ചങ്ങരംകുളം: പൊന്നാനി ഹാർബർ വളപ്പിൽ അറ്റകുറ്റപ്പണിക്ക് വച്ചിരുന്ന അഞ്ച് ഇരുന്പ് ഗേറ്റുകൾ മോഷണം പോയ കേസിൽ മൂന്നു പേർ കൂടി അറസ്റ്റിലായി. മുഖ്യപ്രതി ടോൾ ജീവനക്കാരൻ ഹുസൈൻ അറസ്റ്റിലായതിന് പിന്നാലെയാണ് മോഷണം നടത്താൻ സഹായിച്ച മൂന്നുപേരെ കൂടി പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തത്. പൊന്നാനിഅഴീക്കൽ സ്വദേശികളായ പാലക്കൽ യൂനസ് (37), പുതിയപുരയിൽ ഉസ്മാൻ (62), ഏഴുകുടിക്കൽ യാസിർ (49)എന്നിവരെയാണ് സിഐ കെ. സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഹാർബർ എൻജിനിയറിംഗ് വകുപ്പ് അസിസ്റ്റന്റ് എൻജിനിയർ പൊന്നാനി പോലീസിൽ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. മോഷണം നടത്തുന്നതിന് സഹായം നൽകിയവരാണ് പിടിയിലായത്. ഇവരെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.
എസ്ഐ ആന്റോ ഫ്രാൻസിസ്, എസ്സിപിഒമാരായ നാസർ, രജിൻ, എസ്. പ്രശാന്ത്കുമാർ, സിപിഒമാരായ ഹരിപ്രസാദ്, ടിജിൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.