Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bike Ride

Sunday Special

ഒരു ഹിമാലയൻ ബൈക്ക് യാത്ര

ചി​ല യാ​ത്ര​ക​ൾ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ അ​തി​രു​ക​ൾ മാ​ത്ര​മ​ല്ല ക​ട​ന്നുപോ​കു​ന്ന​ത്. അ​വ ന​മ്മു​ടെ ഉ​ള്ളി​ലേ​ക്കും പു​തി​യ ലോ​കം തു​റ​ന്നി​ടും. ചി​ല പ​ർ​വ​ത​ങ്ങ​ൾ കേ​വ​ലം കാ​ഴ്ച​ക​ള​ല്ല; മ​റിച്ച്, മ​നു​ഷ്യ അ​തി​ജീ​വ​ന​ത്തി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ളാ​ണ്. ചി​ല ഗ്രാ​മ​ങ്ങ​ൾ ഭൂ​പ​ട​ത്തി​ലെ പേ​രു​ക​ൾ മാ​ത്ര​മ​ല്ല, പ്ര​കൃ​തി​യു​മാ​യി സ​ഹ​ജീ​വി​തം തീ​ർ​ത്ത മ​നു​ഷ്യ​രു​ടെ നി​ശ​ബ്ദ ഇ​തി​ഹാ​സ​ങ്ങ​ളാ​ണ്.

അ​ങ്ങ​നെ​യൊ​രു അ​നു​ഭ​വ​മാ​യി​രു​ന്നു റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് സം​ഘ​ടി​പ്പി​ച്ച "ദി ​ഗ്രേ​റ്റ് ഇ​ന്ത്യ​ൻ ക്രോ​സ്റോ​ഡ്സ് -നോ​ർ​ത്ത് എ​ഡി​ഷ​ൻ’ യാ​ത്ര. ച​ണ്ഡി​ഗ​ഡി​ൽ​നി​ന്ന് ഹി​മാ​ച​ൽ പ്ര​ദേ​ശി​ന്‍റെ ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് നീ​ണ്ട ഏ​ഴു ദി​വ​സ ബൈ​ക്ക് യാ​ത്ര 730 കി​ലോ​മീ​റ്റ​റു​ക​ൾ താ​ണ്ടി​യ സാ​ഹ​സി​ക പ​ര്യ​ട​ന​മാ​യി​രു​ന്നി​ല്ല.

ഹി​മാ​ല​യ ​പ​ർ​വത​ത്തി​ന്‍റെ ഹൃ​ദ​യ​ത്തി​ലൊ​ളി​പ്പി​ച്ച ജീ​വി​ത​ങ്ങ​ളും പാ​ര​ന്പ​ര്യ​ങ്ങ​ളും രു​ചി​ക​ളും മ​നു​ഷ്യ​ന്‍റെ അ​തി​ജീ​വ​ന​വും അ​ടു​ത്ത​റി​ഞ്ഞ ദി​വ​സ​ങ്ങ​ളാ​യി​രു​ന്നു. ദ​ക്ഷി​ണേ​ന്ത്യ​യി​ലെ അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​­­­­രും റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ഒ​ഫീ​ഷ്യ​ൽ​സും ഉ​ൾ​പ്പെ​ടെ 24 പേ​രാ​യി​രു​ന്നു സം​ഘ​ത്തി​ൽ. യാ​ത്ര​യി​ൽ ഓ​രോ​രു​ത്ത​ർ​ക്കും വ്യ​ത്യ​സ്ത​മാ​യ ഓ​രോ ക​ഥ​ക​ൾ തേ​ടാ​നു​ണ്ടാ​യി​രു​ന്നു.

ഹ​രി​യാ​ന​യു​ടെ​യും പ​ഞ്ചാ​ബി​ന്‍റെ​യും ചു​ട്ടു​പ​ഴു​ത്ത വെ​യി​ലി​നെ പി​ന്നി​ലാ​ക്കി റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ബൈ ക്കുകൾ ഹി​മാ​ച​ലി​ന്‍റെ ത​ണു​ത്ത കാ​റ്റി​ലേ​ക്ക് കു​തി​ച്ചു​ക​യ​റി. ഓ​രോ കി​ലോ​മീ​റ്റ​റും പി​ന്നി​ടു​ന്പോ​ൾ പ്ര​കൃ​തി നി​റ​വും സ്വ​ഭാ​വ​വും മാ​റ്റി​ക്കൊ​ണ്ടി​രു​ന്നു. പ​ച്ച​പ്പി​ന്‍റെ വി​ശാ​ല​ത പ​തി​യെ ദേ​വ​ദാ​രു വ​ന​ങ്ങ​ളു​ടെ ഇ​രു​ണ്ട നി​ശ​ബ്ദ​ത​യി​ലേ​ക്കു വ​ഴി​തു​റ​ന്നു. മ​ഞ്ഞു പു​ത​ച്ച ഹി​മാ​ല​യ മ​ട​ക്കു​ക​ൾ ദൂ​ര​ക്കാ​ഴ്ച​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. റോ​ഡു​ക​ൾ ഇ​ടു​ങ്ങി. വ​ള​വു​ക​ൾ മൂ​ർ​ച്ഛി​ച്ചു. ഓ​രോ തു​ര​ങ്ക​ത്തി​ലേ​ക്കും വാഹനം ക​യ​റു​ന്പോ​ൾ എ​ൻ​ജി​ന്‍റെ ഗ​ർ​ജ​നം ചെ​വി​ക​ളി​ൽ പ്ര​തി​ധ്വ​നി​ച്ചു. ട​ണ​ലി​ൽ​നി​ന്ന് വെ​ളി​ച്ച​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന ഓ​രോ നി​മി​ഷ​വും മ​റ്റൊ​രു ലോ​ക​ത്തേ​ക്കു ക​ട​ക്കു​ന്ന അ​നു​ഭ​വ​മാ​യി​രു​ന്നു.

സോ​ള​ൻ, ഷിം​ല, കു​ഫ്രി എ​ന്നി​വ പി​ന്നി​ട്ട് ആ​ദ്യ ല​ക്ഷ്യ​സ്ഥാ​ന​മാ​യ തി​യോ​ഗി​ലെ​ത്തി. ഇ​വി​ടെ​നി​ന്നാ​ണ് യ​ഥാ​ർ​ഥ ഹി​മാ​ല​യ​ൻ അ​നു​ഭ​വം ആ​രം​ഭി​ക്കു​ന്ന​ത്. പ്ര​ധാ​ന പാ​ത ഉ​പേ​ക്ഷി​ച്ച് മ​ല​യു​ടെ അ​ടി​വാ​ര​ങ്ങ​ളി​ലേ​ക്ക് തി​രി​ഞ്ഞ​തോ​ടെ യാ​ത്ര കൂ​ടു​ത​ൽ വെ​ല്ലു​വി​ളി​യാ​യി. ഒ​രു വ​ശ​ത്ത് ആ​ഴ​മേ​റി​യ കൊ​ക്ക​ക​ളും മ​റു​വ​ശ​ത്ത് ആ​കാ​ശം തൊ​ടു​ന്ന മ​ല​ഞ്ചെ​രി​വു​ക​ളും.

ഉ​രു​ള​ൻ ക​ല്ലു​ക​ൾ നി​റ​ഞ്ഞ മ​ണ്‍​പാ​ത​ക​ളി​ലൂ​ടെ ബൈക്കുകൾ അ​തി​സൂ​ക്ഷ്മ​മാ​യി മു​ന്നേ​റി. ഓ​രോ വ​ള​വും ക​ട​ക്കു​ന്പോ​ൾ പു​തി​യൊ​രു കാ​ഴ്ച കാ​ത്തു​നി​ന്നു. ചി​ല​യി​ട​ങ്ങ​ളി​ൽ സൂ​ര്യ​പ്ര​കാ​ശം പോ​ലും ദേ​വ​ദാ​രു മ​ര​ങ്ങ​ളു​ടെ സാ​ന്ദ്ര​മാ​യ ശി​ഖി​ര​ങ്ങ​ൾ തു​ള​ച്ചി​റ​ങ്ങാ​ൻ മ​ടി​ക്കു​ന്ന​തു​പോ​ലെ തോ​ന്നി. ഒ​ടു​വി​ൽ എ​ത്തി​യ​ത് "റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ഹി​മാ​ല​യ​ൻ ഹ​ബ് ’ എ​ന്ന ഗ്രാ​മ​ത്തി​ലേ​ക്കാ​യി​രു​ന്നു.

അ​തി​ജീ​വ​ന​ത്തി​ന്‍റെ പെ​ണ്‍​ക​രു​ത്ത്

മ​ല​യു​ടെ അ​ടി​വാ​ര​ത്ത് ശാ​ന്ത​ത തു​ളു​ന്പു​ന്ന ചെ​റി​യ ഗ്രാ​മ​മാ​ണ് ഹി​മാ​ല​യ​ൻ ഹ​ബ്. റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് സോ​ഷ്യ​ൽ മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ദ​ത്തെ​ടു​ത്ത ഈ ​ഗ്രാ​മം ഒ​രു പ​ഠ​ന​കേ​ന്ദ്രം മാ​ത്ര​മ​ല്ല, പാ​ര​ന്പ​ര്യ​വും സു​സ്ഥി​ര​വി​ക​സ​ന​വും കൈ​കോ​ർ​ക്കു​ന്ന അ​പൂ​ർ​വ മാ​തൃ​ക​യാ​ണ്. ഹി​മാ​ല​യ​ത്തി​ന്‍റെ പൈ​തൃ​ക​വും ഭാ​വി​യും ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പ്ര​തീ​ക്ഷ​യു​ടെ കേ​ന്ദ്രം.

നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഒ​രു പ​ര​ന്പ​രാ​ഗ​ത ഹി​മാ​ല​യ​ൻ വീ​ട് യ​ഥാ​ർ​ഥ രൂ​പ​ഭം​ഗി നി​ല​നി​ർ​ത്തി ന​വീ​ക​രി​ച്ചാ​ണ് ഈ ​ഹ​ബ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ നേ​രി​ടാ​നും പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി ജീ​വി​ക്കാ​നു​ള്ള അ​റി​വ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വയ്ക്കാനു​മു​ള്ള പ​രീ​ക്ഷ​ണ​ശാ​ല​യാ​ണി​ത്. 2030 എ​ത്തു​ന്പോ​ൾ നൂ​റ് ഹി​മാ​ല​യ​ൻ ഗ്രാ​മ​ങ്ങ​ളെ ഇ​ത്ത​രം സം​രം​ഭ​ങ്ങ​ളി​ലൂ​ടെ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

വീ​ടി​ന്‍റെ പ​ടി​വാ​തി​ൽ ക​ട​ന്ന നി​മി​ഷം ഹി​മാ​ച​ലി​ന്‍റെ സാം​സ്കാ​രി​ക പൈ​തൃ​കം ഞ​ങ്ങ​ളെ വ​ര​വേ​റ്റു.

ച​ന്പാ മേ​ഖ​ല​യി​ലെ ആ​ചാ​ര​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ലോ​ഹ​ത്തി​ൽ തീ​ർ​ത്ത മ​നോ​ഹ​ര​മാ​യ ച​ന്പാ താ​ൽ, പ്ര​കൃ​തി​ദ​ത്ത നി​റ​ങ്ങ​ളും സ്വ​ർ​ണ​ച്ചാ​യ​വും ചേ​ർ​ത്ത് വ​ര​ച്ച കാം​ഗ്ര മി​നി​യേ​ച്ച​ർ ചി​ത്ര​ങ്ങ​ൾ, ദേ​വ​ദാ​രു മ​ര​വും ക​ല്ലും മാ​ത്രം ഉ​പ​യോ​ഗി​ച്ച് സി​മ​ന്‍റോ ക​ന്പി​യോ ഇ​ല്ലാ​തെ നി​ർ​മി​ക്കു​ന്ന ഭൂ​ക​ന്പ പ്ര​തി​രോ​ധ​ശേ​ഷി​യു​ള്ള ക​ത്ത് കു​നി വാ​സ്തു​വി​ദ്യ, സ്പി​തി മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ ധരിക്കുന്ന വെ​ള്ളി​യും വിലയേറിയ ക​ല്ലു​ക​ളും പ​തി​ച്ച ആ​ഭ​ര​ണ​ങ്ങ​ൾ, ഹി​മാ​ച​ലി​ന്‍റെ അ​ഭി​മാ​ന ചി​ഹ്ന​മാ​യ ക​ന്പി​ളി ഹി​മാ​ച​ലി തൊ​പ്പി എ​ന്നി​വ​യൊ​ക്കെ പൗ​രാ​ണി​ക സം​സ്കാ​ര​ത്തി​ന്‍റെ ക​ഥ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. ഒ​രു കോ​ണി​ൽ കു​ള്ളു ദ​സ​റ​യു​ടെ ചി​ത്ര​ങ്ങ​ളും വി​വ​ര​ണ​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ഹബ്ബിന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത ഇ​വി​ട​ത്തെ കാ​ഴ്ച​വ​സ്തു​ക്ക​ളാ​യി​രു​ന്നി​ല്ല മ​റി​ച്ച് ഇ​വി​ടെ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രാ​യി​രു​ന്നു. ഇ​വി​ടെ ജോ​ലി ചെ​യ്യു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ്ത്രീ​ക​ളാ​ണ്. വി​ദ്യാ​ഭ്യാ​സ​മു​ണ്ടാ​യി​ട്ടും തൊ​ഴി​ൽ തേ​ടി ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പോ​കാ​ൻ ത​യാ​റാകാതെ വീ​ടു​ക​ൾ​ക്കു​ള്ളി​ൽ ഒ​തു​ങ്ങി​യി​രു​ന്ന പ​ല​ർ​ക്കും ഹ​ബ് പു​തി​യൊ​രു ജീ​വി​തം സ​മ്മാ​നി​ച്ചു.

ഇ​ന്നി​വ​ർ ജീ​വ​ന​ക്കാ​ർ മാ​ത്ര​മ​ല്ല, ഗ​വേ​ഷ​ക​ർ​ക്കും യാ​ത്രി​ക​ർ​ക്കും ആ​തി​ഥേ​യ​രാ​ണ്. ഗ്രീ​ൻ ഹ​ബ് ഫെ​ലോ​ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി എ​ത്തു​ന്ന ഗ​വേ​ഷ​ക​ർ​ക്കും സ​ഞ്ചാ​രി​ക​ൾ​ക്കു​മാ​യി ഇ​വ​ർ ന​ട​ത്തു​ന്ന ക​ഫേ​യി​ൽ ഹി​മാ​ച​ലി​ന്‍റെ പ​ര​ന്പ​രാ​ഗ​ത രു​ചി​ക​ൾ ആ​സ്വ​ദി​ക്കാം.

പൈ​തൃ​ക​ങ്ങ​ളു​ടെ കാ​വ​ലാ​ളു​ക​ൾ

ഹി​മാ​ല​യ​ൻ ജ​ന​ത​യ്ക്ക് റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് ഒ​രു മോ​ട്ടോ​ർ സൈ​ക്കി​ൾ മാ​ത്ര​മ​ല്ല, അ​ത് സാ​ഹ​സി​ക​ത​യു​ടെ പ്ര​തീ​ക​മാ​ണ്. മ​ല​നി​ര​ക​ളി​ലൂ​ടെ ഒ​രു കൂ​ട്ടം ബു​ള്ള​റ്റു​ക​ൾ കു​തി​ച്ചെ​ത്തു​ന്ന​ത് ക​ണ്ടാ​ൽ വ​ഴി​യ​രി​കി​ൽ നി​ൽ​ക്കു​ന്ന​വ​ർ കൈ​വീ​ശി അ​ഭി​വാ​ദ്യം ചെ​യ്യും. ചി​ല​ർ ഓ​ടി​യെ​ത്തി ചി​ത്ര​മെ​ടു​ക്കും. ചി​ല ഗ്രാ​മ​ങ്ങ​ളി​ൽ പൂ​മാ​ല​യ​ണി​യി​ച്ച് സ്വീ​ക​രി​ക്കു​ന്ന പ​തി​വു​മു​ണ്ട്. അ​പ​രി​ചി​ത​രെ​പ്പോ​ലും സ്വ​ന്തം വീ​ട്ടി​ലെ അ​തി​ഥി​ക​ളാ​യി കാ​ണു​ന്ന ആ​തി​ഥ്യ​മ​ര്യാ​ദ​യു​ടെ നേ​ർ​ക്കാ​ഴ്ച​ക​ളാ​യി​രു​ന്നു അ​വ.

ഈ ​മ​നു​ഷ്യ​രോ​ടു​ള്ള ആ​ദ​രസൂ​ച​ക​മാ​യാ​ണ് റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് സോ​ഷ്യ​ൽ മി​ഷ​നും യു​നെ​സ്കോ​യും ചേ​ർ​ന്ന് ഹി​മാ​ല​യ​ത്തി​ന്‍റെ ജീ​വി​ക്കു​ന്ന പൈ​തൃ​ക​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന വ​ലി​യ ദൗ​ത്യം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. കി​ഴ​ക്ക​ൻ, പ​ടി​ഞ്ഞാ​റ​ൻ ഹി​മാ​ല​യ​ങ്ങ​ളി​ലാ​യി ഇ​രു​നൂ​റോ​ളം പാ​ര​ന്പ​ര്യ ആ​ചാ​ര​ങ്ങ​ളും ജീ​വി​ത​രീ​തി​ക​ളും രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യം.

ഇ​തി​നോ​ട​കം എ​ട്ട് കി​ഴ​ക്ക​ൻ ഹി​മാ​ല​യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽനി​ന്ന് അ​റു​പ​തി​ല​ധി​കം പൈ​തൃ​ക​ങ്ങ​ളും ല​ഡാ​ക്കി​ൽനി​ന്ന് പ​ന്ത്ര​ണ്ടി​ല​ധി​കം പാ​ര​ന്പ​ര്യ​ങ്ങ​ളും ഡോ​ക്കുമെ​ന്‍റ് ചെ​യ്തു​ക​ഴി​ഞ്ഞു. ഇ​ത് കേ​വ​ലം ച​രി​ത്ര​രേ​ഖ​യ​ല്ല. ത​ല​മു​റ​ക​ളി​ലൂ​ടെ കൈ​മാ​റ​പ്പെ​ട്ട വാ​മൊ​ഴി പാ​ര​ന്പ​ര്യ​ങ്ങ​ൾ, അ​വ​ത​ര​ണ​ക​ല​ക​ൾ, ഉ​ത്സ​വ​ങ്ങ​ൾ, സാ​മൂ​ഹി​കാ​ചാ​ര​ങ്ങ​ൾ, പ്ര​കൃ​തി​യെ​ക്കു​റി​ച്ചു​ള്ള ത​ദ്ദേ​ശീ​യ അ​റി​വു​ക​ൾ, ക​ര​കൗ​ശ​ല​വി​ദ്യ​ക​ൾ എ​ന്നി​ങ്ങ​നെ സ​മൂ​ഹ​ത്തി​ന്‍റെ ജീ​വ​നു​ള്ള സം​സ്കാ​ര​ത്തെ ഭാ​വി​യി​ലേ​ക്ക് കൈ​മാ​റാ​നു​ള്ള ശ്ര​മ​മാ​ണ്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ ആ​ഘാ​തം ഏ​റ്റ​വും കൂ​ടു​ത​ൽ അ​നു​ഭ​വി​ക്കു​ന്ന സാ​നു​നി​ര​ക​ളി​ലെ ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക് അ​വ​രു​ടെ പാ​ര​ന്പ​ര്യ​വി​ജ്ഞാ​നം സം​ര​ക്ഷി​ക്കു​ന്ന​തും അ​തി​ജീ​വ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ഈ ​സം​രം​ഭം ഓ​ർ​മി​പ്പി​ക്കു​ന്നു.
മ​ഹാ​സു​വി​ലെ യു​ദ്ധം

ഹി​മാ​ല​യ​ൻ ഹ​ബ്ബി​ൽ​നി​ന്ന് യാ​ത്ര തു​ട​ർ​ന്ന​ത് മ​ഹാ​സു ഗ്രാ​മ​ത്തി​ലേ​ക്കാ​യി​രു​ന്നു. ഷിം​ല​യി​ൽ​നി​ന്ന് അ​റു​പ​തോ​ളം കി​ലോ​മീ​റ്റ​ർ അ​ക​ലെ സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 6,800 അ​ടി ഉ​യ​ര​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ഒ​രു കാ​ർ​ഷി​ക​ഗ്രാ​മം. ആ​പ്പി​ൾ തോ​ട്ട​ങ്ങ​ളാ​ണ് മ​ഹാ​സു​വി​ന്‍റെ അ​ട​യാ​ളം. മ​ല​ക​ൾ ക​യ​റി​യും ഇ​റ​ങ്ങി​യു​മു​ള്ള യാ​ത്ര​യി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും നി​ര​ന്നു​നി​ന്ന ആ​പ്പി​ൾ മ​ര​ങ്ങ​ൾ ക​ണ്ണി​ന് കു​ളി​ർ​മ​യാ​യി. ഇ​ട​യ്ക്കി​ടെ കാ​ട്ടു​ചെ​ടി​ക​ൾ​ക്കി​ട​യി​ലൂ​ടെ വ​ള​ർ​ന്നു​നി​ൽ​ക്കു​ന്ന ക​ഞ്ചാ​വ് ചെ​ടി​ക​ളും ഹി​മാ​ല​യ​ത്തി​ന്‍റെ മ​റ്റൊ​രു മു​ഖം കാ​ട്ടി​ത്ത​ന്നു.

ഒ​ടു​വി​ൽ ഒ​രു പു​രാ​ത​ന ക്ഷേ​ത്ര​മു​റ്റ​ത്ത് ബൈ​ക്കു​ക​ൾ നി​ശ​ബ്ദ​മാ​യി നി​ന്നു. ദേ​വ​ദാ​രു​വി​ൽ നി​ർ​മി​ച്ച ഈ ​കാ​ളീ​ക്ഷേ​ത്രം ക​ത്ത് കു​നി വാ​സ്തു​വി​ദ്യ​യു​ടെ മ​നോ​ഹ​ര മാ​തൃ​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ഞ​ങ്ങ​ളെ അ​വി​ടെ​യെ​ത്തി​ച്ച​ത് ക്ഷേ​ത്ര​മ​ല്ല, ക്ഷേ​ത്ര​മു​റ്റ​ത്ത് അ​ര​ങ്ങേ​റു​ന്ന നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള "ഥോ​ഡ’ യു​ദ്ധ​മാ​യി​രു​ന്നു. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ വൈ​ശാ​ഖി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള പ​ര​ന്പ​രാ​ഗ​ത അ​ന്പെ​യ്ത്തു മ​ത്സ​രം വെ​റും കാ​യി​ക​മ​ത്സ​ര​മ​ല്ല.

മ​ഹാ​ഭാ​ര​ത​ത്തി​ലെ കൗ​ര​വ​രു​ടെ​യും പാ​ണ്ഡ​വ​രു​ടെ​യും പിൻമുറ​ക്കാ​രാ​ണെ​ന്ന് വി​ശ്വ​സി​ക്കു​ന്ന ര​ണ്ട് വി​ഭാ​ഗ​ങ്ങ​ൾ "സാ​ഥി’​യും "പാ​ശി’​യും​ ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലാ​ണി​ത്. ക​ളി​ക്ക​ള​ത്തി​ലി​റ​ങ്ങി​യ​വ​ർ പ​ര​ന്പ​രാ​ഗ​ത വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചി​രു​ന്നു. കൈ​ക​ളി​ൽ അ​ന്പും വി​ല്ലും. നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ണ്. എ​തി​രാ​ളി​യു​ടെ കാ​ൽ​മു​ട്ടി​ന് താ​ഴെ മാ​ത്ര​മേ അ​ന്പ് തൊ​ടാ​വൂ. ല​ക്ഷ്യം കൃ​ത്യ​മാ​യി കൊ​ണ്ടാ​ൽ വി​ജ​യി ആ​ർ​പ്പു​വി​ളി​ക്കും. ചു​റ്റും വാ​ദ്യ​മേ​ള​ങ്ങ​ൾ മു​ഴ​ങ്ങും. കാ​ണി​ക​ൾ ആ​വേ​ശ​ത്തോ​ടെ കൈ​യ​ടി​ക്കും. അ​ന്പു​ക​ൾ പ​റ​ക്കു​ന്പോ​ഴും അ​തൊ​രു യു​ദ്ധ​ത്തേ​ക്കാ​ൾ ഉ​ത്സ​വം​പോ​ലെ​യാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.

മ​ണ്ഡി​യി​ലെ "ധാം’ ​സ​ദ്യ

കു​ളു​വി​ലെ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ളും മ​ണാ​ലി​യി​ലെ തി​ര​ക്കേ​റി​യ തെ​രു​വി​ലെ ഷോ​പ്പിം​ഗും ക​ഴി​ഞ്ഞ് മ​ണ്ഡി​യി​ലെ​ത്തു​ന്പോ​ൾ രാ​ത്രി ഏ​റെ വൈ​കി​യി​രു​ന്നു. എ​ന്നാ​ൽ ഞ​ങ്ങ​ളെ കാ​ത്തി​രു​ന്ന​ത് ഹി​മാ​ച​ലി​ന്‍റെ ഏ​റ്റ​വും വി​ശി​ഷ്ട പാ​ച​ക പാ​ര​ന്പ​ര്യ​ങ്ങ​ളി​ലൊ​ന്നാ​യ "ധാം’ ​സ​ദ്യ​യാ​യി​രു​ന്നു. വി​വാ​ഹ​ങ്ങ​ളി​ലും ഉ​ത്സ​വ​ങ്ങ​ളി​ലും മാ​ത്രം ഒ​രു​ക്കു​ന്ന ഈ ​പ​ര​ന്പ​രാ​ഗ​ത സ​ദ്യ ത​ല​മു​റ​ക​ളാ​യി ബ്രാ​ഹ്മ​ണ പാ​ച​ക​ക്കാ​രാ​യ "ബോ​ട്ടി​ക​ൾ’ സം​ര​ക്ഷി​ച്ചു വ​രു​ന്ന പൈ​തൃ​ക​മാ​ണ്.

താ​മ​സിച്ചിരുന്ന ഹോ​ട്ട​ലി​ൽ​നി​ന്ന് ഒ​രു മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്താ​ണ് ആ ​ചെ​റി​യ ഗ്രാ​മ​ത്തി​ലെ​ത്തി​യ​ത്. രാ​ത്രി​യു​ടെ നി​ശ​ബ്ദ​ത അ​വി​ടം പൂ​ർ​ണ​മാ​യി കീ​ഴ​ട​ക്കി​യി​രു​ന്നു. വി​ജ​ന​മാ​യ വ​ഴി​ക​ൾ. നി​ലാ​വി​ൽ വെ​ള്ളി​പോ​ലെ തി​ള​ങ്ങു​ന്ന വ​യ​ലു​ക​ൾ. ദൂ​രെ​യെ​വി​ടെ​യോ നാ​യ​യു​ടെ കു​ര. ​ഇ​രു​ട്ടി​ൽ ഒ​രു വീ​ട് മാ​ത്രം വെ​ളി​ച്ച​ത്തി​ൽ മു​ങ്ങി​നി​ന്നു. മ​ണ്ഡി യു​വ​ഗാ​യ​ക​ൻ ജെ​ദി​ൻ ശ​ർ​മ​യു​ടെ വീ​ടാ​യി​രു​ന്നു അ​ത്. ജെ​ദി​ന്‍റെ വീ​ട്ടു​മു​റ്റ​ത്ത് വി​രി​ച്ച പാ​യ​യി​ൽ ഇ​രു​ന്ന​പ്പോ​ൾ ഇ​ല​ക​ൾ തു​ന്നി​ച്ചേ​ർ​ത്തു​ണ്ടാ​ക്കി​യ പാ​ത്രങ്ങള്‌ മു​ന്നി​ലെ​ത്തി.

ആ​ദ്യം ചോ​റും ദാ​ലും. തു​ട​ർ​ന്ന് തൈ​രും സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ളും ചേ​ർ​ത്ത് ത​യാറാ​ക്കി​യ മ​ദ്ര, തൈ​രും മ​ത്ത​ങ്ങ​യും ചേ​ർ​ത്ത പ​ൽ​ദ, മാ​ങ്ങ​യു​ടെ പു​ളി​പ്പു​ള്ള ഖ​ട്ട. ഓ​രോ വി​ഭ​വ​ത്തി​നും വ്യ​ത്യ​സ്ത​മാ​യ രു​ചി. ഒ​ടു​വി​ൽ ചോ​റും ഡ്രൈ ​ഫ്രൂ​ട്ട്സും ചേ​ർ​ത്ത മ​ധ എ​ന്ന മ​ധു​ര പ​ല​ഹാ​രം.

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ നി​ന്നെ​ത്തി​യ​വ​രാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടാ​കാം ഹി​മാ​ല​യ​ൻ ആ​ട്ടി​റ​ച്ചികൊ​ണ്ട് മ​ട്ട​ണ്‍ ക​റി​യും അ​വ​ർ പ്ര​ത്യേ​കം വി​ള​ന്പി. ശേ​ഷം ജെ​ദി​ൻ ശ​ർ​മ​യു​ടെ സം​ഗീ​ത​വും ആ​സ്വ​ദി​ച്ചി​റ​ങ്ങു​ന്പോ​ൾ ആ ​വി​ഭ​വ​ത്തി​ന്‍റെ രു​ചി​യേ​ക്കാ​ൾ മ​ന​സി​ൽ ത​ങ്ങി​യ​ത് അ​വ​രു​ടെ സ്നേ​ഹ​മാ​യി​രു​ന്നു.

മ​ര​ണം പ​തു​ങ്ങി​യ മ​ല​നി​ര​ക​ൾ

ഹി​മാ​ല​യ​ത്തി​ന്‍റെ സൗ​ന്ദ​ര്യം അ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ വ​ഞ്ച​നകൂ​ടി​യാ​ണ്. മ​ഞ്ഞു​പു​ത​ച്ച കൊ​ടു​മു​ടി​ക​ളും ദേ​വ​ദാ​രു വ​ന​ങ്ങ​ളും ക​ണ്ണു​ക​ളെ വി​സ്മ​യി​പ്പി​ക്കു​ന്പോ​ൾ ആ ​സൗ​ന്ദ​ര്യ​ത്തി​ന്‍റെ അ​ടി​യി​ൽ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ഉ​ണ​രാ​വു​ന്ന ഒ​രു പ്ര​കൃ​തി​ശ​ക്തി പ​തു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ട്. ഉ​റ​പ്പി​ല്ലാ​ത്ത മ​ണ്ണും ഉ​രു​ള​ൻ പാ​റ​ക​ളും ഹി​മാ​ല​യ യാ​ത്ര​ക​ളു​ടെ നി​ശ​ബ്ദ ശ​ത്രു​ക്ക​ളാ​ണ്. ഹി​മാ​ല​യ​ൻ ഹ​ബ്ബി​ലെ സ്ത്രീ​ക​ൾ മ​ണ്ണി​ടി​ച്ചി​ലി​ന്‍റെ ക​ഥ​ക​ൾ പ​റ​ഞ്ഞ​പ്പോ​ൾ അ​ത് ഞ​ങ്ങ​ൾ​ക്ക് കേ​വ​ലം ഒ​രു അ​നു​ഭ​വ വി​വ​ര​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ യാ​ത്ര​യു​ടെ അ​വ​സാ​ന ദി​വ​സം ആ ​ക​ഥ​യു​ടെ ഭാ​ഗ​മാ​കേ​ണ്ടി വ​രു​മെ​ന്ന് ആ​രും ക​രു​തി​യി​ല്ല.

മ​ല​നി​ര​ക​ളി​ൽ നി​ന്ന് തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നി​ടെ ഒ​രു കു​ന്നി​ൻ ചെ​രു​വി​ൽ ബൈ​ക്കു​ക​ൾ നി​ർ​ത്തി വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യാ​ത്ര​യു​ടെ ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ചും ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യും സ​മ​യം ക​ട​ന്നു​പോ​യി. സം​സാ​ര​ത്തി​നി​ടെ കൂ​ട്ട​ത്തി​ലൊ​രാ​ൾ ചോ​ദി​ച്ചു: “ഇ​പ്പോ​ൾ ഈ ​മ​ല ഇ​ടി​ഞ്ഞു​ വീ​ണാ​ൽ എ​ന്ത് ചെ​യ്യും?”

ചോ​ദ്യം വാ​യു​വി​ൽ അ​ലി​ഞ്ഞു​തീ​രു​ന്ന​തി​ന് മു​ന്പ് പ്ര​കൃ​തി മ​റു​പ​ടി പ​റ​ഞ്ഞു. ആ​ദ്യം ചെ​റി​യ ക​ല്ലു​ക​ൾ ഉ​രു​ണ്ടു​വ​ന്നു. പി​ന്നെ മ​ണ്ണ്. അ​തി​നു പി​ന്നാ​ലെ കാ​ത​ട​പ്പി​ക്കു​ന്ന ഗ​ർ​ജ​നം. മു​ക​ളി​ലെ മ​ല​യു​ടെ ഒ​രു ഭാ​ഗം വ​ലി​യ ശ​ബ്ദ​ത്തോ​ടെ അ​ട​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു. "ച​ലോ.. ച​ലോ...’ എ​ന്ന നി​ല​വി​ളി മാ​ത്രം കേ​ട്ടു. എ​ല്ലാ​വ​രും നാ​ലു​പാ​ടും ചി​ത​റി​യോ​ടി. പൊ​ടി അ​ട​ങ്ങി​യ​പ്പോ​ൾ ആ​ദ്യം പ​ര​സ്പ​രം മു​ഖ​ങ്ങ​ൾ തി​ര​ഞ്ഞു. എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​യി​രു​ന്നു.

പി​ന്നീ​ട് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു: വ​ലി​യ മ​ണ്ണി​ടി​ച്ചി​ലി​ന് മു​ന്പ് ഹി​മാ​ല​യം പ​ല​പ്പോ​ഴും മു​ന്ന​റി​യി​പ്പ് ന​ൽ​കും. ആ​ദ്യം ചെ​റി​യ ക​ല്ലു​ക​ൾ വീ​ഴും. മ​ണ്ണ് പ​തി​യെ ഇ​ള​കും. സൂ​ച​ന തി​രി​ച്ച​റി​യു​ന്ന​വ​ർ ര​ക്ഷ​പ്പെ​ടും. ആ ​നി​മി​ഷം മ​ന​സി​ലാ​യി ഹി​മാ​ല​യ​ത്തി​ൽ ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന​ത് ധൈ​ര്യം മാ​ത്ര​മ​ല്ല, പ്ര​കൃ​തി​യു​ടെ മു​ന്ന​റി​യി​പ്പു​ക​ൾ കേ​ൾ​ക്കാ​നു​ള്ള വി​ന​യ​വു​മാ​ണെ​ന്ന്.

ഏ​ഴു ദി​വ​സ​ങ്ങ​ൾ. ഏ​ഴു​നൂ​റി​ല​ധി​കം കി​ലോ​മീ​റ്റ​റു​ക​ൾ. എ​ണ്ണ​മ​റ്റ ഓ​ർ​മ​ക​ൾ. യാ​ത്ര അ​വ​സാ​നി​പ്പി​ച്ച് മ​ല​നി​ര​ക​ളി​ൽനി​ന്ന് താ​ഴേ​ക്ക് ഇ​റ​ങ്ങു​ന്പോ​ൾ മ​ന​സിന്‍റെ സഞ്ചാരം പി​ന്നോ​ട്ടാ​യി​രു​ന്നു.

വ​ശ്യ​ത​യു​ടെ രു​ചി ​വി​സ്മ​യം

സം​സ്കാ​ര​ത്തെ അ​ടു​ത്ത​റി​യാ​നു​ള്ള എ​ളു​പ്പ​വ​ഴി ഭ​ക്ഷ​ണ​മാ​ണെ​ന്ന് പ​റ​യാ​റു​ണ്ട്. ഹി​മാ​ല​യ​ൻ ഹ​ബി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു മു​ന്നി​ൽ നി​ര​ന്ന വി​ഭ​വ​ങ്ങ​ൾ ആ ​വാ​ക്കു​ക​ൾ ശ​രി​വ​യ്ക്കു​ന്ന​താ​യി​രു​ന്നു. ആ​ദ്യം എ​ത്തി​യ​ത് സി​ദ്ദു​വാ​യി​രു​ന്നു. ആ​ദ്യ​കാ​ഴ്ച​യി​ൽ അ​ത് ഇ​ഡ്ഡ​ലി​യെ ഓ​ർ​മി​പ്പി​ച്ചു. ഒ​രു ക​ഷ​ണം മു​റി​ച്ച​പ്പോ​ൾ കൊ​ഴു​ക്ക​ട്ട​യു​ടെ ഓ​ർ​മ വ​ന്നു. വാ​യി​ലി​ട്ട​പ്പോ​ൾ റൊ​ട്ടി​യു​ടെ മൃ​ദു​ത്വം.

ഗോ​ത​ന്പ് മാ​വ് പു​ളി​പ്പി​ച്ച​ശേ​ഷം ഉ​ള്ളി​ൽ ഗ്രീ​ൻ പീ​സ്, വാ​ൾ​ന​ട്ട്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി, മു​ള​ക്, നാ​ട​ൻ പ​യ​ർ​പേ​സ്റ്റ് എ​ന്നി​വ ചേ​ർ​ത്ത രു​ചി​കൂ​ട്ടു​ക​ൾ നി​റ​ച്ച് ആ​വി​യി​ൽ വേ​വി​ച്ചെ​ടു​ക്കു​ന്ന​താ​ണ് സി​ദ്ദു. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ക​ശ​ക​ശ​യും ശ​ർ​ക്ക​ര​യും നി​റ​ച്ച മ​ധു​ര​പ്പ​തി​പ്പും ത​യ്യാ​റാ​ക്കാ​റു​ണ്ട്. എ​രി​വു​ള്ള പു​തി​ന ച​ട്ണി, ചൂ​ട് പ​യ​ർ​സൂ​പ്പ്, ഉ​രു​കി​യ വെ​ണ്ണ എ​ന്നി​വ​യ്ക്കൊ​പ്പ​മാ​ണ് ഈ ​വി​ഭ​വം വി​ള​ന്പു​ന്ന​ത്.

സി​ദ്ദു​വി​ന് പി​ന്നാ​ലെ എ​ത്തി​യ​ത് ബ​ദി. വ​ട ആ​കൃ​തി​യി​ലു​ള്ള ഗോ​ത​ന്പ് പ​ല​ഹാ​രം. ന​ടു​വി​ലെ ചെ​റി​യ കു​ഴി​യി​ൽ തേ​ൻ അ​ല്ലെ​ങ്കി​ൽ മ​ധു​ര​പാ​നീ​യം ഒ​ഴി​ച്ചാ​ണ് അ​ത് വി​ള​ന്പു​ന്ന​ത്. വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലും സ​ന്തോ​ഷ​വേ​ള​ക​ളി​ലും മാ​ത്ര​മാ​ണ് ഈ ​പ​ല​ഹാ​രം ത​യ്യാ​റാ​ക്കു​ന്ന​ത്.

Latest News

Corehub Up