തിരുവനന്തപുരം: നഗരമധ്യത്തിൽ പട്ടാപ്പകൽ അയൽവാസിയുടെ വെട്ടേറ്റ് യുവാവ് കൊല്ലപ്പെട്ടു. കൈതമുക്കിന് സമീപം ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ സംഭവത്തിൽ വിശാഖ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ്രദീപിനായി പോലീസ് അന്വേഷണം ആരംഭിച്ചു.
നേരത്തെ പ്രദീപിനെ ആക്രമിച്ച കേസിൽ വിശാഖ് ജയിൽവാസം അനുഭവിച്ചിരുന്നു. ഇതിനുശേഷം പ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് മലയിൻകീഴിലെ ഒരു വീട്ടിലേക്ക് വിശാഖ് താമസം മാറിയിരുന്നു. ഇന്ന് ഭക്ഷണം കഴിക്കാനായി കൈതമുക്കിൽ എത്തിയപ്പോഴാണ് ആക്രമണമുണ്ടായത്.
ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും പ്രദീപ് കൈയിൽ കരുതിയിരുന്ന വാളുകൊണ്ട് വിശാഖിനെ വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിശാഖിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ഒളിവിൽ പോയ പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയെന്ന് പോലീസ് പറഞ്ഞു.