എടത്വ: പച്ച വള്ളപ്പുരയ്ക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞുതാഴ്ന്നു. പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പച്ച ജംഗ്ഷന് മുതല്‍ ചങ്ങങ്കരി കടവുവരെയുള്ള റോഡിന്റെ പ്രധാന പാലമായ വള്ളപ്പുരയ്ക്കല്‍ പാലത്തിന്റെ അപ്രോച്ച് റോഡാണ് ഇടിഞ്ഞുതാഴ്ന്നത്.
തോടിനോടു ചേര്‍ന്നുള്ള അപ്രാച്ച് റോഡിന്റെ കരിങ്കല്‍ ഭിത്തികള്‍ ഇളകിവീണാണ് റോഡ് താഴാന്‍ തുടങ്ങിയത്. കഴിഞ്ഞ പ്രളയകാലത്താണ് കരിങ്കല്‍ ഭിത്തികള്‍ ഇളകി വീഴാന്‍ തുടങ്ങിയത്. കരിങ്കല്‍ ഇളകിയതോടെ റോഡിന്റെ ഉള്ളില്‍നിന്ന് ഗ്രാവലും മെറ്റലും അടര്‍ന്നു തോട്ടിലേക്ക് വീഴുകയാണ്.
ചെക്കിടിക്കാട് പച്ച സര്‍വീസ് സഹകരണ സംഘത്തില്‍ വളം എത്തിക്കുന്നതും ടിപ്പര്‍ ലോറി ഉള്‍പ്പെടെ സര്‍വീസ് നടത്തുന്നതും ഈ പാലത്തിലൂടെയാണ്. അപ്രോച്ച് തകര്‍ന്നാല്‍ പ്രദേശം ഒറ്റപ്പെടുന്ന അവസ്ഥയിലെത്തും. പാലത്തിന്റെ ശോച്യാവസ്ഥ എംഎല്‍എയെ നാട്ടുകാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റെജി ചെറിയാന് എംഎല്‍എ സ്ഥലം സന്ദര്‍ശിച്ചു. അടിയന്തര നടപടികള്‍ സ്വീകരിക്കാമെന്ന് ഉറപ്പു നല്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു വരമ്പത്ത്, ബാബു സേവ്യര്‍, ആന്റണി തിരുനലം, തങ്കച്ചന് മണ്ണാരുപറമ്പ്, ജിജി ചുടുകാട്ടില്‍, ജോപ്പിച്ചന് ചൂരപ്പറമ്പ് എന്നിവര്‍ എംഎല്‍എയ്ക്കൊപ്പം സ്ഥലം സന്ദര്‍ശിച്ചു.