തുറവൂർ: തീരദേശ മേഖലയിൽ പള്ളിത്തോട്ടിലെ തോടുകൾ ചീഞ്ഞുനാറുന്നു, നടപടി എടുക്കാതെ അധികൃതർ. തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിലെ തീരദേശ മേഖലയിലെ ഗതാഗത തോടുകളും ഇവയുടെ കൈത്തോടുകളുമാണ് മാലിന്യങ്ങൾ നിറഞ്ഞ് ചീഞ്ഞുനാറുന്നത്. തുറവൂർ പഞ്ചായത്ത് ഒന്നാം വാർഡിലെ പൊഴിച്ചാൽ-റോഡു മുക്ക്-കാക്കശേരി പൊഴിച്ചാൽ തോടുകൾ മാലിന്യങ്ങൾ നിറഞ്ഞ് രോഗങ്ങളുടെ പ്രഭവകേന്ദ്രമായിരിക്കുകയാണ്. ഫ്രണ്ട്സ് ബസ് സ്റ്റോപ്പിനു സമീപം പ്രവർത്തിക്കുന്ന മത്സ്യ സംസ്കരണ ശാലയിൽ നിന്നുള്ള ഖര, ദ്രവ മാലിന്യങ്ങൾ ഈ തോട്ടിലേക്ക് ഒഴുക്കിവിടുന്നതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം.
പ്രദേശവാസികൾ നിരവധി പരാതികൾ നൽകിയിട്ടും ഇതിനെതിരെ നടപടി ഉണ്ടായിട്ടില്ല. കാക്കശേരി പൊഴിച്ചാൽ തോടിന്റെ കുരിശിങ്കൽ ഭാഗത്ത് പാലത്തിനായി ഒരു വർഷം മുൻപ് നിർമിച്ച ബണ്ട് പൊളിച്ചുനീക്കാത്തത് പ്രദേശത്തെ ജനജീവിതം ദു:സഹമാക്കിയിരിക്കുകയാണ്. തുടർച്ചയായി ഗ്രാമസഭകളിൽ ഈ പ്രശ്നം അവതരിപ്പിച്ചിട്ടും മുന്പ് കോടതി നിർദേശമുണ്ടായിട്ടും തുറവൂർ പഞ്ചായത്ത് അധികൃതർ യാതൊരു വിധ നടപടിയും സ്വീകരിക്കുന്നില്ലന്ന് നാട്ടുകാർ പറയുന്നു.
രണ്ടു വർഷം മുൻപ് ഈ തോടുകൾ ആഴം കൂട്ടി ശുദ്ധീകരിച്ച് ഗതാഗതയോഗ്യമാക്കുമെന്ന് കഴിഞ്ഞ ഭരണ സമിതി പ്രഖ്യാപിക്കുകയും ഇതിനായി പഞ്ചായത്ത് ഉദ്യോഗസ്ഥരെത്തി പരിശോധ നടത്തി എസ്റ്റിമേറ്റ് തയാറാക്കിയതുമാണ്. എന്നാൽ പിന്നീട് ഇതിന്മേൽ യാതൊരു നടപടിയും ഉണ്ടായില്ല. തീരദേശത്തെ തോടുകൾ അടിയന്തരമായി ശുദ്ധീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാ
വശ്യപ്പെട്ട് പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാർ.