Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടരവയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച് യുവാവ്. സംഭവത്തിൽ അയിലം സ്വദേശി സജിക്കെതിരെ പോലീസ് കേസെടുത്തു.
കുഞ്ഞിന്റെ തല ചുമരിലിടിച്ചതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. ക്രൂരമായ മർദനമാണ് ഭാര്യയ്ക്കും കുഞ്ഞിനും നേരെ ഉണ്ടായിരിക്കുന്നത്.
അയിലം നെല്ലിമൂട് സ്വദേശിയായ സജി കഴിഞ്ഞ ബുധനാഴ്ച രാത്രി 11 ഓടെയാണ് വീട്ടിലെത്തി ഭാര്യയെയും കുഞ്ഞിനെയും ഉപദ്രവിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് നാല് വർഷമായി. ഇക്കാലമത്രയും യുവതിയെ ഇയാൾ പല കാരണങ്ങൾ പറഞ്ഞ് ഉപദ്രവിച്ചിരുന്നതായി പരാതിയിൽ പറയുന്നു.
സൗന്ദര്യം കുറഞ്ഞു, സ്ത്രീധനം കുറഞ്ഞു എന്നിങ്ങനെയാണ് സജി പറയുന്ന കാരണങ്ങൾ. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ സജി അക്രമാസക്തനായി അവിടെയുണ്ടായിരുന്ന വാളിന്റെ പിടി ഉപയോഗിച്ച് യുവതിയുടെ തലയ്ക്കും മുതുകിനും ഇടിച്ചു പരിക്കേൽപിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
രണ്ടരവയസുള്ള കുഞ്ഞിനെ ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞു, കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അതിക്രമത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
Kerala
കൊച്ചി: അയ്യപ്പന്കാവില് പിതൃസഹോദരനെ വാഹനം ഇടിപ്പിച്ചു കൊല്ലാന് ശ്രമിച്ച കേസില് അറസ്റ്റിലായ അഭിജിത്ത് അമ്മയെ മര്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പെണ്സുഹൃത്തിനെ വിവാഹം ചെയ്യാന് സമ്മതിക്കാത്തതിനെ തുടര്ന്നാണ് അഭിജിത്തിന്റെ പരാക്രമം.
കഴിഞ്ഞ മാസം 21ന് ആണ് അഭിജിത്ത് അമ്മയെ മര്ദിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അമ്മയെ മര്ദിച്ച സംഭവത്തില് എറണാകുളം നോര്ത്ത് പോലീസ് നേരത്തെ കേസെ
ടുത്തെങ്കിലും അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചിരുന്നു.
എറണാകുളം പച്ചാളത്ത് ട്രാവല് ഏജന്സി നടത്തുകയാണ് അഭിജിത്ത്. വിവാഹമോചിതയും ഒരു കുഞ്ഞിന്റെ അമ്മയുമായ യുവതിയുമായി അഭിജിത് പ്രണയത്തിലാണ്. എന്നാല് ഈ വിവാഹത്തെ കുടുംബം എതിര്ത്തതാണ് ക്രൂരതയ്ക്ക് കാരണം. വെള്ളിയാഴ്ച രാവിലെയാണ് അയ്യപ്പന്കാവ്-ചിറ്റൂര് റോഡില് വച്ച് സ്കൂട്ടറില് സഞ്ചരിക്കുകയായിരുന്ന പിതൃസഹോദരന് സത്യപാലനെ കാറിടിപ്പിച്ച് കൊല്ലാന് അഭിജിത്ത് ശ്രമിച്ചത്.
Kerala
തിരുവനന്തപുരം: ക്ഷേത്രത്തിന് സമീപം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, ചോദ്യം ചെയ്ത യുവാവിനെ മർദിക്കുകയും ചെയ്ത സംഘം അറസ്റ്റിൽ.
മൺവിള സ്വദേശി അനസ് .എൻ (21), പാങ്ങപ്പാറ സ്വദേശികളായ അഫ്സൽ (21), അദ്വൈത് (20), ചാവടിമുക്ക് സ്വദേശി അബുബേക്കർ സിദിഖ് (19) എന്നിവരാണ് പിടിയിലായത്.
ഞായറാഴ്ച വൈകുന്നേരം ആറ്റിപ്ര, കുഴിവിള, നാലാഞ്ചിറ ശ്രീഭഗവതി ക്ഷേത്രത്തിനു സമീപമാണ് സംഭവം. സംഘം ചേർന്നെത്തിയ പ്രതികൾ ആളുകളുമായി വഴക്കുണ്ടാക്കുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇത് ചോദ്യം ചെയ്ത യുവാവിനെ ഇരുമ്പ് കമ്പികൊണ്ട് തലയിൽ അടിക്കുകയും ക്രൂരമായി മർദിക്കുകയുമായിരുന്നു.
പിന്നീട് നാട്ടുകാർക്ക് നേരെ തോക്കും വാളും കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Kerala
തിരുവനന്തപുരം: യുവാവിനെ ക്രൂരമായി മർദിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ. ബീമാപള്ളി സ്വദേശി ഇനാദ് മുഹമ്മദ് (24) ആണ് പിടിയിലായത്.
മുൻവൈരാഗ്യത്തെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പെോലീസ് പറയുന്നു. പൂന്തുറ ബീമാപള്ളി സ്വദേശിയായ യുവാവിനെ വഴിയിൽ വച്ച് ഇനാദ് തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയും ചെയ്തു.
തർക്കമായതോടെ യുവാവിനെ സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ക്രൂരമായി മർദിക്കുകയും കൈവശമുണ്ടായിരുന്ന പണവും മൊബൈൽ ഫോണും കവർന്ന ശേഷം പ്രതി കടന്നുകളയുമായിരുന്നു.അറസ്റ്റിലായ ഇനാദ് മുഹമ്മദ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
പൂന്തുറ, വലിയതുറ, വഞ്ചിയൂർ പോലീസ് സ്റ്റേഷനുകളിലായി കൊലപാതകം, ലഹരി മരുന്ന് വിൽപന, അക്രമം തുടങ്ങിയ അഞ്ചോളം കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് കൂട്ടുപ്രതികളായ ഖാദർ, സഹീർ എന്നിവരെ പോലീസ് നേരത്തെ തന്നെ പിടികൂടിയിരുന്നു.
Kerala
കൊച്ചി: വല്ലാര്പാടത്ത് ജൂതനടപ്പില് അച്ഛനെ അതിക്രൂരമായി മര്ദിച്ച മകനെതിരെ മുളവുകാട് പോലീസ് കേസ് എടുത്തു. ജൂതനടപ്പ് സ്വദേശിയായ പുരുഷനാണ് (68) മര്ദനമേറ്റത്. മകന് പ്രവീണിന് (42) എതിരെയാണ് പോലീസ് കേസ് എടുത്തത്.
പോലീസ് കേസ് എടുത്തതോടെ പ്രവീണ് ഒളിവില് പോയി. ഞായറാഴ്ച പുരുഷനെ തല്ലുന്ന പ്രവീണിന്റെ വീഡിയോ പുറത്തു വന്നിരുന്നു.
ക്രൂരമായി മര്ദനമേറ്റ പുരുഷന് ആശുപത്രിയില് ചികിത്സ തേടിയിരുന്നു. ലോട്ടറി വില്പ്പനക്കാരനാണ് പുരുഷന്. പിതാവിനെ മര്ദിച്ച കേസില് പ്രവീണിനെതിരെ മുമ്പും മുളവുകാട് പോലീസ് കേസ് എടുത്തിരുന്നു.
അറസ്റ്റിലായ പ്രവീണിനെ പിതാവ് തന്നെയായിരുന്നു ജാമ്യത്തില് ഇറക്കിയത്. പ്രവീണിനെതിരെ ആറോളം കേസുകള് നിലവിലുണ്ട്.
Kerala
മലപ്പുറം: പെരിന്തല്മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെ സ്വകാര്യ പരിശോധനാ കേന്ദ്രത്തില് പൂട്ടിയിട്ട് മര്ദിച്ച സംഭവത്തിൽ നാല് സ്ത്രീകൾ പിടിയിൽ. കോട്ടോപ്പാടം സ്വദേശികളായ ടി.ജുമൈല (36), എ.കെ.കദീജ (45), എ.കെ.ഷഹര്ബാന് (33), ആനമങ്ങാട് സ്വദേശി ആസ്യ (36) എന്നിവരാണ് അറസ്റ്റിലായത്.
പെരിന്തല്മണ്ണ ജില്ലാ ആശുപത്രിക്ക് സമീപം ഡോ. സിനി ജലീല് പ്രാക്ടീസ് നടത്തുന്ന സ്വകാര്യ പരിശോധന കേന്ദ്രത്തില് വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. പ്രതികളുടെ ബന്ധുവായ 31 കാരിയെ ഗര്ഭാവസ്ഥയില് പെരിന്തല്മണ്ണ ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു.
എന്നാൽ ആരോഗ്യനില മോശമായതോടെ അവിടെനിന്ന് റഫര് ചെയ്തിരുന്നു. പിന്നീട് പെരിന്തല്മണ്ണ മൗലാന ആശുപത്രിയില്വെച്ച് യുവതി മരിച്ചിരുന്നു. തുടർന്ന് നാലു സ്ത്രീകൾ ചേർന്ന് ഡോക്ടറെ റൂമിൽ പൂട്ടിയിട്ട് മര്ദിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: വലിയതുറയിൽ യുവാവിനെ സംഘം ചേർന്ന് മർദിച്ച് പണവും ഫോണും കവർന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു.
ബീമാപള്ളി യു.പി സ്കൂളിന് സമീപം താമസക്കാരനായ അബ്ദുൾ ഖാദർ (32), വള്ളക്കടവ് എം.ആർ പാലസിന് സമീപം വലിയവിളാകം പുരയിടത്തിൽ സഹീർഖാൻ (25) എന്നിവരെയാണ് വലിയതുറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് 17-ന് വലിയതുറ പാലത്തിന് സമീപമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പരാതിക്കാരനായ യുവാവിനെ തടഞ്ഞുനിർത്തിയ പ്രതികൾ അസഭ്യം പറയുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. തുടർന്ന് യുവാവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും പോക്കറ്റിലുണ്ടായിരുന്ന 4000 രൂപയും ഇവർ കവർന്നു.
കൂടാതെ, കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവാവിനെക്കൊണ്ട് എം.ഡി.എം.എ ഉപയോഗിപ്പിക്കാൻ നിർബന്ധിച്ചതായും പരാതിയിൽ പറയുന്നു. സിറ്റി ഡാൻസാഫ് സംഘം ബീമാപള്ളി ഭാഗത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരെ പിന്നീട് വലിയതുറ സ്റ്റേഷന് കൈമാറി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Kerala
കൊച്ചി: പാലക്കാട് അട്ടപ്പള്ളത്ത് ജാര്ഖണ്ഡ്സ്വദേശിയായ അന്യസംസ്ഥാന തൊഴിലാളിയായ രാംനാരായണനെ മര്ദിച്ചുകൊന്ന കേസിലെ എട്ടു പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി.
പ്രതികൾ മൂന്ന് ദിവസത്തിനകം കോടതിയില് കീഴടങ്ങണമെന്നും അല്ലാത്തപക്ഷം അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്നും ജസ്റ്റീസ് എ. ബദറുദ്ദീന് ഉത്തരവിട്ടു.
അട്ടപ്പള്ളം സ്വദേശികളുമായ അനു, ആനന്ദന്, രാജേഷ്, ഷാജി, ജഗദീഷ് കുമാര്, പ്രസാദ്, മുരളി, വിപിന് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്.
Kerala
കൊല്ലം: കോടാലി കൈ ഉപയോഗിച്ച് പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. പട്ടാഴി മീനം ചരുവിള വീട്ടിൽ രാജു(48 ) ആണ് അറസ്റ്റിലായത്.
കുന്നിക്കോട് പോലീസ് ആണ് രാജുവിനെ അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു കുട്ടിയെയും ഭാര്യയെയും മർദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. സഹോദരന്റെ ചികിത്സ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു.
മർദനമേറ്റ കുട്ടിയും ഇളയ സഹോദരനും മാത്രമായിരുന്നു സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. ഈ സമയം മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ ക്രൂരമായി മർദിച്ചു. കോടാലിയുടെ കൈ ഉപയോഗിച്ചാണ് ശരീരമാസകലം മർദ്ദിച്ചത്.
മർദനമേറ്റ കുട്ടിയുടെ കാലിലും കൈയ്ക്കും പുറത്തുമെല്ലാം ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് മർദന വിവരം പുറത്തായത്. അയൽവാസികൾ പ്രതിയെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു.
നാട്ടുകാർ ചേർന്നാണ് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളില് പോലീസുകാരനെ എസ്എഫ്ഐ പ്രവര്ത്തകര് മര്ദിച്ച സംഭവത്തില് റിപ്പോര്ട്ട് തേടി സിറ്റി പോലീസ് കമ്മീഷണര് കെ. കാര്ത്തിക്. പോലീസുകാരനും സഹോദരിക്കുമെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തതില് വിശദീകരണം നല്കാനും നിര്ദേശമുണ്ട്.
ഔദ്യോഗിക ജോലിക്കിടയില് ഉണ്ടായ പ്രശ്നങ്ങളുടെ പേരില് പോലീസുകാരെ ആക്രമിക്കാന് സമ്മതിക്കില്ലെന്നും പ്രതികരണമുണ്ട്. അന്വേഷണ റിപ്പോര്ട്ടിന് ശേഷം ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കുമെന്നാണ് വിവരം.
ഇരുകൂട്ടരില് നിന്നും പരാതി ലഭിച്ചു. ഉദ്യോഗസ്ഥനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനെന്ന് പരിശോധിക്കും. അടിയന്തരമായ നടപടി സ്വീകരിക്കും. ഡ്യൂട്ടിയുടെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി ഉപദ്രവിച്ചാല് അടിയന്തര നടപടി ഉണ്ടാകും.
പോലീസ് ഉദ്യോഗസ്ഥനെതിരെ മുന്കാലത്ത് പരാതി ലഭിച്ചിട്ടുണ്ട്. അത് വിശദമായി പരിശോധിക്കും. എസ്എഫ്ഐ പ്രവര്ത്തകര്ക്കെതിരായ പരാതിയിലും വൈകാതെ നടപടി സ്വീകരിക്കുമെന്നും കാര്ത്തിക് പറഞ്ഞു.
Kerala
കൊച്ചി: പോലീസ് ഉദ്യോഗസ്ഥർ യുവാക്കളെ മർദിച്ച സംഭവത്തിൽ കേസെടുത്ത് മുളവുക്കാട് പോലീസ്. പോലീസുകാർ സഞ്ചരിച്ച സ്വകാര്യ വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് എഫ്ഐആറിൽ പറയുന്നത്.
വൈപ്പിൻ സ്വദേശികളായ നിതിൻ, നെസ്റ്റൺ എന്നിവർക്കാണ് മർദനമേറ്റത്. വ്യാഴാഴ്ച വൈകീട്ടാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. സ്വകാര്യ വാഹനത്തിൽ അതിവേഗത്തിൽ വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈ കാണിച്ചതിനെ തുടർന്ന് മർദിച്ചു എന്നാണ് പരാതി.
ഞാറക്കൽ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മർദിച്ചത് എന്നും പരാതിക്കാർ പറയുന്നു. പോലീസുകാർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റൂറൽ എസ്പി നിർദ്ദേശം നൽകിയത് അനുസരിച്ച് മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണ റിപ്പോർട്ട് കൈമാറും.
അതേസമയം കുറ്റാരോപിതരായ പോലീസുകാർ യുവാക്കൾക്കെതിരെയും പരാതി നൽകിയിട്ടുണ്ട്.
Kerala
തിരുവനന്തപുരം: നഗരൂരിൽ എസ്ഐയെ പോലീസുകാരനും നാട്ടുകാരും സംഘം ചേർന്ന് മർദിച്ചു. നഗരൂരിൽ വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. നഗരൂർ എസ്ഐ അൻസറിനെയാണ് പള്ളിക്കൽ സ്റ്റേഷനിലെ സിപിഓ ചന്ദുവും സഹോദരനും ചില നാട്ടുകാരും ചേർന്ന് മർദിച്ചത്.
നഗരൂരിൽ ക്ഷേത്രം ഉത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയ ചന്ദു അടക്കം ഉള്ളവരെ പോലീസ് പിടിച്ചു മാറ്റിയിരുന്നു. ഗാനമേള കഴിഞ്ഞ ശേഷം ചന്ദുവും സഹോദരനും നാട്ടുകാരും ചേർന്ന് പോലീസുകാരെ ആക്രമിക്കുകയായിരുന്നു.
എസ്ഐ അൻസറിനെ ഓടയിലേക്ക് തള്ളിയിട്ടു. ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് തന്നെ ചന്ദുവും സഹോദരനും അടക്കം മൂന്ന് പേരെ പോലീസ് കസ്റ്റടിയിലെടുത്തു. ഇവർക്കെതിരെ പോലീസിനെ ആക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും കേസെടുത്തു.
Kerala
പാലക്കാട്: കിടക്കയിൽ മൂത്രം ഒഴിച്ചെന്ന് ആരോപിച്ച് അഞ്ച് വയസുകാരിക്ക് ക്രൂരമർദനം. പാലക്കാട് കഞ്ചിക്കോടാണ് സംഭവം.
സംഭവത്തിൽ കുട്ടിയുടെ രണ്ടാനമ്മയായ കഞ്ചിക്കോട് കിഴക്കേമുറിയിലെ താമസക്കാരി ബീഹാർ സ്വദേശിനി നൂർ നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു. വാളയാർ പോലീസാണ് അറസ്റ്റ് ചെയ്തത്.
ഇവർ കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളലേൽപ്പിച്ചെന്നാണ് പരാതി. കുട്ടി പഠിച്ചിരുന്ന അങ്കണവാടിയിലെ അധ്യാപികയാണ് പൊള്ളലേറ്റ് സംഭവം കണ്ടെത്തിയത്. ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്ത പോലീസ് പ്രതിയെ റിമാൻഡ് ചെയ്തു.
District News
മെഡിക്കല്കോളജ്: ദേവസ്വം ബോര്ഡിന്റെ ഉടമസ്ഥതയിലുള്ള ഉള്ളൂര് ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ആനയായ ഉള്ളൂര് കാര്ത്തികേയനെ മര്ദിച്ച സംഭവത്തില് വാദപ്രതിവാദങ്ങള് കൊഴുക്കുന്നു.
സംഭവത്തിൽ തങ്ങളെ കരുവാക്കാന് ഒപ്പമുള്ളവര് കെട്ടിച്ചമച്ചതാണ് ആനയെ മര്ദിച്ചുവെന്ന ആരോപണമെന്നാണു പാപ്പാനായ വിഷ്ണു ഉള്പ്പെടെയുള്ളവര് പറയുന്നത്. തങ്ങള് കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്നവരാണെന്ന് ആരോപിച്ചും സ്വഭാവദൂഷ്യം ആരോപിച്ചും ആനയെയും തങ്ങളെയും മോശക്കാരായി ചിത്രീകരിക്കുകയാണ് ഇവര് ചെയ്യുന്നത്. തങ്ങള് മദ്യവും കഞ്ചാവും ഉപയോഗിക്കുന്നവരല്ലെന്നും ആനയെ നന്നായി പരിചരിക്കുന്നവരാണെന്നും ഇവര് പറയുന്നു.
സംഭവദിവസം ആനയെ മര്ദിച്ചുവെന്നു പറയുന്നതു വെറുതെയാണ്. ഒരുവര്ഷത്തോളം മദപ്പാടുണ്ടാകുന്ന ആനയാണ് കാര്ത്തികേയന്. ആനയുടെ കാലിലെ വ്രണങ്ങള് ഉണങ്ങണമെങ്കില് മരുന്നുവയ്ക്കണം. അതിനു രണ്ടടി കൊടുത്താല് മാത്രമേ കാല് പിറകിലേക്കു കൊണ്ടുവരികയുള്ളൂ. എന്നാല് മാത്രമേ മരുന്നുവയ്ക്കാന് സാധിക്കുകയുള്ളൂവെന്നുമാണു പാപ്പാന്മാരുടെ വാദം. തങ്ങള് മദ്യപിക്കുമെന്നു കാണിച്ചു മദ്യക്കുപ്പികള് ചില സാമൂഹികവിരുദ്ധര് ക്ഷേത്രവളപ്പില് കൊണ്ടിട്ടതാണെന്നും ഇവര് പറയുന്നു.
അതേസമയം ആനയെ മര്ദിച്ചുവെന്ന പരാതിയില് കേസെടുത്ത വനംവകുപ്പ് പാപ്പാന്മാരില്നിന്നു മൊഴിയെടുത്തു. ആനയെ മര്ദിച്ചില്ലെന്ന വാദത്തില് ഇവര് ഉറച്ചുനില്ക്കുകയായിരുന്നു. ഉള്ളൂര് കാര്ത്തികേയന് ക്ഷേത്രവളപ്പിലെ ആനക്കൊട്ടിലില് ഇപ്പോള് ചികിത്സയിലും സംരക്ഷണയിലും കഴിയുകയാണ്.
Kerala
കൊച്ചി: ഗര്ഭിണിയായ യുവതിയെ സ്റ്റേഷനില് മര്ദിച്ച നോര്ത്ത് സ്റ്റേഷൻ മുൻ സിഐ പ്രതാപ ചന്ദ്രനെതിരേ ക്രിമിനല് കേസ് രജിസ്റ്റര് ചെയ്യാത്ത നിലവിലെ എസ്എച്ച്ഒയ്ക്കെതിരേ നടപടി ആവശ്യപ്പെട്ടുള്ള പരാതി പരിശോധിച്ച് തുടര്നടപടി സ്വീകരിക്കാന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്ദേശം നല്കി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവര്ത്തകനുമായ അഡ്വ. കുളത്തൂര് ജയ്സിംഗാണ് ഇതുസംബന്ധിച്ചു പരാതി നല്കിയത്. പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പോലീസ് മേധാവിക്കു കൈമാറി.
വകുപ്പുതല നടപടിക്കു വിധേയമാക്കി പ്രതാപ ചന്ദ്രനെ ആഭ്യന്തരവകുപ്പ് സസ്പെന്ഡ് ചെയ്തെങ്കിലും ക്രിമിനല് കേസ് രജിസ്റ്റര് ചെയ്യുകയെന്ന നിയമപരമായ നടപടി പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി.
Editorial
വേണ്ടപ്പെട്ട ക്രിമിനലുകളെ രക്ഷാപ്രവർത്തകരാക്കുന്ന ആഭിചാരക്രിയകൊണ്ട് പോലീസിലെ കുറ്റവാളികളെ ഒഴിപ്പിക്കാനാകില്ല. അതിന് ഒരുത്തരവ് മതി, കുറ്റവാളി പട്ടികയിലുള്ള പോലീസുകാരെ ഇതിനാൽ സേനയിൽനിന്നു പിരിച്ചുവിട്ടിരിക്കുന്നു എന്ന ഒരേയൊരുഉത്തരവ്. കൊച്ചിയിലെങ്കിലും തുടങ്ങുമോ?
പോലീസ് കസ്റ്റഡിയിലെടുത്ത ഭർത്താവിനെ കാണാൻ രണ്ട് കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ എസ്എച്ച്ഒ അതിക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നു. പ്രശ്നം ആ സർക്കിൾ ഇൻസ്പെക്ടറെ ശിക്ഷിച്ചാൽ തീരില്ല. കാരണം, ആ ക്രൂരതയുടെയും ധാർഷ്ട്യത്തിന്റെയും ദൃശ്യങ്ങൾ മറച്ചുവയ്ക്കാൻ അദ്ദേഹത്തെ പലരും സഹായിച്ചിരിക്കുന്നു. അത് ഉന്നത ഉദ്യോഗസ്ഥരാണെങ്കിൽ കേസെടുക്കണം.
ദൃശ്യങ്ങൾ ഒളിപ്പിക്കാനും കുറ്റവാളിയെ വെളുപ്പിക്കാനും ശ്രമിച്ചത് ഭരിക്കുന്നവരാണെങ്കിൽ ആ രാഷ്ട്രീയ-കുറ്റവാളി ബന്ധവും പുറത്തുവരണം. അനുഭവങ്ങളുടെ വെളിച്ചത്തിൽ കേരളം അത്തരമൊരു സുതാര്യ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. നാളെ മറ്റൊരു പോലീസുകാരൻ, മറ്റൊരു സ്റ്റേഷൻ, പുതിയൊരു ഇര... ഇങ്ങനെയാണ് ജനാധിപത്യ പരിഷ്കാരങ്ങളെ ഉദ്യോഗസ്ഥരും രാഷ്ട്രീയ കാര്യാലയങ്ങളും ചേർന്നു മർദിച്ചൊതുക്കുന്നത്.
2024 ജൂണ് 20നു നടന്ന മര്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഹൈക്കോടതിയുടെ ഉത്തരവുപ്രകാരം പരാതിക്കാരിക്കു കൈമാറാൻ പോലീസ് നിർബന്ധിതമായത്. അതോടെയാണ് യുവതിക്കെതിരേ പോലീസ് നടത്തിയ വ്യാജപ്രചാരണങ്ങൾ പൊളിഞ്ഞത്. പൊതുസ്ഥലത്തെ പോലീസ് മര്ദനത്തിന്റെ ദൃശ്യങ്ങള് പകര്ത്തിയതിന്റെ പേരില് ബെൻജോ ബേബി എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെ രണ്ടു കൈക്കുഞ്ഞുങ്ങളുമായി എറണാകുളം നോർത്ത് സ്റ്റേഷനിലെത്തിയ ഭാര്യ ഷൈമോൾക്കു നേരേയായിരുന്നു പോലീസ് ഗുണ്ടായിസം.
ഭര്ത്താവിനെ മര്ദിക്കുന്നതു കണ്ടു പ്രതികരിച്ച തന്നെ, നാടകം വേണ്ടെന്നു പറഞ്ഞ് എസ്എച്ച്ഒ ആയിരുന്ന പ്രതാപചന്ദ്രൻ പിടിച്ചുതള്ളിയെന്നാണ് ഷൈമോളുടെ പരാതി. തുടർന്ന് കരഞ്ഞുകൊണ്ട് എസ്എച്ച്ഒയെ തള്ളിമാറ്റാൻ ശ്രമിച്ച ഷൈമോളുടെ കരണത്ത് അയാൾ ആഞ്ഞടിക്കുകയായിരുന്നു.
യുവതിയെയും അവരെ തല്ലുന്നതു കണ്ട് തലയിൽ കൈവച്ചു നിലവിളിക്കുന്ന ഭർത്താവിനെയും മർദിക്കുന്ന എസ്എച്ച്ഒയുടെയും കാഴ്ചക്കാരായ മറ്റു പോലീസുകാരുടെയും ദൃശ്യം കേരളത്തെ അസ്വസ്ഥമാക്കുന്നു. അത് ഒരു പോലീസ് സ്റ്റേഷനെയോർത്തു മാത്രമല്ല; ആ ദൃശ്യം മറച്ചുവച്ച് കുറ്റവാളിയെ സംരക്ഷിക്കാൻ കാക്കിക്കാരും അവരുടെ സംരക്ഷകരും ചേർന്നു നടത്തിയ കുറ്റകരമായ പങ്കാളിത്തത്തെയും ഓർത്താണ്. കേരളത്തിലെ മെച്ചപ്പെടുത്താനാകാത്ത ക്രമസമാധാനത്തിന്റെ അടിസ്ഥാന കാരണം ഈ പങ്കാളിത്തമാണ്. ഇതേ പങ്കാളിത്തമാണ് മുന്പും നിരവധി പരാതികളുണ്ടായിട്ടും പ്രതാപചന്ദ്രൻ എന്ന മർദകനെ സർവീസിൽ തുടരാൻ അനുവദിച്ചത്.
ബെൻജോയ്ക്കെതിരേയുള്ള കേസും മറ്റൊരു ദൃശ്യത്തിന്റെ പേരിലാണ്. നോര്ത്ത് റെയില്വേ സ്റ്റേഷനു സമീപത്തെ ബെന്ജോയുടെ ടൂറിസ്റ്റ് ഹോമിനു പരിസരത്ത് മഫ്തിയിലെത്തിയ പോലീസ് രണ്ടുപേരെ മര്ദിച്ചത് അദ്ദേഹം ഫോണില് ചിത്രീകരിച്ചു. പോലീസിന്റെ ജോലി തടസപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു നടപടി. അതായത്, പോലീസ് മർദിക്കുന്നതല്ല, അതിന്റെ ദൃശ്യം പകർത്തുന്നതാണ് കുറ്റം. ഈ പോലീസുകാരുടെ ശൗര്യം പക്ഷേ, ചെലവാകുന്നിടത്തേയുള്ളൂ. എത്ര വലിയ കുറ്റവാളികളാണെങ്കിലും ഭരിക്കുന്നവരുമായോ മറ്റു രാഷ്ട്രീയ സ്വാധീനമുള്ളവരുമായോ ബന്ധമുണ്ടെന്നു കണ്ടാൽ പലരുടെയും മുട്ടിടിക്കും.
ഇത്തരം വിധേയന്മാരിൽ പ്രസാദിക്കുന്ന അധികാരികളെ ധിക്കരിക്കാൻ, ഇച്ഛാശക്തിയുള്ള ഉദ്യോഗസ്ഥർക്കും കഴിയണമെന്നില്ല. സർക്കാരിന്റെ കൈയിൽ ക്രിമിനൽ പോലീസിന്റെ വലിയൊരു പട്ടികയുണ്ട്. 2022ൽ നിയമസഭയിൽ വെളിപ്പെടുത്തിയതനുസരിച്ച് 828 പേർ! അതിപ്പോൾ ആയിരം കവിഞ്ഞിട്ടുണ്ടാകും. വിരലിലെണ്ണാവുന്നവരെയാണ് പിരിച്ചുവിട്ടിട്ടുള്ളത്. ബാക്കിയുള്ള കുറ്റവാളികളെ വച്ചുകൊണ്ട് "ക്രമസമാധാന പാലനം' തുടരുന്നതിനിടെയാണ് ചില ദൃശ്യങ്ങൾ മാത്രം പുറത്തുവരുന്നത്.
ബെൻജോ തന്റെ ലോഡ്ജിൽ ഒരു യുവതിയെ തല്ലിയെന്ന പേരിൽ മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്. അതിൽ കഴന്പുണ്ടെങ്കിൽ അതു വേറെ കേസ്. ഒന്ന് മറ്റൊന്നിനെ നിർവീര്യമാക്കേണ്ടതില്ല. നാലു മാസം മുന്പാണ്, യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽവച്ച് പോലീസുകാർ കുനിച്ചുനിർത്തി ഇടിക്കുന്ന ദൃശ്യം പുറത്തുവന്നത്.
2023 ഏപ്രിലിൽ നടത്തിയ മർദനത്തിന്റെ ദൃശ്യവും പോലീസിൽനിന്നു ലഭിച്ചത് കോടതി ഇടപെട്ടതിനുശേഷമാണ്. പോലീസിനെതിരേ പരാതിയൊന്നും കൊടുക്കാൻ ശേഷിയോ ധൈര്യമോ ഇല്ലാത്ത എത്രയോ മനുഷ്യർ “കിട്ടിയതും വാങ്ങി’’ പോയിരിക്കുന്നു. എത്രയോ മനുഷ്യരെ പോലീസിലെ സാമൂഹികവിരുദ്ധർ കാണാമറയത്തിട്ട് ഉപദ്രവിച്ചിരിക്കുന്നു. കാക്കിയിടാത്ത സംരക്ഷകരാണ് ഈ അധോലോകത്തെ വളർത്തുന്നത്.
വേണ്ടപ്പെട്ട ക്രിമിനലുകളെ രക്ഷാപ്രവർത്തകരാക്കുകയും കണ്ണിൽ പൊടിയിടാൻ സസ്പെൻഷൻ പ്രഖ്യാപിക്കുകയും ചെയ്യുന്ന ആഭിചാരക്രിയകൊണ്ട് പോലീസിലെ കുറ്റവാളികളെ ഒഴിപ്പിക്കാനാകില്ല. അതിന് ഒരുത്തരവ് മതി, ആ പട്ടികയിലുള്ളവരെ ഇതിനാൽ സേനയിൽനിന്നു പിരിച്ചുവിട്ടിരിക്കുന്നു എന്ന ഒരേയൊരു ഉത്തരവ്. സത്യസന്ധരും പക്ഷപാതികളല്ലാത്തവരും നിയമത്തെ മാനിക്കുന്നവരുമായ പോലീസുകാരുടെ ആത്മാഭിമാനം വർധിപ്പിക്കാനും അതു മതി. കൊച്ചിയിലെങ്കിലും തുടങ്ങുമോ?
Kerala
കൊച്ചി: പോലീസ് സ്റ്റേഷനിൽ വച്ച് ഗർഭിണിയായ യുവതിയെ മർദിച്ച കേസിൽ സസ്പെൻഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്ത്. 2023ൽ തന്നെ അകാരണമായി മർദിച്ചെന്ന് ആരോപിച്ച് സ്വിഗ്ഗി ജീവനക്കാരനായ റിനീഷ് എന്ന യുവാവ് രംഗത്തെത്തി.
ജോലിക്കിടയിൽ ഒരു പാലത്തിനു സമീപത്ത് ഇരിക്കുകയായിരുന്ന റിനീഷിനെ ഒരു കാരണവുമില്ലാതെ ഇയാൾ മർദിച്ചു. എന്തിനാണ് അടിച്ചതെന്ന് ചോദിച്ചപ്പോൾ വീണ്ടും മർദിക്കുകയായിരുന്നു. തുടർന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുകയും ചെയ്തു.
കേസിൽ അസിസ്റ്റന്റ് കമ്മീഷണറെത്തി മൊഴിയെടുത്തു. അന്വേഷണത്തിൽ റിനീഷിന് മർദനമേറ്റതായി തെളിഞ്ഞെങ്കിലും എസ്എച്ച്ഓയുടെ പേരിൽ നടപടിയൊന്നും ഉണ്ടായില്ലെന്ന് റിനീഷ് പറഞ്ഞു.
Kerala
കൊച്ചി: ഗർഭിണിയായ യുവതിക്ക് പോലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റ സംഭവത്തിൽ എസ്എച്ച്ഓയ്ക്കെതിരെ നടപടി. 2024 ജൂൺ 20ന് എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിൽ എസ്എച്ച്ഒ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തു.
ദക്ഷിണ മേഖല ഐജി ശ്യാം സുന്ദറാണ് പ്രതാപചന്ദ്രനെ സസ്പെന്ഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. ഇയാൾ യുവതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു. തുടർന്ന് മുഖ്യമന്ത്രി റിപ്പോർട്ട് തേടിയിരുന്നു.
അന്വേഷണ വിധേയമായിട്ടാണ് സസ്പെന്ഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിൽ ബുധനാഴ്ച തീരുമാനമെടുക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോര്ട്ടിലാണ് ഇപ്പോള് നടപടിയെടുത്തത്.
പ്രതാപചന്ദ്രൻ മര്ദിച്ചെന്ന പരാതിയുയമായി ഒരു സ്വിഗി ജീവനക്കാരനും നേരത്തെ രംഗത്തുവന്നിരുന്നു.
Kerala
കൊച്ചി: ഗര്ഭിണിയായ യുവതിക്ക് എറണാകുളം നോര്ത്ത് പോലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റ സംഭവത്തിൽ വിശദീകരണവുമായി എസ്എച്ച്ഒ. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
കുഞ്ഞുങ്ങളെ യുവതി താഴെ എറിയാൻ ശ്രമിച്ചു. വനിതാ ഉദ്യോഗസ്ഥരെ അടക്കം കൈയേറ്റം ചെയ്തു. സ്റ്റേഷനിൽ അതിക്രമിച്ച് കയറി അക്രമം തുടര്ന്നതോടെ പെട്ടെന്നു പ്രതികരിക്കേണ്ടി വന്നുവെന്നും ആരോപണ വിധേയനായ എസ്എച്ച്ഒ പ്രതാപചന്ദ്രൻ പറഞ്ഞു.
അതേസമയം പ്രതാപചന്ദ്രനെതിരെ നടപടിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. നിലവിലെ അരൂര് എസ്എച്ച്ഒയാണ് പ്രതാപചന്ദ്രൻ. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അക്രമം തുടര്ന്നതോടെ പെട്ടെന്നു പ്രതികരിക്കേണ്ടിവന്നുവെന്നും പ്രതാപചന്ദ്രൻ പറഞ്ഞു.
Kerala
മലപ്പുറം: മോഷണ ശ്രമമാരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ തടഞ്ഞുവച്ച് മര്ദിച്ച കേസിൽ രണ്ടുപേർ പിടിയിൽ. കിഴിശേരി സ്വദേശികളായ മുഹമ്മദ് ആഷിക്, ആദിൽ അഹമ്മദ് എന്നിവരാണ് പിടിയിലായത്.
ഇരുമ്പ് വടിയും തടികളും ഉപയോഗിച്ച് ഇവർ കുട്ടികളെ മർദിക്കുകയായിരുന്നു. തുടർന്ന് മോഷണ കുറ്റമാരോപിച്ച് കുട്ടികളെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുട്ടികൾക്ക് കടുത്ത മർദനം നേരിടേണ്ടി വന്നുവെന്ന് മനസിലാക്കിയ കൊണ്ടോട്ടി പോലീസ് പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുക്കുകയായിരുന്നു.
പരിക്കേറ്റ കുട്ടികൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
വയനാട്: സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ മര്ദിച്ചെന്ന പരാതിയില് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.
അസി. സര്ജന് ഡോ. ജിതിന്രാജിനെ ഡ്യൂട്ടിക്കിടെ മര്ദിച്ച സംഭവത്തില് പുല്പ്പള്ളി ആനപ്പാറ തയ്യില് അമല് ചാക്കോ (30), പെരിക്കല്ലൂര് പാലത്തുപറമ്പ് മംഗലത്ത് പി.ആര്. രാജീവ് (31) എന്നിവരെ വ്യാഴാഴ്ച രാവിലെയാണ് വാടാനക്കവലയില് നിന്ന് പിടികൂടിയത്.
സംഭവശേഷം ഇരുവരും ഒളിവില് പോയിരുന്നു. ആരോഗ്യ പ്രവര്ത്തകര്ക്കെതിരെയുള്ള അതിക്രമം തടയല് നിയമപ്രകാരവും സംഘം ചേര്ന്ന് ആക്രമിച്ചതിന് ബിഎന്എസ് നിയമപ്രകാരവുമാണ് കേസ് രജിസ്റ്റര് ചെയ്തിരിക്കുന്നത്. പിടിയിലായ രണ്ടുപേരും നിരവധി കേസുകളില് പ്രതികളാണ്.
ഇക്കഴിഞ്ഞ പത്താം തിയതിയായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ പ്രതികള് സഹപ്രവര്ത്തകയായ ഡോക്ടറോട് കയര്ത്ത് സംസാരിച്ചത് ഡോ. ജിതിന്രാജ് ചോദ്യം ചെയ്ത വിരോധത്തിലായിരുന്നു അക്രമം.
ഡ്യൂട്ടി കഴിഞ്ഞ് ആശുപത്രിയുടെ പുറത്തേക്ക് വരികയായിരുന്ന ഡോക്ടറെ ഇവര് അസഭ്യം പറയുകയും കഴുത്തിനു കുത്തിപിടിച്ചും നെഞ്ചില് കൈകൊണ്ട് ഇടിച്ചും കാല് കൊണ്ട് ചവിട്ടിയും കൈ വിരല് പിടിച്ച് തിരിച്ചു പരിക്കേല്പ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവത്തില് ഡോക്ടറുടെ ഇടതു കൈയുടെ ചെറുവിരലിന് പൊട്ടലുണ്ടായി. പുല്പ്പള്ളി ഇന്സ്പെക്ടര് എസ്.എച്ച്.ഒ കെ.വി മഹേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.