തിരുവനന്തപുരം: സംസ്ഥാനത്തു തുടരുന്ന വൈദ്യുതി പ്രതിസന്ധിക്ക് ഒക്ടോബർ മുതൽ ആശ്വാസമാകുമെന്ന് കെഎസ്ഇബി.
വിവിധ കാലയളവുകളിലേക്കായി ഏർപ്പെടുത്തിയ വൈദ്യുതിവാങ്ങൽ കരാറുകളും നിലവിലെ ലഭ്യതയും കണക്കിലെടുക്കുന്പോൾ വരുംമാസങ്ങളിൽ വൈദ്യുതി ക്ഷാമം ഗണ്യമായി കുറയ്ക്കാനാകുമെന്നാണു പ്രതീക്ഷ. ആവശ്യകത ഉയരുന്ന പീക്ക് സമയത്തും അധിക വൈദ്യുതി ഉറപ്പാക്കാൻ കഴിയുന്നു എന്നതാണു കെഎസ്ഇബിയുടെ പ്രധാന ആശ്വാസം.
ഡിസംബർ വരെ പ്രതിദിനം ഏകദേശം 4700 മെഗാവാട്ട് വൈദ്യുതി ലഭ്യമാകുമെന്നാണു കണക്ക്. ആഭ്യന്തര ജലവൈദ്യുതി ഉത്പാദനത്തിലൂടെ 1750 മെഗാവാട്ടും കേന്ദ്ര നിലയങ്ങളിൽനിന്നുള്ള 1800 മെഗാവാട്ടും ദീർഘകാല കരാറുകളിലൂടെ ലഭ്യമാകുന്ന 600 മെഗാവാട്ടും മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 200 മെഗാവാട്ടും ഹ്രസ്വകാല കരാർ വഴി അടുത്ത വർഷം ജൂലൈ വരെ ലഭിക്കുന്ന 200 മെഗാവാട്ടും ഉൾപ്പടെയാണിത്.
ഡിസംബർ വരെ കേന്ദ്രത്തിൽനിന്ന് അധിക വിഹിതമായി 150 മെഗാവാട്ടും ലഭ്യമാകും. ഇതിനു പുറമേ, ഓരോ മാസത്തെയും ആവശ്യകത കണക്കിലെടുത്ത് പ്രത്യേക കരാറുകളിലൂടെയും വൈദ്യുതി ലഭ്യമാക്കുന്നുണ്ട്.
ഒക്ടോബർ മുതൽ ഡിസംബർ വരെ വൈകുന്നേരം അഞ്ചു മുതൽ രാത്രി 10 വരെ 500 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനാണു പ്രധാന കരാർ. പീക്ക് സമയത്തെ ആവശ്യകത നിറവേറ്റുന്നതിന് ഇതു സഹായകമാകും.
ഒക്ടോബറിൽ വൈകുന്ന േരം 6.30 മുതൽ അർധരാത്രി വരെ 88 മെഗാവാട്ടും നവംബറിൽ 240 മെഗാവാട്ടും ഡിസംബറിൽ 384 മെഗാവാട്ടും അധികമായി ലഭിക്കുന്നതിനും കരാറായിട്ടുണ്ട്.