തിരുവനന്തപുരം: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ബാറുകൾ പൂട്ടിയെന്നത് വെറും വാട്സ്ആപ്പ് യൂണിവേഴ്സിറ്റി കഥ മാത്രമാണെന്ന് മുൻ മന്ത്രി എം.ബി. രാജേഷ്. സൈബർ പോരാളികൾ പറഞ്ഞുനടക്കുന്ന ഇത്തരം കള്ളങ്ങൾ മുഖ്യമന്ത്രി നിയമസഭയിൽ പറയുന്ന കഷ്ടമാണെന്നും അദ്ദേഹം വിമർശിച്ചു.
ഉമ്മൻ ചാണ്ടിയുടെ കാലത്ത് സംസ്ഥാനത്ത് 748 ബാർ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നു. അക്കാലത്ത് അബ്കാരി നയത്തിൽ മാറ്റം വരുത്താൻ കാരണം ബാർ കോഴ ആരോപണവും വി.എം. സുധീരനുമായുള്ള കടുത്ത രാഷ്ട്രീയ പോരാട്ടവുമായിരുന്നു.
സുധീരനെ തോൽപ്പിക്കാനുള്ള വാശിയുടെ പുറത്താണ് ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷനുള്ള 29 ബാറുകൾ ഒഴികെയുള്ളവയുടെ ലൈസൻസ് റദ്ദാക്കിയത്. എന്നാൽ ലൈസൻസ് നഷ്ടപ്പെട്ട എല്ലാ ബാറുകൾക്കും ബിയർ-വൈൻ പാർലറുകൾ അനുവദിച്ചു.
അഴിമതി ആരോപണത്തിൽ നിന്ന് തടിയൂരാനാണ് അന്നത്തെ സർക്കാർ ഇത് ചെയ്തത്. ഉമ്മൻ ചാണ്ടി സർക്കാർ അധികാരം ഒഴിയുമ്പോൾ കേരളത്തിൽ 813 ബിയർ വൈൻ പാർലറുകളും 306 ബെവ്കോ ഔട്ട്ലെറ്റുകളും സജീവമായി പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
പിന്നീട് വന്ന എൽഡിഎഫ് ഗവൺമെന്റ് ചെയ്തത് ഉമ്മൻ ചാണ്ടിയുടെ കാലത്ത് ബിയർ വൈൻ പാർലറുകളാക്കി മാറ്റിയ ബാറുകൾ ത്രീ സ്റ്റാർ ക്ലാസിഫിക്കേഷൻ കൈവരിച്ചപ്പോൾ അവയ്ക്ക് ലൈസൻസ് പുതുക്കി നൽകുക മാത്രമാണ്. ഇത് ഒരു നിയമപരമായ ബാധ്യതയായിരുന്നു.
അല്ലാതെ പുതിയ ബാറുകൾ വാരിക്കോരി നൽകിയതല്ല. പത്ത് വർഷം മുൻപ് 813 മദ്യശാലകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 896 എണ്ണം മാത്രമാണുള്ളത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള അന്ന് എല്ലാം പൂട്ടി, ഇപ്പോൾ എല്ലാം തുറന്നു എന്ന പ്രചാരണം പൂർണമായും വസ്തുതാവിരുദ്ധമാണെന്നും എം.ബി രാജേഷ് കൂട്ടിച്ചേർത്തു.