തിരുവനന്തപുരം: മസാല ബോണ്ടിൽ ഫെമ ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് ഇഡി അയച്ച നോട്ടീസിൽ വിശദീകരണവുമായി കിഫ്ബി സിഇഒ കെ.എം.ഏബ്രഹാം. ഇഡി നോട്ടീസിലെ വാദം വസ്തുതാവിരുദ്ധമാണെന്നും മസാല ബോണ്ട് വിനിയോഗത്തിൽ ക്രമക്കേടില്ലെന്നും കിഫ്ബി വ്യക്തമാക്കി.
ആർബിഐ നിർദേശം കൃത്യമായി പാലിച്ചിട്ടുണ്ട്. ഏത് തരം പരിശോധനയ്ക്കും തയാറെന്നും സിഇഒ വിശദീകരണക്കുറിപ്പിൽ പറയുന്നു. ഇഡി നടപടികൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്നും കിഫ്ബി ആരോപിച്ചു. നോട്ടീസുകൾ അയക്കുന്നത് തെരഞ്ഞെടുപ്പ് സമയത്താണ്.
നോട്ടീസ് മാധ്യമങ്ങൾക്ക് ചോർത്തിയത് മനഃപൂർവമാണെന്നും കിഫ്ബി ആരോപിക്കുന്നു. മസാല ബോണ്ട് വഴി ശേഖരിച്ച 466. 91 കോടി രൂപ ഉപയോഗിച്ച് ഭൂമി വാങ്ങിയത് ചട്ടം ലംഘിച്ചെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. 2016 ലെ ആർബിഐ നിർദ്ദേശങ്ങളുടെ ലംഘനം കേസിൽ കണ്ടെത്തിയെന്നും ഇഡി പറയുന്നു.