കോഴിക്കോട്: ഗവ. പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അഭിഭാഷക സംഘടനയുടെ ലെറ്റര്‍പാഡ് ഉയര്‍ത്തിക്കാട്ടി വാര്‍ത്താസമ്മേളനം നടത്തിയ മുഖ്യമന്ത്രിയുടെ നടപടി അതീവ ഗൗരവമുള്ളതും സത്യപ്രതിജ്ഞാ ലംഘനത്തിനു തുല്യവുമാണെന്ന് പി.എ. മുഹമ്മദ് റിയാസ് എംഎല്‍എ.
ഭീതിയോ പ്രീതിയോ സ്വജനപക്ഷപാതമോ കൂടാതെ ഭരണഘടനയ്ക്കും നിയമത്തിനും അനുസൃതമായി പ്രവര്‍ത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി, ഒരു സംഘടനയുടെ ലെറ്റര്‍പാഡ് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയമനത്തെ ന്യായീകരിച്ചത് സത്യപ്രതിജ്ഞയുടെ അന്തഃസത്തയ്ക്ക് വിരുദ്ധമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.
പ്ലീഡര്‍ നിയമനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അടിസ്ഥാന ചോദ്യങ്ങള്‍ക്കു മറുപടി നല്കുന്നതിനു പകരം വിഷയം വഴിതിരിച്ചുവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. എബിവിപി, ബിജെപി പശ്ചാത്തലമുള്ള വ്യക്തികള്‍ സര്‍ക്കാര്‍ പ്ലീഡര്‍ പട്ടികയില്‍ എങ്ങനെ ഉള്‍പ്പെട്ടുവെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന് മുഖ്യമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.