തിരുവനന്തപുരം: സംസ്ഥാനത്തേക്കു നിക്ഷേപകരെ ആകർഷിക്കാൻ ഇൻവെസ്റ്റ് കേരളം പദ്ധതി ബജറ്റിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ ഭൂമി, നിയമപരമായ വിവിധ അനുമതികൾ നിക്ഷേപാനന്തര പിന്തുണ എന്നിവയ്ക്ക് ഓരോ ഘട്ടത്തിലും സഹായമൊരുക്കുന്ന ഒരു ഏകജാലക സംവിധാനമായിരിക്കും ഇൻവെസ്റ്റ് കേരളം സെൽ.
സംസ്ഥാനത്തെ ഭൂമി ഏറ്റെടുക്കലിൽ നേരിടുന്ന തടസങ്ങൾ പരിഹരിക്കുന്നതിന് സമയബന്ധിതമായി സത്വര നടപടികൾ സ്വീകരിക്കുന്നതിനുള്ള മാർഗരേഖയായി പ്രോജക്ട് ഇംപ്ലിമെന്റ് പ്രോട്ടോക്കോൾ നടപ്പാക്കും. പദ്ധതി നിർവഹണം വേഗത്തിലാക്കുന്നതിലൂടെയും നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിലൂടെയും വ്യാവസായിക വൈവിധ്യവത്കരണത്തിനും സാങ്കേതികവിദ്യയുടെ കൈമാറ്റത്തിനും സുസ്ഥിര സാന്പത്തിക വളർച്ചയ്ക്കും ഇത് സഹായകരമാകും.
നിക്ഷേപത്തിന് തയാറാക്കുന്ന പദ്ധതികൾ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ കേരളത്തിന്റെ ദീർഘകാല വികസന ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതും വിവിധ മേഖലകളിൽ മുൻഗണനാടിസ്ഥാനത്തിൽ നിക്ഷേപം ആകർഷിക്കുന്നതുമായ പ്രവർത്തനങ്ങൾ ഈ സംവിധാനം വഴി ഏറ്റെടുക്കും.
മുഖ്യമന്ത്രി അധ്യക്ഷനും വ്യവസായ മന്ത്രി ഉപാധ്യക്ഷനുമായ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി കൗണ്സിൽ രൂപീകരിക്കും. സർക്കാരിന്റെ നിക്ഷേപ പ്രോത്സാഹന സംവിധാനങ്ങളിൽ കൂടുതൽ പ്രഫഷണലിസം കൊണ്ടുവരുന്നതിനും പുതുയുഗ കേരളത്തിനു വഴിയൊരുക്കുന്നതിനും ഇത് ഒരു നിർണയക ചുവടുവയ്പ്പായിരിക്കുമെന്നും മുഖ്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
സംസ്ഥാനവ്യാപകമായി 10,000 സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ( എംഎസ്എംഇ) ആരംഭിക്കുന്നതിന് ആവശ്യമായ സഹായം നൽകുന്ന സമഗ്ര പദ്ധതിയായ കേരള എംഎസ്എംഇ ഗ്രോത്ത് സ്കീമിന് സർക്കാർ രൂപംനൽകും. ഇവർക്ക് നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സംരംഭങ്ങൾ ആരംഭിക്കുവാനുമുള്ള സഹായവും പ്രോത്സാഹനവും ടാക്സ് ഇൻസെന്റീവും സർക്കാർ നൽകും.
സാന്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സംരംഭകർക്ക് റിവോൾവിംഗ് ഫണ്ട്, ടെക്നോളജി ഫണ്ട്, ചലഞ്ച് ഫണ്ട് എന്നിവ ലഭ്യമാക്കും. ഈ പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.