ഏദൻ: യെമൻ സർക്കാരിന്റെ ആസ്ഥാനമായ ഏദനിലെ പ്രസിഡൻഷ്യൽ കൊട്ടാര സമുച്ചയത്തിന് നേരെ ഹൂതി ആക്രമണം. മിസൈൽ-ഡ്രോൺ എന്നിവ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യെമൻ പ്രധാനമന്ത്രി ഷായ അൽ സിന്ദാനിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 16 പേർക്ക് പരിക്കേറ്റതായും യെമൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൊല്ലപ്പെട്ടവരും പരിക്കേറ്റവരും സുരക്ഷാ ഉദ്യോഗസ്ഥരും ജീവനക്കാരുമാണെന്ന് യെമൻ ആരോഗ്യമന്ത്രി ഖാസിം മുഹമ്മദ് ബുഹൈബൈ വ്യക്തമാക്കി. പ്രധാനമന്ത്രിയും മറ്റ് നേതാക്കളും സുരക്ഷിതരാണെന്ന് യെമൻ സർക്കാർ പ്രസ്താവനയിലൂടെ അറിയിച്ചു. കൊട്ടാര സമുച്ചയത്തിലെ സൗദി സൈനിക ഓപ്പറേഷൻസ് സെന്റാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് ഹൂതികൾ വ്യക്തമാക്കി.
2014ൽ യെമന്റെ ഔദ്യോഗിക തലസ്ഥാനമായ സന ഹൂതികൾ പിടിച്ചെടുത്തതിനെത്തുടർന്നാണ് അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ ഏദനെ തങ്ങളുടെ ആസ്ഥാനമാക്കിയത്. സൗദി അറേബ്യയുടെ പിന്തുണയോടെയാണ് യെമൻ സർക്കാർ ഹൂതികളെ നേരിടുന്നത്. പുതിയ ആക്രമണത്തോടെ രാജ്യത്തെ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായിരിക്കുകയാണ്.