ന്യൂഡൽഹി: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഹൈക്കോടതി ശിക്ഷിച്ച സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം ജ്യോതി ബാബുവിന്റെ ജാമ്യത്തെ എതിർത്ത് കേരളം സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി ജ്യോതി ബാബു സമർപ്പിച്ച ജാമ്യഹർജിയിൽ അദ്ദേഹത്തിന്റെ ചികിത്സ സംബന്ധിച്ച വിശദാംശങ്ങൾ കോടതിക്കു കൈമാറാൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ജാമ്യം നൽകുന്നതിൽ സംസ്ഥാനം എതിർപ്പ് അറിയിച്ചത്.
ജ്യോതി ബാബുവിന് ആവശ്യമായ ചികിത്സ ജയിലിൽ നൽകുന്നുണ്ടെന്നും കൂടുതൽ കാര്യങ്ങൾക്കുള്ള നടപടി സ്വീകരിക്കുമെന്നും സംസ്ഥാനസർക്കാർ കോടതിയെ അറിയിച്ചു. ടി.പി. വധവുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യത്തെ സംസ്ഥാനം എതിർക്കുന്നില്ലെന്ന ആരോപണം നേരത്തേ ഉയർന്നിരുന്നു.