കുണ്ടറ : പരാതി അന്വേഷിക്കാനെത്തിയ എഎസ്ഐയെ ആക്രമിച്ചു പ്രതി രക്ഷപ്പെട്ടു. കിഴക്കേ കല്ലട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ചവറ സ്വദേശിയായ ബിജുവിനെ ആക്രമിച്ചിട്ടാണ് പതിനെട്ടുവയസുള്ള ജോമോൻ രക്ഷപ്പെട്ടത്.
ജോമോനെതിരേ നിരവധി പരാതികൾ പോലീസ് സ്റ്റേഷനിൽ ലഭിച്ചതോടെയാണ് പോലീസ് ജോമോനെ അന്വേഷിച്ചു വീട്ടിലെത്തിയത്. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. എഎസ്ഐയോട് പരാതിക്കു തെളിവുണ്ടോ എന്നു ചോദിച്ചു അടിക്കുകയായിരുന്നു. എന്നിട്ട് ഇരുട്ടിൽ മറഞ്ഞു. പ്രതിയെ ഇതുവരെ പിടിച്ചിട്ടില്ല.
കല്ലട മേഖലയിലെ സ്ഥിരം ഒരു പ്രശ്നക്കാരനാണ് പ്രതിയെന്നാണ് പോലീസ് പറയുന്നത്. രാത്രികാലങ്ങളിൽ വീടുകളിൽ ഒളിഞ്ഞു നോക്കുക, കയറി പതിയിരിക്കുക, സ്ത്രീകളെ അവരുടെ റൂമിൽ കയറി ശല്യം ചെയ്യുക തുടങ്ങി നിരന്തരം പൊതുജനങ്ങൾക്ക് ശല്യമായ വ്യക്തിയാണ് ഇയാൾ. കുറെ നാളുകളായി പ്രായപൂർത്തിയാകാത്തതിന്റെ പേരിൽ രക്ഷപ്പെട്ടു നിൽക്കുകയായിരുന്നു പ്രതി.
എന്നാൽ ഇപ്പോൾ പ്രായപൂർത്തിയായ പ്രതിക്കെതിരേ ലഭിച്ചതോടെയാണ് പോലീസ് രംഗത്തിറങ്ങിയത്.
ഇതിനുമുമ്പും വലിയ മതിലുകളും ഇരുനില വീടിന്റെ മുകളിൽ നിന്നും ഒക്കെ ചാടിയ പ്രതിയുടെ വിഷയം പൊതുസമൂഹത്തിലും വാർത്താമാധ്യമങ്ങളിലും ചർച്ചയായിരുന്നു. സ്പൈഡർമാനെ പോലെയാണ് ഇയാളുടെ രീതി എന്നാണ് പോലീസുകാർ വിശേഷിപ്പിക്കുന്നത്. എന്തായാലും പ്രതി ഇപ്പോഴും കാണാമറയത്താണ്. എഎസ്ഐയുടെ വലതു കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.