കോട്ടയം: രാജ്യത്ത് കോമ്പൗണ്ട് റബറിന്റെ ഇറക്കുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ചു വന്‍വര്‍ധനയും കയറ്റുമതിയില്‍ നേരിയ വര്‍ധനയും രേഖപ്പെടുത്തി. 2023-24 കാലയളവില്‍ 1,69,820 ടണ്‍ ഇറക്കുമതി ചെയ്തപ്പോള്‍ 24-25ല്‍ 2,45,407 ടണ്ണായി ഉയര്‍ന്നു.
23-24 അപേക്ഷിച്ച് 24-25ല്‍ 44.5 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞവര്‍ഷമിത് 3,48,735 ടണ്ണായി വീണ്ടും ഉയര്‍ന്നു. 24-25നേക്കാള്‍ 42.1 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.
അതേസമയം കയറ്റുമതിയില്‍ ചെറിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 2023-24ല്‍ 18,069 ടണ്‍ കോമ്പൗണ്ട് റബര്‍ കയറ്റുമതി ചെയ്തപ്പോള്‍ 24-25ല്‍ 17,085 ടണ്ണായി കുറഞ്ഞു.
മുന്‍വര്‍ഷത്തേക്കാള്‍ 5.4 ശതമാനം കുറവ്. 25-26ല്‍ 12.7 ശതമാനം ഉയര്‍ന്ന് 19,261 ടണ്‍ കോമ്പൗണ്ട് റബര്‍ കയറ്റുമതി ചെയ്തതായും റബര്‍ ബോര്‍ഡ് പുറത്തുവിട്ട സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യാവസായിക ഉപയോഗത്തിനായി പ്രകൃതിദത്ത, അസംസ്കൃത റബറിനൊപ്പം രാസമിശ്രിതം ചേര്ത്തുതയാറാക്കുന്ന റബറാണ് കോമ്പൗണ്ട് റബര്‍.