ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക ഔദ്യോഗികമായി പുറത്തിറക്കി. വിളവങ്കോട് മണ്ഡലത്തിൽ ടി.ടി. പ്രവീണിനെയാണ് പാർട്ടി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സിഎസ്ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറിയാണ് ടി.ടി. പ്രവീൺ.
മണ്ഡലത്തിൽ വർഷങ്ങളായി കോൺഗ്രസ് പ്രതിനിധിയായിരുന്ന വിജയധരണി ബിജെപിയിൽ ചേർന്നതോടെ ഉണ്ടായ വിടവ് നികത്താൻ ശക്തനായ ഒരു സ്ഥാനാർത്ഥി ആവശ്യമായിരുന്നു. വിജയധരണി ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ, സമുദായ വോട്ടുകൾ ബിജെപിയിലേക്ക് പോകാതെ തടയാൻ പ്രവീണിനെപ്പോലൊരാൾക്ക് സാധിക്കുമെന്ന് പാർട്ടി കരുതുന്നു.
കേരളത്തോടും തമിഴ്നാടിനോടും ഒരുപോലെ ബന്ധപ്പെട്ടു കിടക്കുന്ന മണ്ഡലമാണ് വിളവങ്കോട്. മലയാളം സംസാരിക്കുന്നവരും തമിഴ് സംസാരിക്കുന്നവരും ഇവിടെ ധാരാളമുണ്ട്. തിരുവനന്തപുരം ആസ്ഥാനമായുള്ള മഹായിടവകയുടെ സെക്രട്ടറിയെന്ന നിലയിൽ ഇരുഭാഷക്കാരോടും സംവദിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് അതിർത്തി മേഖലകളിൽ ഗുണകരമാകും.
Tags : Tamil Nadu Assembly elections Congress candidate list T.T. Praveen Latest News