തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാർഥിപ്പട്ടിക തയാറാക്കുന്നതിനു മുന്നോടിയായി പാർട്ടിയുടെ താഴേത്തട്ടിലെ പൊതുവികാരം മനസിലാക്കുന്ന നടപടികൾ അന്തിമഘട്ടത്തിലേക്ക്. ജില്ലാ തലത്തിലെ പ്രധാന നേതാക്കളുമായി കോണ്‍ഗ്രസിലെ സംസ്ഥാന നേതൃത്വം നടത്തുന്ന ചർച്ചകൾ അന്തിമഘട്ടത്തിലേക്കു കടക്കുകയാണ്.
കഴിഞ്ഞ മൂന്നു ദിവസമായി കെപിസിസിയിൽ നടന്ന ചർച്ചകളിൽ 11 ജില്ലകളിലെ നേതാക്കളുമായി നേതൃത്വം ആശയവിനിമയം നടത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോണ്‍ഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല തുടങ്ങിയവരാണ് പ്രധാനമായി ചർച്ച നടത്തുന്നത്. ഇന്നലെ നടന്ന ചർച്ചയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പങ്കെടുത്തു.
മൂന്നു മേഖലയായി തിരിച്ചായിരുന്നു ചർച്ച. മേഖലകളുടെ ചുമതലയുള്ള കെപിസിസി വർക്കിംഗ് പ്രസിഡന്റുമാർ, ജില്ലകളിലെ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെപിസിസി ഭാരവാഹികൾ, ഡിസിസി പ്രസിഡന്റ്, പ്രധാന ഭാരവാഹികൾ, പോഷക സംഘടനകളുടെ പ്രസിഡന്റുമാർ തുടങ്ങിയവരാണു ചർച്ചകളിൽ പങ്കെടുത്തത്.
ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയുള്ള സ്ഥാനാർഥികളുടെ വിവരങ്ങളാണു ജില്ലയിൽനിന്നെത്തിയ പ്രധാന നേതാക്കൾ സംസ്ഥാന നേതൃത്വത്തെ ധരിപ്പിച്ചത്. ഇവർ നൽകുന്ന പേരുകളുടെകൂടി അടിസ്ഥാനത്തിലാകും സംസ്ഥാന നേതൃത്വം സ്ഥാനാർഥിപ്പട്ടിക തയാറാക്കി എഐസിസി സ്ക്രീനിംഗ് കമ്മിറ്റിക്കു കൈമാറുക.
ഇതോടൊപ്പം വിവിധ സർവേ റിപ്പോർട്ടുകളിൽ ഉൾപ്പെട്ടിട്ടുള്ള പേരുകളും പട്ടികയിലുണ്ടാകും. എഐസിസി സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ച് പട്ടിക തയാറാക്കി ഹൈക്കമാൻഡിന് കൈമാറും.