തിയോഗിലെ റോയൽ എൻഫീൽഡ് ഹിമാലയൻ ഹബ്ബിലെ ജീവനക്കാർക്കൊപ്പം സംഘാഗംങ്ങൾ.
ചില യാത്രകൾ ഭൂമിശാസ്ത്രപരമായ അതിരുകൾ മാത്രമല്ല കടന്നുപോകുന്നത്. അവ നമ്മുടെ ഉള്ളിലേക്കും പുതിയ ലോകം തുറന്നിടും. ചില പർവതങ്ങൾ കേവലം കാഴ്ചകളല്ല; മറിച്ച്, മനുഷ്യ അതിജീവനത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. ചില ഗ്രാമങ്ങൾ ഭൂപടത്തിലെ പേരുകൾ മാത്രമല്ല, പ്രകൃതിയുമായി സഹജീവിതം തീർത്ത മനുഷ്യരുടെ നിശബ്ദ ഇതിഹാസങ്ങളാണ്.
അങ്ങനെയൊരു അനുഭവമായിരുന്നു റോയൽ എൻഫീൽഡ് സംഘടിപ്പിച്ച "ദി ഗ്രേറ്റ് ഇന്ത്യൻ ക്രോസ്റോഡ്സ് -നോർത്ത് എഡിഷൻ’ യാത്ര. ചണ്ഡിഗഡിൽനിന്ന് ഹിമാചൽ പ്രദേശിന്റെ ഉൾഗ്രാമങ്ങളിലേക്ക് നീണ്ട ഏഴു ദിവസ ബൈക്ക് യാത്ര 730 കിലോമീറ്ററുകൾ താണ്ടിയ സാഹസിക പര്യടനമായിരുന്നില്ല.
ഹിമാലയ പർവതത്തിന്റെ ഹൃദയത്തിലൊളിപ്പിച്ച ജീവിതങ്ങളും പാരന്പര്യങ്ങളും രുചികളും മനുഷ്യന്റെ അതിജീവനവും അടുത്തറിഞ്ഞ ദിവസങ്ങളായിരുന്നു. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽനിന്നുള്ള പത്ത് മാധ്യമപ്രവർത്തരും റോയൽ എൻഫീൽഡ് ഒഫീഷ്യൽസും ഉൾപ്പെടെ 24 പേരായിരുന്നു സംഘത്തിൽ. യാത്രയിൽ ഓരോരുത്തർക്കും വ്യത്യസ്തമായ ഓരോ കഥകൾ തേടാനുണ്ടായിരുന്നു.
ഹരിയാനയുടെയും പഞ്ചാബിന്റെയും ചുട്ടുപഴുത്ത വെയിലിനെ പിന്നിലാക്കി റോയൽ എൻഫീൽഡ് ബൈ ക്കുകൾ ഹിമാചലിന്റെ തണുത്ത കാറ്റിലേക്ക് കുതിച്ചുകയറി. ഓരോ കിലോമീറ്ററും പിന്നിടുന്പോൾ പ്രകൃതി നിറവും സ്വഭാവവും മാറ്റിക്കൊണ്ടിരുന്നു. പച്ചപ്പിന്റെ വിശാലത പതിയെ ദേവദാരു വനങ്ങളുടെ ഇരുണ്ട നിശബ്ദതയിലേക്കു വഴിതുറന്നു. മഞ്ഞു പുതച്ച ഹിമാലയ മടക്കുകൾ ദൂരക്കാഴ്ചയിൽ പ്രത്യക്ഷപ്പെട്ടു. റോഡുകൾ ഇടുങ്ങി. വളവുകൾ മൂർച്ഛിച്ചു. ഓരോ തുരങ്കത്തിലേക്കും വാഹനം കയറുന്പോൾ എൻജിന്റെ ഗർജനം ചെവികളിൽ പ്രതിധ്വനിച്ചു. ടണലിൽനിന്ന് വെളിച്ചത്തിലേക്ക് ഇറങ്ങുന്ന ഓരോ നിമിഷവും മറ്റൊരു ലോകത്തേക്കു കടക്കുന്ന അനുഭവമായിരുന്നു.
സോളൻ, ഷിംല, കുഫ്രി എന്നിവ പിന്നിട്ട് ആദ്യ ലക്ഷ്യസ്ഥാനമായ തിയോഗിലെത്തി. ഇവിടെനിന്നാണ് യഥാർഥ ഹിമാലയൻ അനുഭവം ആരംഭിക്കുന്നത്. പ്രധാന പാത ഉപേക്ഷിച്ച് മലയുടെ അടിവാരങ്ങളിലേക്ക് തിരിഞ്ഞതോടെ യാത്ര കൂടുതൽ വെല്ലുവിളിയായി. ഒരു വശത്ത് ആഴമേറിയ കൊക്കകളും മറുവശത്ത് ആകാശം തൊടുന്ന മലഞ്ചെരിവുകളും.
ഉരുളൻ കല്ലുകൾ നിറഞ്ഞ മണ്പാതകളിലൂടെ ബൈക്കുകൾ അതിസൂക്ഷ്മമായി മുന്നേറി. ഓരോ വളവും കടക്കുന്പോൾ പുതിയൊരു കാഴ്ച കാത്തുനിന്നു. ചിലയിടങ്ങളിൽ സൂര്യപ്രകാശം പോലും ദേവദാരു മരങ്ങളുടെ സാന്ദ്രമായ ശിഖിരങ്ങൾ തുളച്ചിറങ്ങാൻ മടിക്കുന്നതുപോലെ തോന്നി. ഒടുവിൽ എത്തിയത് "റോയൽ എൻഫീൽഡ് ഹിമാലയൻ ഹബ് ’ എന്ന ഗ്രാമത്തിലേക്കായിരുന്നു.
അതിജീവനത്തിന്റെ പെണ്കരുത്ത്
മലയുടെ അടിവാരത്ത് ശാന്തത തുളുന്പുന്ന ചെറിയ ഗ്രാമമാണ് ഹിമാലയൻ ഹബ്. റോയൽ എൻഫീൽഡ് സോഷ്യൽ മിഷന്റെ ഭാഗമായി ദത്തെടുത്ത ഈ ഗ്രാമം ഒരു പഠനകേന്ദ്രം മാത്രമല്ല, പാരന്പര്യവും സുസ്ഥിരവികസനവും കൈകോർക്കുന്ന അപൂർവ മാതൃകയാണ്. ഹിമാലയത്തിന്റെ പൈതൃകവും ഭാവിയും ഒരുപോലെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പ്രതീക്ഷയുടെ കേന്ദ്രം.
നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു പരന്പരാഗത ഹിമാലയൻ വീട് യഥാർഥ രൂപഭംഗി നിലനിർത്തി നവീകരിച്ചാണ് ഈ ഹബ് ഒരുക്കിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനും പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനുള്ള അറിവനുഭവങ്ങൾ പങ്കുവയ്ക്കാനുമുള്ള പരീക്ഷണശാലയാണിത്. 2030 എത്തുന്പോൾ നൂറ് ഹിമാലയൻ ഗ്രാമങ്ങളെ ഇത്തരം സംരംഭങ്ങളിലൂടെ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വീടിന്റെ പടിവാതിൽ കടന്ന നിമിഷം ഹിമാചലിന്റെ സാംസ്കാരിക പൈതൃകം ഞങ്ങളെ വരവേറ്റു.
ചന്പാ മേഖലയിലെ ആചാരങ്ങളിൽ ഉപയോഗിക്കുന്ന ലോഹത്തിൽ തീർത്ത മനോഹരമായ ചന്പാ താൽ, പ്രകൃതിദത്ത നിറങ്ങളും സ്വർണച്ചായവും ചേർത്ത് വരച്ച കാംഗ്ര മിനിയേച്ചർ ചിത്രങ്ങൾ, ദേവദാരു മരവും കല്ലും മാത്രം ഉപയോഗിച്ച് സിമന്റോ കന്പിയോ ഇല്ലാതെ നിർമിക്കുന്ന ഭൂകന്പ പ്രതിരോധശേഷിയുള്ള കത്ത് കുനി വാസ്തുവിദ്യ, സ്പിതി മേഖലയിലെ സ്ത്രീകൾ ധരിക്കുന്ന വെള്ളിയും വിലയേറിയ കല്ലുകളും പതിച്ച ആഭരണങ്ങൾ, ഹിമാചലിന്റെ അഭിമാന ചിഹ്നമായ കന്പിളി ഹിമാചലി തൊപ്പി എന്നിവയൊക്കെ പൗരാണിക സംസ്കാരത്തിന്റെ കഥ പറഞ്ഞുകൊണ്ടിരുന്നു. ഒരു കോണിൽ കുള്ളു ദസറയുടെ ചിത്രങ്ങളും വിവരണങ്ങളും പ്രദർശിപ്പിച്ചിരുന്നു.
എന്നാൽ ഹബ്ബിന്റെ ഏറ്റവും വലിയ പ്രത്യേകത ഇവിടത്തെ കാഴ്ചവസ്തുക്കളായിരുന്നില്ല മറിച്ച് ഇവിടെ ജീവിക്കുന്ന മനുഷ്യരായിരുന്നു. ഇവിടെ ജോലി ചെയ്യുന്നത് പ്രദേശവാസികളായ സ്ത്രീകളാണ്. വിദ്യാഭ്യാസമുണ്ടായിട്ടും തൊഴിൽ തേടി നഗരങ്ങളിലേക്ക് പോകാൻ തയാറാകാതെ വീടുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന പലർക്കും ഹബ് പുതിയൊരു ജീവിതം സമ്മാനിച്ചു.
ഇന്നിവർ ജീവനക്കാർ മാത്രമല്ല, ഗവേഷകർക്കും യാത്രികർക്കും ആതിഥേയരാണ്. ഗ്രീൻ ഹബ് ഫെലോഷിപ്പിന്റെ ഭാഗമായി എത്തുന്ന ഗവേഷകർക്കും സഞ്ചാരികൾക്കുമായി ഇവർ നടത്തുന്ന കഫേയിൽ ഹിമാചലിന്റെ പരന്പരാഗത രുചികൾ ആസ്വദിക്കാം.
പൈതൃകങ്ങളുടെ കാവലാളുകൾ
ഹിമാലയൻ ജനതയ്ക്ക് റോയൽ എൻഫീൽഡ് ഒരു മോട്ടോർ സൈക്കിൾ മാത്രമല്ല, അത് സാഹസികതയുടെ പ്രതീകമാണ്. മലനിരകളിലൂടെ ഒരു കൂട്ടം ബുള്ളറ്റുകൾ കുതിച്ചെത്തുന്നത് കണ്ടാൽ വഴിയരികിൽ നിൽക്കുന്നവർ കൈവീശി അഭിവാദ്യം ചെയ്യും. ചിലർ ഓടിയെത്തി ചിത്രമെടുക്കും. ചില ഗ്രാമങ്ങളിൽ പൂമാലയണിയിച്ച് സ്വീകരിക്കുന്ന പതിവുമുണ്ട്. അപരിചിതരെപ്പോലും സ്വന്തം വീട്ടിലെ അതിഥികളായി കാണുന്ന ആതിഥ്യമര്യാദയുടെ നേർക്കാഴ്ചകളായിരുന്നു അവ.
ഈ മനുഷ്യരോടുള്ള ആദരസൂചകമായാണ് റോയൽ എൻഫീൽഡ് സോഷ്യൽ മിഷനും യുനെസ്കോയും ചേർന്ന് ഹിമാലയത്തിന്റെ ജീവിക്കുന്ന പൈതൃകങ്ങൾ രേഖപ്പെടുത്തുന്ന വലിയ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. കിഴക്കൻ, പടിഞ്ഞാറൻ ഹിമാലയങ്ങളിലായി ഇരുനൂറോളം പാരന്പര്യ ആചാരങ്ങളും ജീവിതരീതികളും രേഖപ്പെടുത്തുകയാണ് ലക്ഷ്യം.
ഇതിനോടകം എട്ട് കിഴക്കൻ ഹിമാലയൻ സംസ്ഥാനങ്ങളിൽനിന്ന് അറുപതിലധികം പൈതൃകങ്ങളും ലഡാക്കിൽനിന്ന് പന്ത്രണ്ടിലധികം പാരന്പര്യങ്ങളും ഡോക്കുമെന്റ് ചെയ്തുകഴിഞ്ഞു. ഇത് കേവലം ചരിത്രരേഖയല്ല. തലമുറകളിലൂടെ കൈമാറപ്പെട്ട വാമൊഴി പാരന്പര്യങ്ങൾ, അവതരണകലകൾ, ഉത്സവങ്ങൾ, സാമൂഹികാചാരങ്ങൾ, പ്രകൃതിയെക്കുറിച്ചുള്ള തദ്ദേശീയ അറിവുകൾ, കരകൗശലവിദ്യകൾ എന്നിങ്ങനെ സമൂഹത്തിന്റെ ജീവനുള്ള സംസ്കാരത്തെ ഭാവിയിലേക്ക് കൈമാറാനുള്ള ശ്രമമാണ്.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സാനുനിരകളിലെ വിഭാഗങ്ങൾക്ക് അവരുടെ പാരന്പര്യവിജ്ഞാനം സംരക്ഷിക്കുന്നതും അതിജീവനത്തിന്റെ ഭാഗമാണെന്ന് ഈ സംരംഭം ഓർമിപ്പിക്കുന്നു.
മഹാസുവിലെ യുദ്ധം
ഹിമാലയൻ ഹബ്ബിൽനിന്ന് യാത്ര തുടർന്നത് മഹാസു ഗ്രാമത്തിലേക്കായിരുന്നു. ഷിംലയിൽനിന്ന് അറുപതോളം കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 6,800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കാർഷികഗ്രാമം. ആപ്പിൾ തോട്ടങ്ങളാണ് മഹാസുവിന്റെ അടയാളം. മലകൾ കയറിയും ഇറങ്ങിയുമുള്ള യാത്രയിൽ റോഡിന്റെ ഇരുവശവും നിരന്നുനിന്ന ആപ്പിൾ മരങ്ങൾ കണ്ണിന് കുളിർമയായി. ഇടയ്ക്കിടെ കാട്ടുചെടികൾക്കിടയിലൂടെ വളർന്നുനിൽക്കുന്ന കഞ്ചാവ് ചെടികളും ഹിമാലയത്തിന്റെ മറ്റൊരു മുഖം കാട്ടിത്തന്നു.
ഒടുവിൽ ഒരു പുരാതന ക്ഷേത്രമുറ്റത്ത് ബൈക്കുകൾ നിശബ്ദമായി നിന്നു. ദേവദാരുവിൽ നിർമിച്ച ഈ കാളീക്ഷേത്രം കത്ത് കുനി വാസ്തുവിദ്യയുടെ മനോഹര മാതൃകയായിരുന്നു. എന്നാൽ ഞങ്ങളെ അവിടെയെത്തിച്ചത് ക്ഷേത്രമല്ല, ക്ഷേത്രമുറ്റത്ത് അരങ്ങേറുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള "ഥോഡ’ യുദ്ധമായിരുന്നു. ഹിമാചൽ പ്രദേശിലെ വൈശാഖി ആഘോഷങ്ങളുടെ ഭാഗമായുള്ള പരന്പരാഗത അന്പെയ്ത്തു മത്സരം വെറും കായികമത്സരമല്ല.
മഹാഭാരതത്തിലെ കൗരവരുടെയും പാണ്ഡവരുടെയും പിൻമുറക്കാരാണെന്ന് വിശ്വസിക്കുന്ന രണ്ട് വിഭാഗങ്ങൾ "സാഥി’യും "പാശി’യും തമ്മിലുള്ള ഏറ്റുമുട്ടലാണിത്. കളിക്കളത്തിലിറങ്ങിയവർ പരന്പരാഗത വസ്ത്രങ്ങൾ ധരിച്ചിരുന്നു. കൈകളിൽ അന്പും വില്ലും. നിയമങ്ങൾ കർശനമാണ്. എതിരാളിയുടെ കാൽമുട്ടിന് താഴെ മാത്രമേ അന്പ് തൊടാവൂ. ലക്ഷ്യം കൃത്യമായി കൊണ്ടാൽ വിജയി ആർപ്പുവിളിക്കും. ചുറ്റും വാദ്യമേളങ്ങൾ മുഴങ്ങും. കാണികൾ ആവേശത്തോടെ കൈയടിക്കും. അന്പുകൾ പറക്കുന്പോഴും അതൊരു യുദ്ധത്തേക്കാൾ ഉത്സവംപോലെയാണ് അനുഭവപ്പെട്ടത്.
മണ്ഡിയിലെ "ധാം’ സദ്യ
കുളുവിലെ സാഹസിക വിനോദങ്ങളും മണാലിയിലെ തിരക്കേറിയ തെരുവിലെ ഷോപ്പിംഗും കഴിഞ്ഞ് മണ്ഡിയിലെത്തുന്പോൾ രാത്രി ഏറെ വൈകിയിരുന്നു. എന്നാൽ ഞങ്ങളെ കാത്തിരുന്നത് ഹിമാചലിന്റെ ഏറ്റവും വിശിഷ്ട പാചക പാരന്പര്യങ്ങളിലൊന്നായ "ധാം’ സദ്യയായിരുന്നു. വിവാഹങ്ങളിലും ഉത്സവങ്ങളിലും മാത്രം ഒരുക്കുന്ന ഈ പരന്പരാഗത സദ്യ തലമുറകളായി ബ്രാഹ്മണ പാചകക്കാരായ "ബോട്ടികൾ’ സംരക്ഷിച്ചു വരുന്ന പൈതൃകമാണ്.
താമസിച്ചിരുന്ന ഹോട്ടലിൽനിന്ന് ഒരു മണിക്കൂർ യാത്ര ചെയ്താണ് ആ ചെറിയ ഗ്രാമത്തിലെത്തിയത്. രാത്രിയുടെ നിശബ്ദത അവിടം പൂർണമായി കീഴടക്കിയിരുന്നു. വിജനമായ വഴികൾ. നിലാവിൽ വെള്ളിപോലെ തിളങ്ങുന്ന വയലുകൾ. ദൂരെയെവിടെയോ നായയുടെ കുര. ഇരുട്ടിൽ ഒരു വീട് മാത്രം വെളിച്ചത്തിൽ മുങ്ങിനിന്നു. മണ്ഡി യുവഗായകൻ ജെദിൻ ശർമയുടെ വീടായിരുന്നു അത്. ജെദിന്റെ വീട്ടുമുറ്റത്ത് വിരിച്ച പായയിൽ ഇരുന്നപ്പോൾ ഇലകൾ തുന്നിച്ചേർത്തുണ്ടാക്കിയ പാത്രങ്ങള് മുന്നിലെത്തി.
ആദ്യം ചോറും ദാലും. തുടർന്ന് തൈരും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് തയാറാക്കിയ മദ്ര, തൈരും മത്തങ്ങയും ചേർത്ത പൽദ, മാങ്ങയുടെ പുളിപ്പുള്ള ഖട്ട. ഓരോ വിഭവത്തിനും വ്യത്യസ്തമായ രുചി. ഒടുവിൽ ചോറും ഡ്രൈ ഫ്രൂട്ട്സും ചേർത്ത മധ എന്ന മധുര പലഹാരം.
ദക്ഷിണേന്ത്യയിൽ നിന്നെത്തിയവരാണെന്ന് അറിഞ്ഞിട്ടാകാം ഹിമാലയൻ ആട്ടിറച്ചികൊണ്ട് മട്ടണ് കറിയും അവർ പ്രത്യേകം വിളന്പി. ശേഷം ജെദിൻ ശർമയുടെ സംഗീതവും ആസ്വദിച്ചിറങ്ങുന്പോൾ ആ വിഭവത്തിന്റെ രുചിയേക്കാൾ മനസിൽ തങ്ങിയത് അവരുടെ സ്നേഹമായിരുന്നു.
മരണം പതുങ്ങിയ മലനിരകൾ
ഹിമാലയത്തിന്റെ സൗന്ദര്യം അതിന്റെ ഏറ്റവും വലിയ വഞ്ചനകൂടിയാണ്. മഞ്ഞുപുതച്ച കൊടുമുടികളും ദേവദാരു വനങ്ങളും കണ്ണുകളെ വിസ്മയിപ്പിക്കുന്പോൾ ആ സൗന്ദര്യത്തിന്റെ അടിയിൽ എപ്പോൾ വേണമെങ്കിലും ഉണരാവുന്ന ഒരു പ്രകൃതിശക്തി പതുങ്ങിക്കിടക്കുന്നുണ്ട്. ഉറപ്പില്ലാത്ത മണ്ണും ഉരുളൻ പാറകളും ഹിമാലയ യാത്രകളുടെ നിശബ്ദ ശത്രുക്കളാണ്. ഹിമാലയൻ ഹബ്ബിലെ സ്ത്രീകൾ മണ്ണിടിച്ചിലിന്റെ കഥകൾ പറഞ്ഞപ്പോൾ അത് ഞങ്ങൾക്ക് കേവലം ഒരു അനുഭവ വിവരണമായിരുന്നു. എന്നാൽ യാത്രയുടെ അവസാന ദിവസം ആ കഥയുടെ ഭാഗമാകേണ്ടി വരുമെന്ന് ആരും കരുതിയില്ല.
മലനിരകളിൽ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ ഒരു കുന്നിൻ ചെരുവിൽ ബൈക്കുകൾ നിർത്തി വിശ്രമിക്കുകയായിരുന്നു. യാത്രയുടെ ഓർമകൾ പങ്കുവച്ചും ചിത്രങ്ങൾ പകർത്തിയും സമയം കടന്നുപോയി. സംസാരത്തിനിടെ കൂട്ടത്തിലൊരാൾ ചോദിച്ചു: “ഇപ്പോൾ ഈ മല ഇടിഞ്ഞു വീണാൽ എന്ത് ചെയ്യും?”
ചോദ്യം വായുവിൽ അലിഞ്ഞുതീരുന്നതിന് മുന്പ് പ്രകൃതി മറുപടി പറഞ്ഞു. ആദ്യം ചെറിയ കല്ലുകൾ ഉരുണ്ടുവന്നു. പിന്നെ മണ്ണ്. അതിനു പിന്നാലെ കാതടപ്പിക്കുന്ന ഗർജനം. മുകളിലെ മലയുടെ ഒരു ഭാഗം വലിയ ശബ്ദത്തോടെ അടർന്നു വീഴുകയായിരുന്നു. "ചലോ.. ചലോ...’ എന്ന നിലവിളി മാത്രം കേട്ടു. എല്ലാവരും നാലുപാടും ചിതറിയോടി. പൊടി അടങ്ങിയപ്പോൾ ആദ്യം പരസ്പരം മുഖങ്ങൾ തിരഞ്ഞു. എല്ലാവരും സുരക്ഷിതരായിരുന്നു.
പിന്നീട് നാട്ടുകാർ പറഞ്ഞു: വലിയ മണ്ണിടിച്ചിലിന് മുന്പ് ഹിമാലയം പലപ്പോഴും മുന്നറിയിപ്പ് നൽകും. ആദ്യം ചെറിയ കല്ലുകൾ വീഴും. മണ്ണ് പതിയെ ഇളകും. സൂചന തിരിച്ചറിയുന്നവർ രക്ഷപ്പെടും. ആ നിമിഷം മനസിലായി ഹിമാലയത്തിൽ ജീവൻ രക്ഷിക്കുന്നത് ധൈര്യം മാത്രമല്ല, പ്രകൃതിയുടെ മുന്നറിയിപ്പുകൾ കേൾക്കാനുള്ള വിനയവുമാണെന്ന്.
ഏഴു ദിവസങ്ങൾ. ഏഴുനൂറിലധികം കിലോമീറ്ററുകൾ. എണ്ണമറ്റ ഓർമകൾ. യാത്ര അവസാനിപ്പിച്ച് മലനിരകളിൽനിന്ന് താഴേക്ക് ഇറങ്ങുന്പോൾ മനസിന്റെ സഞ്ചാരം പിന്നോട്ടായിരുന്നു.
വശ്യതയുടെ രുചി വിസ്മയം
സംസ്കാരത്തെ അടുത്തറിയാനുള്ള എളുപ്പവഴി ഭക്ഷണമാണെന്ന് പറയാറുണ്ട്. ഹിമാലയൻ ഹബിൽ ഉച്ചഭക്ഷണത്തിനു മുന്നിൽ നിരന്ന വിഭവങ്ങൾ ആ വാക്കുകൾ ശരിവയ്ക്കുന്നതായിരുന്നു. ആദ്യം എത്തിയത് സിദ്ദുവായിരുന്നു. ആദ്യകാഴ്ചയിൽ അത് ഇഡ്ഡലിയെ ഓർമിപ്പിച്ചു. ഒരു കഷണം മുറിച്ചപ്പോൾ കൊഴുക്കട്ടയുടെ ഓർമ വന്നു. വായിലിട്ടപ്പോൾ റൊട്ടിയുടെ മൃദുത്വം.
ഗോതന്പ് മാവ് പുളിപ്പിച്ചശേഷം ഉള്ളിൽ ഗ്രീൻ പീസ്, വാൾനട്ട്, ഇഞ്ചി, വെളുത്തുള്ളി, മുളക്, നാടൻ പയർപേസ്റ്റ് എന്നിവ ചേർത്ത രുചികൂട്ടുകൾ നിറച്ച് ആവിയിൽ വേവിച്ചെടുക്കുന്നതാണ് സിദ്ദു. ചില പ്രദേശങ്ങളിൽ കശകശയും ശർക്കരയും നിറച്ച മധുരപ്പതിപ്പും തയ്യാറാക്കാറുണ്ട്. എരിവുള്ള പുതിന ചട്ണി, ചൂട് പയർസൂപ്പ്, ഉരുകിയ വെണ്ണ എന്നിവയ്ക്കൊപ്പമാണ് ഈ വിഭവം വിളന്പുന്നത്.
സിദ്ദുവിന് പിന്നാലെ എത്തിയത് ബദി. വട ആകൃതിയിലുള്ള ഗോതന്പ് പലഹാരം. നടുവിലെ ചെറിയ കുഴിയിൽ തേൻ അല്ലെങ്കിൽ മധുരപാനീയം ഒഴിച്ചാണ് അത് വിളന്പുന്നത്. വിശേഷ ദിവസങ്ങളിലും സന്തോഷവേളകളിലും മാത്രമാണ് ഈ പലഹാരം തയ്യാറാക്കുന്നത്.
Tags : Himalayan bike bike ride