഷണത്തിനായി സൂക്ഷിച്ചുവയ്ക്കണമെന്നും പോലീസ് എക്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എപ്പോഴാണ് ഒരു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ചോദ്യങ്ങൾക്കു മുകളിലായതെന്നും ഒരു ജനാധിപത്യത്തിൽ പ്രധാനമന്ത്രിയിൽനിന്ന് ഉത്തരങ്ങളും ഉത്തരവാദിത്വവും തേടാനുള്ള എല്ലാ അവകാശവും പൗരർക്കുണ്ടെന്നും കോക്രോച്ച് ജനതാ പാർട്ടി പ്രതികരിച്ചു.
ഓൺലൈൻ വിമർശനങ്ങളെ ക്രിമിനൽ കുറ്റകൃത്യമായും പൊതുക്രമത്തിനു ഭീഷണിയായും കണക്കാക്കുന്നതിലൂടെ പ്രധാനമന്ത്രി പൊതുജന പരിശോധനയ്ക്ക് അതീതനാണെന്ന സന്ദേശമാണ് നൽകുന്നതെന്നും സിജെപി കുറ്റപ്പെടുത്തി.