തൃക്കാക്കര: വിദ്യാർഥികളുമായി വായനാ വർത്തമാനങ്ങൾ പറഞ്ഞ് എഴുത്തുകാരൻ പി.എഫ്. മാത്യൂസ്. തൃക്കാക്കര ഭാരതമാതാ കോളജിലെ മലയാള വിഭാഗം സംഘടിപ്പിച്ച വായന വാരാചരണത്തിലാണ് പി.എഫ്. മാത്യൂസും വിദ്യാർഥികളും സംവദിച്ചത്.
ഈമയൗ സിനിമയെക്കുറിച്ചുള്ള ബിറ്റു ബിജുവിന്റെ ചോദ്യത്തിനു തീരദേശ മനുഷ്യ ജീവിതം ആവിഷ്ക്കരിക്കാനാണ് ആ സിനിമയിലൂടെ ശ്രമിച്ചതെന്ന് പി.എഫ്. മാത്യൂസ് പറഞ്ഞു. കഥയുടെ വഴികൾ , ജീവിതം, സാഹിത്യത്തിന്റെ വർത്തമാനം എന്നിവയെല്ലാം സംവാദത്തിൽ വിഷയങ്ങളായി. എം.എ. സീനത്ത്, ഫാത്തിമ ഷമീർ, അൻഷിഫ, യോഹൻ ജോഷി, മാഹിൻ, ഐശ്വര്യ എന്നിവരെല്ലാം എഴുത്തുകാരനോടു ചോദ്യങ്ങൾ ഉന്നയിച്ചു. മലയാളം വകുപ്പ് മേധാവി ഡോ. അനീഷ് പോൾ, ഡോ. തോമസ് പനക്കളം, ഡോ. റോസ് മെറിൻ ജീവന സജീവ് തുടങ്ങിയവർ പങ്കെടുത്തു.