ചെറുതോണി: ഒരിടവേളയ്ക്കുശേഷം പെരുങ്കാലയിലെ മലഞ്ചെരുവുകളിൽ വീണ്ടും അനധികൃത പടുതാക്കുളങ്ങൾ പൊതുജനത്തിന് ഭീഷണിയാകുന്നു. കിഴുക്കാംതൂക്കായ മലനിരകളിൽ ലക്ഷം ലിറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള നിരവധി പടുതാക്കുളങ്ങൾ നിർമിച്ചിട്ടുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.
പടുതാക്കുളങ്ങൾക്കെതിരേ പ്രദേശവാസികളും ആദിവാസി കുടുംബങ്ങളും വിവിധ വകുപ്പുകൾക്ക് പരാതി നൽകിയിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്. മണ്ണൊലിപ്പ് കൂടുതലുള്ളതും മണ്ണിന് ഉറപ്പ് കുറവുള്ളതുമായ പ്രദേശങ്ങളിലാണ് കുളങ്ങൾ നിർമിച്ചിരിക്കുന്നത്. ചില കുളങ്ങളിൽ പടുത വിരിച്ചിട്ടില്ലെന്നും മഴവെള്ളം നേരിട്ട് മണ്ണിലേക്ക് ഇറങ്ങാനുള്ള സാഹചര്യമാണുള്ളതെന്നും പ്രദേശവാസികൾ പറയുന്നു. ഇതുമൂലം മണ്ണിലെ ജലാംശം വർധിച്ച് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത കൂടുമെന്നാണ് ആശങ്ക.
പൈനാവ്-താന്നിക്കണ്ടം-അശോക കവല ഹൈവേക്ക് മുകളിലുള്ള മലഞ്ചെരുവുകളിലും പൈനാവ്-പെരുങ്കാല-ആനക്കൊമ്പൻ റോഡിന് മുകളിലുമാണ് പ്രധാനമായും ഇത്തരം പടുതാക്കുളങ്ങൾ നിർമിച്ചിട്ടുള്ളത്.
നിരവധി വീടുകളും കൃഷിയിടങ്ങളും പ്രദേശത്തെ പടുതാക്കുളങ്ങൾക്ക് താഴ്ഭാഗത്തായുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ഒരു കുളത്തിലെ വെള്ളം ഒഴുക്കിക്കളഞ്ഞെങ്കിലും വീണ്ടും മഴ കനത്താൽ കുളം നിറയും. അപകടസാധ്യത സൃഷ്ടിക്കുന്ന ഇത്തരം നിർമാണങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.