കോതമംഗലം: കുട്ടമ്പുഴ ടൗണിനോട് ചേർന്നൊഴുകുന്ന പുഴയിൽ സത്രപ്പടിയിൽ കാട്ടാനക്കൂട്ടം വീണ്ടും നീരാട്ടിനെത്തി. മൂന്നു ദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കാട്ടാനക്കൂട്ടം എത്തിയത് സഞ്ചാരികളിലും കാഴ്ചക്കാരിലും കൗതുകമുണർത്തുമ്പോൾ പ്രദേശവാസികളിൽ ആശങ്ക വർധിക്കുകയാണ്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയോടെ ഇരുപതിലേറെ വരുന്ന ആനക്കൂട്ടം ഇവിടെ പുഴയിൽ നീരാട്ടിനിറങ്ങിയിട്ട് രാത്രിയോടെയാണ് മടങ്ങിയത്. ഇന്നലെ രാവിലെ തന്നെ പതിനഞ്ചോളം വരുന്ന ആനക്കൂട്ടമാണ് ഇവിടെ എത്തിയത്.
അവധി ദിവസമായിരുന്നതിനാൽ സഞ്ചാരികളുൾപ്പെടെയുള്ള കാഴ്ചക്കാരുടെ തിരക്കും ഉണ്ടായിരുന്നു. തുണ്ടം വനത്തിൽ നിന്നുമാണ് കാട്ടാനക്കൂട്ടം എത്തുന്നത്. ആനകൾ പതിവായെത്താൻ തുടങ്ങിയാൽ ഈ അപൂർവ കാഴ്ച കാണാൻ സഞ്ചാരികളുടെ തിരക്കും കൂടും.
ഇന്നലെ പുഴയിലിറങ്ങിയ കുട്ടിയാനകൾ ഉൾപ്പെടെയുള്ള കൂട്ടം ഏറെ നേരം വെള്ളത്തിൽ കുളിക്കുകയും കളിക്കുകയും ചെയ്തു. ആനകൾക്ക് ഏറെ പ്രിയപ്പെട്ട ഒരിനം പായൽ ഇവിടെ ധാരാളമായി ഉള്ളതിനാലാണ് ആനക്കൂട്ടം പതിവായി ഈ ഭാഗത്തേക്ക് എത്തുന്നതെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ.
ധാരാളം വഴിയാത്രക്കാരും വിനോദസഞ്ചാരികളും നാട്ടുകാർക്കൊപ്പം മൊബൈൽ ഫോണുകളിൽ ദൃശ്യങ്ങൾ പകർത്താൻ തടിച്ചുകൂടിയിരുന്നു. എന്നാൽ ആനകൾ ടൗണിനോട് ചേർന്ന് കൂട്ടമായി എത്തുന്നത് നാട്ടുകാരിൽ ആശങ്കയും വർധിപ്പിക്കുന്നുണ്ട്.അവ ഏത് സമയത്തും ടൗണിലേക്ക് ഉൾപ്പെടെ ജനവാസ മേഖലയിലേക്ക് കടന്നുകയറുമോ എന്ന ഭയമാണ് നാട്ടുകാർക്ക്.