ചാത്തന്നൂര്‍: നിര്‍മാണം നടക്കുന്ന ദേശീയ പാതയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറി കാറിലുണ്ടായിരുന്ന രണ്ടു യുവാക്കള്‍ മരിച്ചു. ലോറിക്ക് മുന്നില്‍ നിന്ന ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരവൂര്‍ കലക്കോട് പ്ലാവിള തെക്കതില്‍ ഷാജിയുടെയും ജാസ്മിന്റെയും മകന് ചാള്‍സ് ഷാജി(22), പരവൂര്‍ കലക്കോട് തൊടിയില്‍ വീട്ടില്‍ സെട്രിക്കിന്റെയും എലിസബത്തിന്റെയും മകന് സാന്‍ജോ സി. ലൂയിസ് (22) എന്നിവരാണ് മരിച്ചത് പരിക്കേറ്റ ലോറി ഡ്രൈവര്‍ ഇതര സംസ്ഥാനത്തു നിന്നുള്ളയാളാണ്.
ഇന്നലെ വൈകുന്നേരം മൂന്നിന് കൊട്ടിയം പറക്കുളം ഉയരപ്പാതയില്‍ പട്ടരമുക്കിലാണ് അപകടം ഉണ്ടായത്. അപകടത്തെക്കുറിച്ച് പൊലീസ് പറയുന്നത്- കൊട്ടിയം ഭാഗത്തു നിന്ന് കൊല്ലത്തേക്കു പോയ കാറാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറിയത്. ലോറിയില്‍ ഇടിക്കാതിരിക്കാനായി കാര്‍ 50 മീറ്റര്‍ അകലെ വച്ചു ബ്രേക്ക് ചവിട്ടിയെങ്കിലും നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഈ സമയം ലോറി ഡ്രൈവര്‍ ലോറിക്ക് മുന്നില്‍ നിന്ന് മുന്‍വശത്തെ ഗ്ലാസ് വൃത്തിയാക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിക്കിടന്ന ചാള്‍സിനെയും സാന്ജോസിനെയും നാട്ടുകാരാണ് കാര്‍ വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്. പിന്നീടാണ് ലോറിക്കും കാറിനും ഇടയില്‍ കിടന്ന ലോറി ഡ്രൈവറെ പുറത്തെടുത്തത്. മൂന്നു പേരെയും മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു അപ്പോഴേക്കും ചാള്‍സും സനോജും മരിച്ചിരുന്നു. ലോറി ഡ്രൈവര്‍ ഗുരുതരാവസ്ഥയിലാണ്.
ഇയാളുടെ കാലുകള്‍ ഒടിഞ്ഞു തൂങ്ങിയ നിലയിലായിരുന്നു. കടപ്പാക്കടയില്‍ നിന്ന് അഗ്നി രക്ഷാസേനാംഗങ്ങളും അപകട സ്ഥലത്ത് എത്തിയിരുന്നു. ദേശീയ പാത നിര്‍മാണവുമായി ബന്ധപ്പെട്ട് വെള്ളം കൊണ്ടു പോകുന്ന ലോറിയാണ് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്നത്. കൊട്ടിയം പൊലീസ് കേസെടുത്തു. സാന്ജയോടെ സഹോദരന് സെവന്യു, ചാള്‍സിന്റെ സഹോദരങ്ങള്‍ ഷിജിന്, ഷിജി.