ഡ്രൈവറില്ലാതെയും ഈ കാർ ഓടും. തടസങ്ങൾ കണ്ടാൽ തനിയെ നിൽക്കും. മുൻപിലുള്ള വാഹനത്തിന്റെ വേഗത്തിനനുസരിച്ചു തനിയെ വേഗം നിയന്ത്രിക്കും.
ടെക്സാസിലെ ടെസ്ല കാറിനെക്കുറിച്ചല്ല പറയുന്നത്. ഇങ്ങു കേരളത്തിൽ ഒരുകൂട്ടം എൻജിനിയറിംഗ് വിദ്യാർഥികൾ നിർമിച്ചു നിരത്തിലെത്തിച്ച നാടൻ ടെസ്ലയാണ് ഇവിടെ താരം. തൃശൂർ ഗവ.എൻജിനിയറിംഗ് കോളജിലെ വിവിധ വകുപ്പുകളിൽ നിന്നുള്ള വിദ്യാർഥികളാണ് ഓട്ടോണമസ് സിസ്റ്റത്തിലുള്ള ബഗി വാഹനം തയാറാക്കിയത്. ക്ലാസ് മുറിയിലും ലാബിലും പഠിച്ച കാര്യങ്ങൾക്കു പ്രായോഗികമായ മാനം പകരാനുള്ള അന്വേഷണമാണ് നവീന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വാഹനനിർമിതിയിലേക്ക് ഇവരെ എത്തിച്ചത്.
റോഡ് അതിർത്തികൾ നിർണയിച്ചു സ്വയം തിരിയാനും ട്രാഫിക് സിഗ്നലുകൾക്കും സൂചനാ ബോർഡുകൾക്കും അനുസരിച്ചു വേഗവും ദിശയും സ്വന്തമായി നിയന്ത്രിക്കാനും വാഹനത്തിനാകും. ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ലൈൻ കീപ് അസിസ്റ്റൻസ്, ട്രാഫിക് സിഗ്നൽ, സൈൻ ഐഡന്റിഫിക്കേഷൻ കൺട്രോൾ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.
ഓട്ടോണമസ് സിസ്റ്റത്തിനായുള്ള റഡാർ, കാമറ, ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റുകൾ, ഇലക്ട്രോണിക് സെൻസറുകൾ, മോട്ടോറുകൾ എന്നിവ പൂർണമായും തദ്ദേശീയമായാണു രൂപകൽപന ചെയ്തത്. ഡ്രൈവറുടെ അസാന്നിധ്യത്തിലും വാഹനം നിയന്ത്രിക്കാനാകുമെന്നതാണ് സവിശേഷത.
ലിഥിയം ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് മോട്ടോർ വാഹനത്തിന് ദുർഘടപാതകളിലെ ഉപയോഗത്തിനുള്ള ഇൻഡിപെൻഡന്റ് സസ്പെൻഷനുണ്ട്. ചെന്നൈയിൽ നടക്കാനിരിക്കുന്ന ഓട്ടോണമസ് വെഹിക്കിൾ ചാന്പ്യൻഷിപ്പിൽ വാഹനത്തെ മത്സരത്തിനിറക്കാനുള്ള തയാറെടുപ്പിലാണു വിദ്യാർഥികൾ.
സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എൻജിനിയേഴ്സ് ഇന്ത്യ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിലാണ് വാഹനം കരുത്തറിയിക്കുക. കഴിഞ്ഞ തവണ ഇതേ വിഭാഗത്തിൽ കോളജ് ടീം രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
വിദ്യാർഥികളായ ബി. കാർത്തിക് കൃഷ്ണ, എസ്. ദേവ്ജിത്ത്, ഡാർവിൻ ജോസ്, പി. അശ്വിൻ, കൃഷ്ണ, എം. രാംകുമാർ, കെ.എം. ഗൗതംദാസ്, എം. എമിൽ, ടി.വി. ദർശൻ എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം ഒരുക്കിയത്. അസി. പ്രഫസർ അൻവർ സാദിഖ് മാർഗ നിർദേശങ്ങളുമായി ഒപ്പമുണ്ട്.