Business
ന്യൂഡൽഹി: കുട്ടി ഉപഭോക്താക്കളുടെ ഓണ്‍ലൈൻ സുരക്ഷ ഉറപ്പാക്കുന്നതിനായി സമൂഹമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ച് മെറ്റ.
"ടീൻ അക്കൗണ്ട്സ്’ എന്നപേരിൽ നടപ്പിലാക്കുന്ന ഈ പരിഷ്കാരം വഴി 18 വയസിനു താഴെയുള്ളവർക്ക് ഇനിമുതൽ കൂടുതൽ കർശനമായ സുരക്ഷാ ക്രമീകരണങ്ങൾ തനിയെ ലഭ്യമാകും.
ഇത്തരത്തിൽ ക്രിയേറ്റ് ചെയ്യപ്പെടുന്ന അക്കൗണ്ടുകൾക്ക് മാതാപിതാക്കളുടെ അനുവാദമില്ലാതെ നിയന്ത്രണങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ല.
സിനിമകൾക്കു പ്രായപരിധി നിശ്ചയിക്കുന്ന മാതൃകയിലാണ് ഇൻസ്റ്റഗ്രാം ഈ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.
അപകടകരമായ അഭ്യാസപ്രകടനങ്ങൾ, മോശം ഭാഷാപ്രയോഗങ്ങൾ, അശ്ലീല ഉള്ളടക്കം തുടങ്ങിയവ കൗമാരക്കാരുടെ അക്കൗണ്ടിൽ സ്വയം വരുന്നത് തടയാൻ പുതിയ സാങ്കേതികവിദ്യ സഹായിക്കും. പ്രായത്തിന് അനുയോജ്യമല്ലാത്ത വിവരങ്ങൾ സ്വയം കണ്ടെത്തി നിയന്ത്രിക്കാനുള്ള സംവിധാനവും ഇൻസ്റ്റഗ്രാമിൽ ലഭ്യമാകും.
കൂടാതെ, അനുചിതമായ കാര്യങ്ങൾ പങ്കുവയ്ക്കുന്ന അക്കൗണ്ടുകളെ പിന്തുടരുന്നതിൽനിന്നും കൗമാരക്കാരെ ഇൻസ്റ്റഗ്രാം തടയും. പോസ്റ്റുകൾക്കു താഴെയുള്ള കമന്റുകൾ കാണുന്നതിനും പോസ്റ്റ് ചെയ്യുന്നതിനും പരിധി നിശ്ചയിക്കുന്ന "ലിമിറ്റഡ് കണ്ടന്റ്’ മോഡും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓണ്‍ലൈൻ ലോകത്ത് കുട്ടികളുടെ പ്രവർത്തനങ്ങളിൽ മാതാപിതാക്കൾക്ക് കൂടുതൽ മേൽനോട്ടം നൽകുകയെന്ന ലക്ഷ്യത്തോടെയാണു മെറ്റ ഈ സുരക്ഷാ ക്രമീകരണങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുന്നത്. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിന് കുട്ടികൾക്കു പ്രായപരിധി ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നതിനിടെയാണു മെറ്റയുടെ നീക്കം.
Business
പരവൂര്‍: പോക്കറ്റ് മണി എന്ന പേരില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ പേ രംഗത്തെത്തി. മാതാപിതാക്കളുടെ ഗൂഗിള്‍ പേ, അവരുടെ അനുവാദത്തോടെ മക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. അഥവാ മക്കള്‍ക്ക് ബാങ്ക് അക്കൗണ്ടില്ലാതെ പേയ്മെന്റുകള്‍ നടത്താനാകും.
യുപിഐ സര്‍ക്കിളിന്റെ ഭാഗമായാണ് പോക്കറ്റ് മണിയെന്ന പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് പേയ്മെന്റ് നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ഉപയോക്താവിന് ലഭിക്കുന്നത്.
പ്രധാനമായും, മാതാപിതാക്കളുടെ അനുവാദത്തോടെ മക്കള്‍ക്ക് പേയ്മെന്റ് നടത്താനാകുമെന്നതാണ് ഇതിന്റെ സൗകര്യം. സ്കൂളില്‍ പോകുമ്പോഴുള്ള സ്നാക്സ്, സാധന സാമഗ്രികള്‍ ഓണ്‍ലൈനിലൂടെ വാങ്ങിക്കല് തുടങ്ങിയ കാര്യങ്ങള്‍ക്ക് മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്ന് കുട്ടികള്‍ക്ക് പേയ്മെന്റ് നടത്താനാകും.
മാതാപിതാക്കളുടെ അനുവാദത്തോട് കൂടി മക്കള്‍ക്ക് സ്വതന്ത്രമായി പണം ചെലവഴിക്കാനും മക്കള്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചെലഴിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുവരുത്താനും കഴിയുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.
മാതാപിതാക്കളുടെ പേരില്‍ ആക്ടീവായ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രമാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കാനാകുക. മക്കള്‍, കുടുംബാംഗങ്ങള്‍, വിശ്വസ്തരായവര്‍ എന്നിങ്ങനെ അഞ്ച് പേരെയെങ്കിലും സെക്കൻഡറി ഉപയോക്താക്കളായി മാതാപിതാക്കള്‍ക്ക് നിശ്ചയിക്കാന്‍ സാധിക്കും. സ്വന്തമായി ഗൂഗിള്‍ പേയും രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറും സെക്കൻഡറി ഉപയോക്താവിന് ഉണ്ടായിരിക്കണമെന്ന് മാത്രമാണ് മാനദണ്ഡം.
സെക്കൻഡറി യൂസറെ ചേര്‍ത്തു കഴിഞ്ഞാല്‍, അവര്‍ക്കും യുപിഐ പേയ്മെന്റുകള്‍ നടത്താനാകും. മക്കളുടെ സാമ്പത്തികാവശ്യങ്ങളിലും ചെലവുകളിലും മാതാപിതാക്കളുടെ കരുതലും നിയന്ത്രണവും കൊണ്ടുവരാനാകുമെന്നതാണ് ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത.
രണ്ട് മോഡുകളിലൂടെ സ്വതന്ത്രവും ഫ്ളക്സിബിളുമായി ഉപയോഗിക്കാമെന്നതാണ് പോക്കറ്റ് മണി ഫീച്ചറിന്റെ മറ്റൊരു പ്രധാനവശം. പ്രധാനമായും രണ്ട് രീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം.
ആദ്യത്തേതില്‍ 15,000 രൂപ പ്രതിമാസം ലിമിറ്റ് നിശ്ചയിക്കാം. ഈ പരിധിക്കുള്ളില്‍ നിന്ന് മക്കള്‍ക്ക് സ്വതന്ത്രമായി പണം ചെലവഴിക്കാന്‍ ഇതുവഴി സാധിക്കും. ഓരോ ചെറിയ ആവശ്യങ്ങള്‍ക്കും മക്കള്‍ക്ക് മാതാപിതാക്കളെ നേരില്‍കണ്ട് ആവശ്യപ്പെടേണ്ടിവരില്ല.
ഓരോ പേയ്മെന്റിനും അനുവാദം ആവശ്യപ്പെുന്ന രീതിയിലാണ് രണ്ടാമത്തെ രീതി. ഇത് പ്രകാരം പണം ആവശ്യമുള്ള സമയങ്ങളില്‍ മക്കള്‍ ഒരു റിക്വസ്റ്റ് അയക്കും. പണം അയക്കുന്നതിന് മുന്‍പ് ഇത് നിര്‍ബന്ധമായും അപ്രൂവ് ചെയ്യേണ്ടിവരും. ചെറിയ കുട്ടികളുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു സഹായം തന്നെയായിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
National
കേന്ദ്രപ്പാറ: ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലയിലെ അങ്കണവാടിയിൽ ദളിത് സ്ത്രീയെ ഹെൽപ്പറായി നിയമിച്ചതിനെത്തുടർന്ന് ഇരുപതു കുട്ടികളും എത്തുന്നില്ല. മേൽജാതി വിഭാഗക്കാരാണ് മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള കുട്ടികൾ. മാതാപിതാക്കളാണ് കുട്ടികളെ അയയ്ക്കാതിരിക്കുന്നത്.
ഘാലിമാല ഗ്രാമപഞ്ചായത്തിലെ നുവാഗാവ് ഗ്രാമത്തിലാണു സംഭവം. പ്രശ്നപരിഹാരത്തിന് ജില്ലാ ഭരണകൂടം ശ്രമമാരംഭിച്ചു. ജാതി വിവേചത്തിന് ഇരയാണു താനെന്ന് ശർമിഷ്ഠ സേത്തി പറഞ്ഞു.
ഹെൽപ്പർ സ്ഥാനത്തേക്ക് അപേക്ഷിച്ചതു ഞാൻ മാത്രമാണ്. 2025 നവംബറിൽ എന്നെ നിയമിച്ചു. നവംബർ 21 മുതൽ കുട്ടികൾ അങ്കണവാടിയിൽ വരുന്നില്ല. എന്നെ നിയമിച്ചത് കുട്ടികളുടെ മാതാപിതാക്കൾ എതിർക്കുന്നു”- ശർമിഷ്ഠ കൂട്ടിച്ചേർത്തു.
ശർമിഷ്ഠ ചുമതലയേൽക്കുന്നതിനു മുന്‍പ് എല്ലാ കുട്ടികളും ദിവസവും അങ്കണവാടിയിലെത്തിയിരുന്നു.
Kerala
കൊച്ചി: വിദ്യാർത്ഥികളെ അച്ചടക്കം പഠിപ്പിക്കുന്നതിനായി അധ്യാപകർ മിതമായ രീതിയിൽ ചൂരൽ ഉപയോഗിക്കുന്നത് കുറ്റകരമായി കാണാനാവില്ലെന്ന് കേരള ഹൈക്കോടതി. അധ്യാപകർ കുട്ടികളെ ശാരീരികമായി ശിക്ഷിക്കുന്നത് ഭാരതീയ ന്യായ സംഹിത പ്രകാരമോ ബാലനീതി നിയമം പ്രകാരമോ ഉള്ള കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അച്ചടക്ക നടപടിയുടെ ഭാഗമായി അധ്യാപകർ ഉപയോഗിക്കുന്ന ചൂരലിനെ ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 118 പ്രകാരമുള്ള മാരകായുധമായി പരിഗണിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസ് സി. പ്രദീപ് കുമാർ നിരീക്ഷിച്ചു. രക്ഷിതാക്കൾ കുട്ടികളെ സ്കൂളിൽ ഏൽപ്പിക്കുമ്പോൾ, കുട്ടികളെ തിരുത്താനും അച്ചടക്കം പഠിപ്പിക്കാനുമുള്ള അധികാരം അധ്യാപകർക്ക് കൈമാറുന്നുണ്ടെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ സ്വഭാവരൂപീകരണത്തിനായി നല്ല ഉദ്ദേശ്യത്തോടെ നൽകുന്ന ശിക്ഷകൾ നിയമവിരുദ്ധമല്ല.
അധ്യാപകൻ നൽകുന്ന ശിക്ഷ കുട്ടിയെ ദ്രോഹിക്കണമെന്ന മനഃപൂർവ്വമായ ലക്ഷ്യത്തോടെയുള്ളതാകരുത്. ശിക്ഷ നല്ല രീതിയിലുള്ള മാറ്റത്തിനാണോ അതോ ഉപദ്രവിക്കാനാണോ എന്ന് കോടതികൾ പരിശോധിക്കണം.
വെങ്ങാനൂരിലെ ഒരു സ്കൂൾ അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. കുട്ടിയുടെ പിൻഭാഗത്ത് ചൂരൽ കൊണ്ട് അടിച്ചതിനെതിരെയാണ് അധ്യാപകനെതിരെ ബാലനീതി നിയമപ്രകാരം കേസെടുത്തിരുന്നത്. എന്നാൽ കുട്ടിക്ക് കാര്യമായ പരിക്കുകളില്ലെന്നും അധ്യാപകൻ അച്ചടക്ക നടപടിയുടെ ഭാഗമായാണ് ഇത് ചെയ്തതെന്നും കോടതി കണ്ടെത്തി.
District News
തിരുവമ്പാടി: ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും സംഘടനയായ പരിവാർ കുടുംബാംഗങ്ങളുടെ സംഗമവും കൊടിയത്തൂർ പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും ആനക്കാംപൊയിൽ ഏലമല റിസോര്‍ട്ടില്‍ നടന്നു.
നിയാസ് ചോല, ഷബാന ചോല എന്നിവരുടെ നേതൃത്വത്തിൽ നടന്ന ഗാനവിരുന്നിൽ ജനപ്രതിനിധികളും പങ്കാളികളായി. പരിപാടികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്കായി പദ്ധതികൾ നടപ്പാക്കുന്നതിന് ജില്ലാ പഞ്ചായത്ത് പ്രതിജ്ഞബദ്ധമാണന്ന് അവർ പറഞ്ഞു.
ടി.കെ. ജാഫർ അധ്യക്ഷത വഹിച്ചു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി. കവിത, വൈസ് പ്രസിഡന്റ് സുജ ടോം, പഞ്ചായത്തംഗങ്ങൾ, പി.എം. അബ്ദുനാസർ, ആയിഷ ഹന്ന തുടങ്ങിയവർ പ്രസംഗിച്ചു.