നെടുങ്കണ്ടം: മൂന്നാറും തേക്കടിയും കേന്ദ്രീകരിച്ച് ഇടുക്കിയിലെത്തുന്ന സഞ്ചാരികൾക്ക് പ്രകൃതിയുടെ മനോഹാരിതയിലേക്കു ജാലകം തുറന്ന് ഉൾനാടൻ ഗ്രാമങ്ങൾ. നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപുരം, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മലനിരകളും വെള്ളച്ചാട്ടങ്ങളും വ്യൂ പോയിന്റുകളും ഏലം, കാപ്പി, കുരുമുളക് തോട്ടങ്ങളും ഗ്രാമീണ ജീവിതവും ചേര്‍ത്താല്‍ വ്യത്യസ്തമായൊരു ടൂറിസം സര്ക്യൂട്ട്തന്നെ ഒരുക്കാനാകും.
പ്രകൃതിയെ നശിപ്പിക്കാതെ പ്രാദേശിക ജനങ്ങളുടെ പങ്കാളിത്തത്തോടെ ടൂറിസം വികസനം സാധ്യമാക്കാമെന്നതാണ് പ്രദേശങ്ങളുടെ സാധ്യത. ഓരോ പഞ്ചായത്തിന്റെയും പ്രത്യേകതകള്‍ കണ്ടെത്തി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്കൊപ്പം നാട്ടുകാര്‍ക്ക് പുതിയ ജീവിതമാർഗവും തുറക്കാനാകും.
നെടുങ്കണ്ടം: പ്രകൃതിയും വിനോദവുംകൈകോര്ക്കുന്ന ഇടത്താവളം
തേക്കടി - മൂന്നാര്‍ വിനോദസഞ്ചാര പാതയിലെ പ്രധാന ഇടത്താവളമായി മാറാന്‍ ശേഷിയുള്ള പ്രദേശമാണ് നെടുങ്കണ്ടം. പപ്പിനിമെട്ടിലെ സഹ്യദര്‍ശന്‍ പാര്‍ക്ക് നവീകരണത്തിനുശേഷം വീണ്ടും തുറന്നതോടെ ഈ മേഖലയിലെ ടൂറിസം സാധ്യതകള്‍ക്ക് പുതിയ ഉണര്‍വ് ലഭിച്ചിട്ടുണ്ട്. കല്ലാര്‍ മേഖലയിലെ പ്രകൃതിഭംഗി, വെള്ളച്ചാട്ടങ്ങള്‍, മലനിരകള്‍, പുഴയോരങ്ങള്‍ തുടങ്ങിയവയെ കോര്‍ത്തിണക്കി നേച്ചര്‍ ടൂറിസം പദ്ധതി ഒരുക്കാനാകും.
നിലവിലുള്ള കേന്ദ്രങ്ങള്‍ക്ക് പുറമേ ടൂറിസം സാധ്യതകളുള്ള പ്രദേശങ്ങള്‍ കണ്ടെത്തി വ്യൂ പോയിന്റുകളായി വികസിപ്പിക്കണം. സഞ്ചാരികള്‍ക്ക് സുരക്ഷിതമായി എത്താന്‍ കഴിയുന്ന റോഡുകള്‍, പാര്‍ക്കിംഗ് സ്ഥലങ്ങൾ, ശുചിമുറികള്‍, കുടിവെള്ളം, ഇരിപ്പിടങ്ങള്‍, മാലിന്യസംസ്കരണം, ദിശാസൂചക ബോര്‍ഡുകള്‍ എന്നിവ ഒരുക്കണം. സാഹസിക വിനോദസഞ്ചാര സാധ്യതയുള്ള പ്രദേശങ്ങളില്‍ സുരക്ഷാ സംവിധാനങ്ങള്‍ക്കും പ്രഥമ പരിഗണന നല്‍കണം.
പാമ്പാടുംപാറ കൃഷിത്തോട്ടങ്ങള്‍ ആകർഷണീയം
പ്രകൃതിയോടൊപ്പം കൃഷിയും ചേര്‍ന്നുനില്‍ക്കുന്ന പ്രദേശമാണ് പാമ്പാടുംപാറ. ഏലം, കുരുമുളക്, കാപ്പി തുടങ്ങിയ വിളകളുടെ തോട്ടങ്ങള്‍ സഞ്ചാരികള്‍ക്ക് പുതിയ അനുഭവമാക്കാനാകും. അഗ്രോ ടൂറിസമാണ് പാമ്പാടുംപാറയ്ക്ക് ഏറ്റവും അനുയോജ്യമായ സാധ്യതകളിലൊന്ന്.
തോട്ടങ്ങളിലൂടെയുള്ള പ്രകൃത നടത്തം, കൃഷിരീതികള്‍ പരിചയപ്പെടാനുള്ള അവസരം, പ്രാദേശിക ഭക്ഷണം, കര്‍ഷകരുടെ ഉത്പന്നങ്ങളുടെ നേരിട്ടുള്ള വിപണനം എന്നിവ ഉള്‍പ്പെടുത്തിയാല്‍ സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ അനുഭവം നല്‍കാനാകും. മലമുകളിലെ കാഴ്ചകള്‍ പ്രയോജനപ്പെടുത്തി സണ്‍റൈസ്, സണ്‍സെറ്റ് പോയിന്റുകളും പ്രകൃതി നടത്തത്തിനുള്ള പാതകളും ഫോട്ടോ പോയിന്റുകളും ഒരുക്കാം. ഗ്രാമീണ ജീവിതവും കാര്‍ഷിക സംസ്കാരവും ടൂറിസത്തിന്റെ ഭാഗമാക്കുന്നതിലൂടെ കര്‍ഷകര്‍ക്കും നേരിട്ട് വരുമാനം ലഭിക്കും.
കരുണാപുരം അതിര്‍ത്തിഗ്രാമങ്ങള്‍ക്ക് ടൂറിസത്തിന്റെ പുതിയ മുഖം
കേരള - തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള കരുണാപുരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തന്നെ ടൂറിസം സാധ്യതയാണ്. രാമക്കല്‍മേട് കുറവന്‍ കുറത്തി ശില്പം, കാറ്റാടിപ്പാടം, ആമപ്പാറ, മറ്റ് മലനിരകള്‍, അതിര്‍ത്തിപ്രദേശങ്ങളിലെ കാഴ്ചകള്‍, കാര്‍ഷികമേഖലകള്‍, ഗ്രാമീണ ജീവിതം എന്നിവ ചേര്‍ത്തുകൊണ്ട് ബോര്‍ഡര്‍ ടൂറിസം എന്ന ആശയം നടപ്പാക്കാനാകും. കമ്പംമെട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളെ കേന്ദ്രീകരിച്ച് വ്യൂ പോയിന്റുകള്‍ കണ്ടെത്തുകയും പ്രകൃതി സഞ്ചാരപാതകള്‍ വികസിപ്പിക്കുകയും ചെയ്യാം.
ഏലം, കാപ്പി, കുരുമുളക് തട്ടങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുക്കുന്നതോടൊപ്പം പ്രാദേശിക ഭക്ഷണവും കാര്‍ഷിക ഉത്പന്നങ്ങളും സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്താം. ഹോംസ്റ്റേകള്‍ക്ക് പ്രോത്സാഹനം നല്‍കുകയും പ്രാദേശിക യുവാക്കള്‍ക്ക് ടൂറിസ്റ്റ് ഗൈഡ് പരിശീലനം നല്‍കുകയും ചെയ്താല്‍ ടൂറിസത്തിന്റെ പ്രയോജനം കൂടുതല്‍ കുടുംബങ്ങളിലേക്ക് എത്തിക്കാനാകും.
ഉടുമ്പന്‍ചോല ഏലത്തിന്റെ പറുദീസ
ഏലം ഉള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജന കൃഷിയുമായി അടുത്ത ബന്ധമുള്ള ഉടുമ്പന്‍ചോലയ്ക്കു സ്പൈസ് ടൂറിസം രംഗത്ത് വേറിട്ട ഇടം നേടാനാകും. ഏലം, കാപ്പി, കുരുമുളക് തോട്ടങ്ങള്‍ സന്ദര്‍ശിക്കാനും വിളവെടുപ്പ്, സംസ്കരണം തുടങ്ങിയവ നേരില്‍ കാണാനും സഞ്ചാരികള്‍ക്ക് അവസരം ഒരുക്കാം.
കൃഷിയിടങ്ങളോട് ചേര്‍ന്ന് ചെറിയ താമസസൗകര്യങ്ങളും പ്രാദേശിക ഭക്ഷണ കേന്ദ്രങ്ങളും ഒരുക്കിയാല്‍ ഗ്രാമീണ ടൂറിസത്തിനും സാധ്യതയേറും. മലനിരകളിലെ വ്യൂ പോയിന്റുകള്‍ കണ്ടെത്തി വികസിപ്പിക്കുന്നതിനൊപ്പം ട്രെക്കിംഗ് പാതകളും പ്രകൃതി നടത്തവും ജീപ്പ് സഫാരിയും പോലുള്ള നിയന്ത്രിത വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും ആസൂത്രണം ചെയ്യാം.
നാലു പഞ്ചായത്ത്; ഒരു ടൂറിസം സര്‍ക്യൂട്ട്
നെടുങ്കണ്ടം, പാമ്പാടുംപാറ, കരുണാപും, ഉടുമ്പന്‍ചോല പഞ്ചായത്തുകളിലെ ടൂറിസം സാധ്യതകള്‍ പ്രത്യേകം വികസിപ്പിക്കുന്നതിനൊപ്പം ഒറ്റ ടൂറിസം സര്‍ക്യൂട്ടായി അവതരിപ്പിക്കുകയാണ് കൂടുതല്‍ പ്രയോജനകരം. സഹ്യദര്‍ശന്‍ പാര്‍ക്ക്, കല്ലാര്‍, വെള്ളച്ചാട്ടങ്ങള്‍, മലനിരകള്‍, അതിര്‍ത്തി പ്രദേശങ്ങള്‍, ഏലം, കാപ്പി, കുരുമുളക് തോട്ടങ്ങള്‍ ബന്ധിപ്പിച്ച് ഒന്നോ രണ്ടോ ദിവസത്തെ ടൂര്‍ പാക്കേജുകള്‍ തയാറാക്കാം.
നാലു പഞ്ചായത്തുകളിലെയും അറിയപ്പെടാത്ത പ്രകൃതി കേന്ദ്രങ്ങള്‍ കണ്ടെത്തി സമഗ്ര ടൂറിസം മാപ്പ് തയ്യാറാക്കുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യേണ്ടത്. തുടര്‍ന്ന് ഓരോ കേന്ദ്രത്തിന്റെയും സാധ്യതയും പരിസ്ഥിതി പ്രാധാന്യവും പരിശോധിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം.റോഡ്, പാര്‍ക്കിംഗ് , ശുചിമുറി, കുടിവെള്ളം, വൈദ്യുതി,മൊബൈല്‍ കണക്ടിവിറ്റി, മാലിന്യസംസ്കരണം, സുരക്ഷ, അടിയന്തര ചികിത്സാസംവിധാനം എന്നിവ ഉറപ്പാക്കേണ്ടതുണ്ട്. സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാതെ പുതിയ കേന്ദ്രങ്ങള്‍ തുറക്കരുതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രകൃതിസൗന്ദര്യം ഇവിടെയുണ്ട്; ഇനി വേണ്ടത് അതിനെ തിരിച്ചറിഞ്ഞ് സംരക്ഷിച്ചുകൊണ്ട് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള കാഴ്ചപ്പാടാണ്. നെടുങ്കണ്ടം മുതല്‍ ഉടുമ്പന്‍ചോല വരെയുള്ള ഈ മലനിരകള്‍ ഒരുമിച്ചുണര്ന്നാല് ഹൈറേഞ്ചിന്റെ ടൂറിസം ഭൂപടത്തില്‍ പുതിയൊരു അധ്യായം തുറക്കാനാകും.