Kerala
കണ്ണൂർ: ആഗോള അയ്യപ്പസംഗമത്തിലെ അഴിമതിയില് ദേവസ്വം മന്ത്രിക്കും ദേവസ്വം ബോര്ഡിനും എതിരേ പണാപഹരണത്തിനും കൃത്രിമരേഖ സൃഷ്ടിക്കലിനും വിശ്വാസവഞ്ചനയ്ക്കും ക്രിമിനല് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്തണമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ശബരിമലയിലെ സ്വര്ണക്കൊള്ള പോലെ ഗൗരവമേറിയതാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ നടത്തിയ തട്ടിപ്പെന്നും സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയ്യപ്പസംഗമത്തിന് ചെലവായ തുക സംബന്ധിച്ച ഓഡിറ്റ് കണക്കും ദേവസ്വം മന്ത്രിയും ബോര്ഡും വാദിക്കുന്ന കണക്കും രണ്ടാണ്. യഥാർഥ കണക്കുമായി ഇതുപൊരുത്തപ്പെടുന്നില്ല. സത്യസന്ധത ഉണ്ടെങ്കില് ദേവസ്വം മന്ത്രി രാജിവയ്ക്കണം. ഉത്തരവാദിത്തം മറ്റാരുടെയെങ്കിലും തലയില് കെട്ടിവച്ച് രക്ഷപ്പെടാമെന്ന് മന്ത്രി കരുതുന്നുണ്ടെങ്കിൽ അദ്ദേഹത്തിനു തെറ്റിയെന്നും സണ്ണി ജോസഫ് പറഞ്ഞു.
നടക്കാത്ത ഭജന്സിന്റെ പേരില് ലക്ഷങ്ങളാണ് തട്ടിയത്. ധൂർത്തിന്റെയും വകമാറ്റി തുക ചെലവാക്കിയതിന്റെയും തെളിവുകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രിക്ക് ഒരു ദിവസം താമസിക്കാന് ഒരു ലക്ഷം രൂപയുടെ കട്ടില് എന്നത് ധൂര്ത്തിന്റെ തെളിവ്. നേതാക്കളുടെ ഇത്തരം ആഢംബരം സിപിഎം അംഗീകരിക്കുന്നുണ്ടോയെന്നും സണ്ണി ജോസഫ് ചോദിച്ചു. ഊരാളുങ്കല് സൊസൈറ്റിയുടെ മറവില് സിപിഎം നേതാക്കളാണ് ഈ അഴിമതിക്കു നേതൃത്വം നല്കിയത്. ഇത് മനസിലാക്കിയിട്ടും സിപിഎം സെക്രട്ടറി മറുപടി പറയാതെ ഉരുണ്ടുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: കഴിഞ്ഞ ശബരിമല തീർഥാടന കാലത്ത് സന്നിധാനത്ത് നിയോഗിച്ചിരുന്ന ദിവസവേതനക്കാർ പലതവണയായി ലക്ഷങ്ങള് വീട്ടിലേക്ക് അയച്ച സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങി. എല്ലാ ദിവസവേതനക്കാരുടെയും മുഴുവൻ അക്കൗണ്ട് വിവരങ്ങളും പരിശോധിക്കുകയാണ് വിജിലൻസ്.
സന്നിധാനത്തെ രണ്ട് ബാങ്കും പോസ്റ്റ് ഓഫീസ് വഴിയും ജീവനക്കാർ ദിവസവും പണം അയച്ചു എന്നാണ് കണ്ടെത്തൽ. ദിവസവേതനക്കാർക്കുള്ള പണം സീസണ് കഴിഞ്ഞ് അക്കൗണ്ടിലേക്ക് നേരിട്ടാണ് ദേവസ്വം നൽകുന്നത്. അതിനു മുൻപുതന്നെ വലിയ തുക അയച്ചെങ്കിൽ അത് അനധികൃത സമ്പാദ്യമെന്നാണ് വിജിലൻസ് വിലയിരുത്തൽ.
District News
പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ളയ്ക്ക് ഉണ്ണിക്കൃഷ്ണൻ പോറ്റിയെ അവരോധിച്ചത് ദേവസ്വംമന്ത്രിയും സർക്കാരുമാണെന്ന് ബിജെപി ജില്ലാ പ്രഭാരി ബി.രാധാകൃഷ്ണമേനോൻ പത്രസമ്മേളനത്തിൽ പറഞ്ഞു. അവതാരങ്ങളെ അകറ്റുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി സ്വന്തം മന്ത്രിയെ ഉപയോഗിച്ച് അവരോധിച്ച വ്യക്തിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റിയെന്ന് ഇപ്പോൾ വ്യക്തമായി.
എ. പദ്മകുമാറിന്റെ അറസ്റ്റോടെ ശബരിമല സ്വർണ കവർച്ചാ കേസിൽ സിപിഎമ്മിന്റെയും സംസ്ഥാന സർക്കാരിന്റെയും പങ്ക് വ്യക്തമായി . ഇനി പദ്മകുമാറിനെ ചോദ്യം ചെയ്യുമ്പോൾ, അന്നത്തെ ദേവസ്വം മന്ത്രിയിലേക്കും പിന്നീട് മുഖ്യമന്ത്രിയിലേക്കും അന്വേഷണം ചെന്നെത്തും എന്നാണ് കരുതുന്നത്. സംസ്ഥാന സർക്കാരിലെ ചിലർക്കും മുഖ്യമന്ത്രിക്കും സ്വർണത്തോടുള്ള ആഭിമുഖ്യം ശബരിമലയിലെ സ്വർണക്കവർച്ച നടക്കുന്ന കാലത്തെ എംബസി വഴി സ്വർണം കടത്തിയ കേസിലൂടെ വെളിപ്പെട്ടതാണ്.
പദ്മകുമാറിനെ ന്യായീകരിച്ച് രംഗത്തെത്തിയ സിപിഎം നേതൃത്വത്തിന്റെ നടപടി പരിഹാസ്യമാണ്. തന്ത്രി സ്വർണക്കൊള്ള അറിഞ്ഞിട്ടുണ്ടോ എന്ന കാര്യമറിയില്ല. എസ്എടി എല്ലാകാര്യങ്ങളും അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര വിഗ്രഹക്കടത്ത് സംഘവുമായി ബന്ധമുണ്ടോ എന്ന് കോടതിക്ക് പോലും സംശയമുണ്ടായ സാഹചര്യത്തിൽ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. ഇതിനായി സംസ്ഥാന വ്യാപകമായുള്ള ഒപ്പ് ശേഖരണം ബിജെപി ആരംഭിച്ചതായി രാധാകൃഷ്ണ മേനോൻ പറഞ്ഞു.
ശബരിമലയിലെ തിരക്ക് കുറയ്ക്കാനെന്ന പേരിൽ നിലയ്ക്കലിലും എരുമേലിയിലും ഭക്തരെ തടഞ്ഞ് ബുദ്ധിമുട്ടിക്കുന്ന നടപടി തുടരാനാണ് ദേവസ്വം ബോർഡ് ഉദേശിക്കുന്നതെങ്കിൽ ബിജെപി ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് വരും. ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും കഴിവുകേടിന് അയ്യപ്പഭക്തർ വിലനൽകേണ്ട അവസ്ഥയാണുള്ളത്. ശബരിമല തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ പരിപൂർണ പരാജയമായ സ്ഥിതിക്ക് ദേവസ്വം മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് വി. എ. സൂരജ്, വിജയകുമാർ മണിപ്പുഴ, ടിജു തോമസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി ചുമതലയേല്ക്കുമെന്ന റിപ്പോര്ട്ടുകളോട് പ്രതികരിച്ച് കെ.ജയകുമാർ. വെല്ലുവിളി എന്നതിനേക്കാൾ വലിയ അവസരമായി ഇതിനെ കാണും. ശബരിമല തീർത്ഥാടനം ഭംഗിയാക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ അവിടെ എന്ത് സംഭവിക്കുന്നുവെന്ന കാര്യം അറിയില്ല. നിലവിലുള്ള ബോർഡ് കുറച്ചു ക്രമീകരണങ്ങളൊക്കെ ചെയ്തിട്ടുണ്ട്. 17ന് മണ്ഡലകാലം ആരംഭിക്കുകയാണ്. നിലവിലുള്ള ബോർഡ് ചെയ്ത കാര്യങ്ങളും അവർ പകുതിയാക്കിവെച്ച കാര്യങ്ങളും ഭംഗിയായി പൂർത്തിയാക്കും.
മകരവിളക്ക് വരെയുള്ള കാര്യങ്ങളാണ് ഇപ്പോഴത്തെ ഫോക്കസ്. മറ്റ് കാര്യങ്ങളൊന്നും ഫോക്കസില്ല. അത് ഭംഗിയായി ചെയ്യാൻ സാധിക്കുമെന്നാണ് തന്റെ വിശ്വാസം. ഉന്നത അധികാരസമിതിയെന്ന നിലയിലും ചീഫ് കമ്മീഷണർ എന്ന നിലയിലും ശബരിമലയിൽ രണ്ട് തവണ പ്രവര്ത്തിച്ചിട്ടുണ്ട്.
ശബരിമല അന്യമോ അപരിചിതമോ ആയ സ്ഥലമല്ല. നാളെയാണ് ഉത്തരവ് വരുന്നതെങ്കിൽ നാളത്തന്നെ അല്ലെങ്കിൽ മറ്റന്നാൾ ചുമതലയേൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര് ദേവസ്വം ബോര്ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്ഡിന്റെ അക്കൗണ്ടില് ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില് ഉള്പ്പെടെയുള്ള തട്ടിപ്പുകള്, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്സ് അന്വേഷണം നടത്തും.
ശബരിമല സ്വര്ണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാര്ക്കെതിരേ ആരോപണമുയര്ന്നിട്ടുണ്ട്. ദേവസ്വം വിജിലന്സ് ക്രമക്കേടുകള് കണ്ടെത്തിയാലും ബോര്ഡിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലില് കേസ് ഒതുക്കും.
എന്നാല്,ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികള്ക്കെതിരേ ദേവസ്വം ബോര്ഡിന് ഇനിയങ്ങോട്ട് മൗനവും ഒതുക്കലും തുടരാനാവില്ല. ക്രമക്കേടുകള് സംബന്ധിച്ചും ജീവനക്കാര്ക്കും ഉദ്യോഗസ്ഥര്ക്കുമെതിരേയും മാധ്യമങ്ങളില് വരുന്ന വാര്ത്തകള് മാത്രമാണ് ബോര്ഡിനു മുന്നിലുള്ളത്. പരാതികള് കുറവാണ്. എങ്കിലും എല്ലാ ആരോപണങ്ങളും വിജിലന്സ് അന്വേഷിക്കും.
Kerala
തിരുവനന്തപുരം: ശബരിമലയിൽ സ്വര്ണപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘം പ്രവര്ത്തനം തുടങ്ങി. സംഘത്തിലെ രണ്ട് എസ്ഐമാര് വൈകുന്നേരം തിരുനന്തപുരത്ത് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് ആസ്ഥാനത്ത് എത്തി വിജിലന്സ് എസ്പിയുമായി കൂടിക്കാഴ്ച നടത്തി.
മുമ്പ് ദേവസ്വം വിജിലന്സിൽ പ്രവര്ത്തിച്ച് പരിചയമുള്ളവരാണ് രണ്ട് എസ്ഐമാരാണ് വിജിലന്സ് എസ്പിയുമായി കൂടിക്കാഴ്ച നടത്തിയത്. അന്വേഷണ പുരോഗതിയുമായി ബന്ധപ്പെട്ട ചർച്ചകൾ പത്തുമിനിറ്റോളം നീണ്ടുനിന്നു.
വെള്ളിയാഴ്ച വിജിലന്സിന്റെ അന്തിമ റിപ്പോര്ട്ട് ഹൈക്കോടതിയിൽ സമര്പ്പിക്കുമെന്ന് എസ്പി അറിയിച്ചു. ഇതിനുശേഷമായിരിക്കും പ്രത്യേക അന്വേഷണ സംഘം ഔദ്യോഗികമായി അന്വേഷണം ആരംഭിക്കുക. അനൗദ്യോഗിക അന്വേഷണമാണ് ഇപ്പോള് ആരംഭിച്ചിരിക്കുന്നത്.
Kerala
തിരുവനന്തപുരം: ശബരിമലയില്നിന്നു ചെന്നൈയിലേക്ക് സ്വര്ണപ്പാളി കൊണ്ടുപോയത് നടപടിക്രമം പാലിച്ചാണെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
സാങ്കേതിക പ്രശ്നത്തിന്റെ പേരില് ബോര്ഡ് പഴി കേള്ക്കുകയാണ്. ദേവസ്വം തന്ത്രിയുടെ നിര്ദേശാനുസരണമാണ് സ്വര്ണപ്പാളി ഇളക്കിമാറ്റി ചെന്നൈയിലേക്ക് കൊണ്ട് പോയത്. ദേവസ്വം ബോര്ഡ് തെറ്റ് ചെയ്തെന്ന മട്ടിലാണ് പ്രചാരണം. ശബരിമലയിലെ ദ്വാരപാലക ശില്പ്പത്തിലെ സ്വര്ണപാളികള് ചെന്നൈയില് എത്തിച്ചതിനെത്തുടര്ന്ന് ഇലക്ട്രോ പ്ലേറ്റിംഗ് തുടങ്ങിക്കഴിഞ്ഞു. ഈ സാഹചര്യത്തില് സ്വര്ണപാളികള് തിരികെ എത്തിക്കണമെന്ന ദേവസ്വം ബഞ്ചിന്റെ ഉത്തരവ് പാലിക്കാനാകില്ല. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. അതിനായി ഹൈക്കോടതിയില് പുനഃപരിശോധനാ ഹര്ജി നല്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം ബഞ്ചിന്റെ അനുമതിയില്ലാതെ ശബരിമലയില് നിന്നം സ്വര്ണപ്പാളികള് ചെന്നൈയിലേക്ക് കൊണ്ടുപോയത് അനുമതി വാങ്ങാതെയാണെന്ന് കോടതി കണ്ടെത്തി. അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ സ്വര്ണം തിരികെ എത്തിക്കാനും കോടതി ഉത്തരവിട്ടിരുന്നു.
ആചാരങ്ങള് പാലിക്കാനാണ് ബോര്ഡ് ശ്രമിച്ചത്. ആഗോള അയ്യപ്പസംഗമത്തില് ആശയക്കുഴപ്പമില്ല. വെര്ച്യുല് ക്യൂവിന് നിയന്ത്രണം ഏര്പ്പെടുത്തിയിട്ടില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കൂട്ടിച്ചേർത്തു.