Kerala
കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 30 സീറ്റുകൾ പിടിക്കണമെന്ന ആവശ്യവുമായി ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ. 30 സീറ്റുകളിൽ വിജയിക്കാവുന്ന സാഹചര്യമാണ് കേരളത്തിലുള്ളതെന്നും ഈ ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ നിതിൻ നവീൻ, കൊച്ചിയിൽ നടന്ന പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിനായി പ്രവർത്തകർ ബൂത്തുതല പ്രവർത്തനങ്ങളിൽ പൂർണമായും കേന്ദ്രീകരിക്കണം. എല്ലാ നേതാക്കളും അവരവരുടെ സ്വന്തം ബൂത്തുകളിൽ പാർട്ടിയുടെ ലീഡ് ഉറപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു.
Kerala
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തെ താൻ നയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മത്സരിക്കുമോ എന്നു മുഖ്യമന്ത്രി വ്യക്തമാക്കിയില്ല. പത്തനംതിട്ട സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടായെങ്കിലും എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്ന ഭവന സന്ദർശനം പ്രതിസന്ധികൾ മാറ്റും. തുടർഭരണം ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി തന്നെ പ്രചാരണത്തെ നയിക്കുമെന്ന് നേരത്തെ സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബിയും വ്യക്തമാക്കിയിരുന്നു. ടീമിന്റെ നായകനും മുഖ്യമന്ത്രിയായിരിക്കും. ഭരണത്തുടർച്ചയുണ്ടായാൽ ഭരണകർത്താക്കളെ സംബന്ധിച്ച് അപ്പോൾ തീരുമാനിക്കുമെന്നും ബേബി വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫ് ചവിട്ടി പുറത്താക്കിയപ്പോൾ സംരക്ഷിച്ചത് പിണറായി വിജയനാണെന്ന് ചെയർമാൻ ജോസ് കെ. മാണി. ഇറക്കിവിട്ട സ്ഥലത്തേക്ക് എങ്ങനെ പോകണമെന്നും ജോസ് ചോദിച്ചു. എൽഡിഎഫിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യുഡിഎഫ് പ്രവേശനം തുറക്കാത്ത അധ്യായമാണെന്നും ജോസ് വ്യക്തമാക്കി. യുഡിഎഫ് നേതാക്കളുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ 13 സീറ്റ് ആവശ്യപ്പെടുമെന്ന് ജോസ് പറഞ്ഞു.
എൽഡിഎഫ് മധ്യമേഖല ജാഥ ജോസ് കെ. മാണി നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണപക്ഷത്തെങ്കിലും ചില വിഷയങ്ങളിൽ കേരള കോണ്ഗ്രസ് എം വേറിട്ട നിലപാട് എടുത്തു. ചില കാര്യങ്ങളിൽ പ്രതിപക്ഷത്തെക്കാൾ കൂടുതൽ എതിർപ്പ് ഉയർത്തി.
വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ടത് കേരള കോണ്ഗ്രസാണ്. മുനമ്പം വിഷയത്തിലും ആദ്യം ഇടപെട്ടത് കേരള കോണ്ഗ്രസ് എം ആണ്. ഒരു വിഷയത്തിൽ ഇടപെടുന്പോൾ ആ വിഷയത്തിൽ പരിഹാരം കാണുന്നതുവരെ അതിൽ ഉറച്ചുനിൽക്കുമെന്നും ജോസ് കൂട്ടിച്ചേർത്തു.
District News
കണ്ണൂർ: 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും (ഇവിഎം) വിവിപാറ്റുകളുടെയും ഒന്നാംഘട്ട പരിശോധന (എഫ്എൽസി) ഇന്നു രാവിലെ ഒന്പത് മുതൽ കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ ഇവിഎം വെയർ ഹൗസിൽ ആരംഭിക്കും. ഓരോ തെരഞ്ഞെടുപ്പിനും മുമ്പ് ഉപയോഗിക്കേണ്ട ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പരിശോധന ബന്ധപ്പെട്ട നിർമാതാവിന്റെ അംഗീകൃത എൻജിനിയർമാർ, ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ മേൽനോട്ടത്തിലാണ് നടത്തുന്നത്.
എഫ്എൽസി പാസായ ഇവിഎമ്മുകളും വിവിപാറ്റുകളും മാത്രമേ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുകയുള്ളൂ. എഫ്എൽസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഇവിഎം മാനുവലിൽ പരാമർശിച്ചിട്ടുണ്ട്. ഇത് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ (https:// www. eci.gov.in/evm-vvpat) ലഭ്യമാണ്. ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ അനുസരിച്ച് ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും എഫ്എൽസി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് ഇലക്ടറൽ ഓഫീസർ, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നീ തലങ്ങളിൽ എഫ്എൽസി പ്രക്രിയ നിരീക്ഷിക്കപ്പെടുന്നതാണ്. എഫ്എൽസിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വീക്ഷിക്കുന്നതിന് അംഗീകൃത ദേശീയ, സംസ്ഥാന രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് അറിയിപ്പ് നല്കിയിട്ടുണ്ട്.