തൃശൂർ: നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് പുനരാരംഭിച്ചതിൽ മന്ത്രി പി.കെ.ബഷീറിന് അതൃപ്തി. മന്ത്രിയെ മറികടന്ന് ചീഫ് സെക്രട്ടറിയുടെ നിർദേശത്തെ തുടർന്നാണ് ടോൾ പിരിവ് പുനരാരംഭിച്ചത്. വിഷയത്തിൽ മന്ത്രി മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചതായും സൂചനയുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടിക ടോൾ പ്ലാസയിൽ ദേശീയപാത അഥോറിറ്റി ടോൾ പിരിവ് ആരംഭിച്ചത്. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധം ശക്തമായതോടെ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കാൻ മന്ത്രി പി.കെ. ബഷീർ നിർദേശം നൽകിയിരുന്നു. എന്നാൽ ശനിയാഴ്ച മുന്നറിയിപ്പില്ലാതെ ടോൾ പിരിവ് വീണ്ടും ആരംഭിച്ചു.
ടോൾ പിരിവ് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന് മന്ത്രി തൃശൂർ ജില്ലാ കളക്ടറെ അറിയിച്ചിരുന്നു. പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തി തീരുമാനമെടുക്കണമെന്നും നിർദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശം നിലനിൽക്കെ ടോൾ പിരിവ് തുടരാൻ ചീഫ് സെക്രട്ടറി ദേശീയപാത അഥോറിറ്റിക്ക് അനുമതി നൽകിയെന്നാണ് വിവരം.