ന്യൂഡൽഹി: കോമൺവെൽത്ത് ഗെയിംസ് 2026-ൽ ഇന്ത്യയ്ക്ക് സുവർണ നേട്ടം! ജൂഡോയിൽ ഇന്ത്യയുടെ വനിതാ താരങ്ങളായ അസ്മിത ദേയും യാമിനി മൗര്യയും ഇന്ത്യയ്ക്കായി രണ്ട് സ്വർണ മെഡലുകൾ സ്വന്തമാക്കി. പുരുഷന്മാരുടെ വിഭാഗത്തിൽ ഫൈനലിൽ പോരാടിയ ഹർഷ് സിംഗ് മികച്ച പ്രകടനത്തോടെ വെള്ളി മെഡലും നേടി. ഇതോടെ ജൂഡോയിലെ കളത്തിലിറങ്ങിയ മൂന്ന് ഇന്ത്യൻ താരങ്ങളും മെഡൽ നേട്ടവുമായി തിളങ്ങി.
ഫൈനലിൽ കടുത്ത പോരാട്ടത്തിനൊടുവിൽ എതിരാളിയെ വീഴ്ത്തിയാണ് അസ്മിത ഇന്ത്യയ്ക്കായി ആദ്യ സ്വർണം നേടിയത്. സെമിയിലെ മികച്ച പ്രകടനം ഫൈനലിലും ആവർത്തിക്കാൻ അസ്മിതയ്ക്കായി. ടൂർണമെന്റിലുടനീളം മികച്ച ഫോം തുടർന്ന യാമിനി, ഫൈനലിലും എതിരാളിക്കുമേൽ പൂർണ ആധിപത്യം പുലർത്തി സ്വർണപ്പതക്കം കഴുത്തിലണിഞ്ഞു.
ഫൈനൽ പോരാട്ടത്തിൽ കടുത്ത വെല്ലുവിളി ഉയർത്തിയെങ്കിലും ഫിനിഷിംഗിൽ കൈവിട്ടതോടെ ഹർഷിന് വെള്ളി മെഡൽ കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജൂഡോയിലെ രണ്ട് സ്വർണവും ഒരു വെള്ളിയും കൂടി ചേർന്നതോടെ കോമൺവെൽത്ത് ഗെയിംസ് 2026-ൽ ഇന്ത്യയുടെ ആകെ മെഡൽ സമ്പാദ്യം 19 ആയി ഉയർന്നു (5 സ്വർണ്ണം, 10 വെള്ളി, 4 വെങ്കലം).