ശ്രീകണ്ഠപുരം: എൽഡിഎഫ് ഇരിക്കൂർ മണ്ഡലം പ്രകടനപത്രികയിൽ ഉൾപ്പെടുത്താനുള്ള വികസന കാഴ്ചപ്പാടുകൾ സ്വരൂപിക്കുന്നതിനായി വികസന ശില്പശാല നടത്തി.
മുൻ എംഎൽഎ ജയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉള്ളവർ ശില്പശാലയിൽ നിർദേശങ്ങൾ സമർപ്പിച്ചു.
കാർഷിക പ്രാധാന്യമുള്ള മണ്ഡലത്തിൽ "ഇരിക്കൂർ ബ്രാൻഡ്" എന്ന പേരിൽ ജൈവ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാനും ആ ബ്രാൻഡിൽ വിപണനം നടത്താനും സ്ഥിരം സംവിധാനമൊരുക്കുക, റബർ അധിഷ്ഠിത മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കാൻ വ്യവസായ സംരംഭങ്ങൾ, വന്യമൃഗശല്യവും ക്ഷുദ്രജീവികളുടെ ആക്രമണങ്ങളിൽ നിന്ന് കൃഷിയെയും കർഷകരെയും രക്ഷിക്കാനുള്ള നടപടികൾ തുടങ്ങിയ 200 നിർദേശങ്ങൾ അവതരിപ്പിക്കപ്പെട്ടു.
ഓരോ നിർദേശങ്ങളും മണ്ഡലത്തിന്റെ വികസനത്തിന് അനിവാര്യമാണെന്ന് സ്ഥാനാർഥി മാത്യു കുന്നപ്പള്ളി പറഞ്ഞു. എൽഡിഎഫ് ഇരിക്കൂർ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ സജി കുറ്റ്യാനിമറ്റം അധ്യക്ഷത വഹിച്ചു.