ഉള്ളൂര്‍: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയെ വാര്‍ഡുകളുമായി ബന്ധിപ്പിച്ചിരുന്ന ആകാശ ഇടനാഴിയുടെ പണി തീരുന്നുല്ലെന്ന് ആക്ഷേപം.
മൂന്നുനിലകളുള്ള കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോര്‍ മാത്രമാണ് ഇപ്പോള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നത്. ഏകദേശം രണ്ടു വര്‍ഷത്തിനു മുമ്പാണ് നിരവധി രോഗികളെ പാര്‍പ്പിച്ചിരുന്ന കെട്ടിടം അധികാരികള്‍ ഇടിച്ചുമാറ്റിയത്. പുതിയ കെട്ടിടം നിര്‍മിക്കാനാണെന്നും താല്‍ക്കാലികമായി രോ ഗികളെ മാറ്റിപ്പാര്‍പ്പിക്കുമെന്നുമാണ് അന്നവര്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ആകാശ ഇടനാഴിയുടെ ഒരുഭാഗം പ്രേതാലയമായി നില്ക്കുന്നു. ആകാശ ഇടനാഴി കടന്നുപോയിരുന്ന ഭാഗത്ത് ഇപ്പോള്‍ വാഹനപാര്‍ക്കിംഗ് സ്ഥലമാണ്. കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് ഇവിടെയാണ്. ആകാശ ഇടനാഴിയുടെ അവശേഷിച്ച ഭാഗം വാര്‍ഡുകള്‍ക്കു സമീപവും നില്ക്കുന്നു.
16, 17, 18, 19 വാര്‍ഡുകളും ബേണ്‍സ് ഐസിയുവും ഒരു സൈക്യാട്രി വിഭാഗവുമാണ് പഴയ കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഈ കെട്ടിടത്തിനെ ബന്ധിപ്പിച്ചുകൊണ്ടായിരുന്നു ആകാശ ഇടനാഴി കടന്നുപോയിരുന്നത്. കെട്ടിടം പൊളിച്ചതോടെ ആകാശ ഇടനാഴി അവിടെയും ഇവിടെയും മുഖം നോക്കിക്കൊണ്ടു നില്‍ക്കുകയാണ്.
വാര്‍ഡുകളില്‍ ഉണ്ടായിരുന്ന രോഗികളെ 14-ാം വാര്‍ഡിലും 28-ാം വാര്‍ഡിലുമായി വിന്യസിപ്പിച്ചു. ഇവിടെ ഇവര്‍ ഞെങ്ങിഞെരുങ്ങിയാണ് കഴിഞ്ഞുകൂടുന്നത്. ചില രോഗികളെ മറ്റു ചില വാര്‍ഡുകളിലേക്ക് മാറ്റിയിരിക്കുകയാണ്. കുറച്ചുനാള്‍ മുമ്പ് വാര്‍ഡുകള്‍ നിര്‍മിക്കുന്ന പണി ആരംഭിച്ചുവെങ്കിലും ഇത് എന്നുതീരുമെന്ന കാര്യത്തില്‍ അധികൃതര്‍ക്കു തന്നെ ഉറപ്പില്ല.
മൂന്നുവര്‍ഷമെങ്കിലും കഴിയാതെ കെട്ടിടത്തിന്റെ പണി തീരുകയില്ല. ഇതിന്റെ പണി പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ആകാശ ഇടനാഴിയുടെ നിര്‍മാണം പുനഃ രാരംഭിക്കാന്‍ സാധിക്കൂ. നിലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവര്‍ത്തനമുള്ള മറ്റു ഭാഗങ്ങളിലേക്ക് പോകാന്‍ സൗകര്യപ്രദമായിരുന്നു ആകാശ ഇടനാഴി. ഇതാണിപ്പോള്‍ രണ്ടുവശവും കൂട്ടിമുട്ടാത്ത നിലനില്‍ക്കുന്നത്. രോഗികളുടെ പരിതാപകരമായ അവസ്ഥ നീക്കുന്നതിനായി നിര്മിച്ചുവരുന്നുവെന്നു പറയുന്ന പുതിയ കെട്ടിടത്തിന്റെ പണി എത്രയും വേഗം പൂര്‍ത്തീകരിക്കാത്ത പക്ഷം ഇവരുടെയും കൂട്ടിരിപ്പുകാരുടെയും ദുരിതം നീണ്ടുപോകാനാണ് സാധ്യത.