മുണ്ടക്കയം: പാക്കാനത്തെ ജലബോംബ് വനംവകുപ്പ് നിർവീര്യമാക്കിത്തുടങ്ങി. പുഞ്ചവയൽ പാക്കാനം ഇഞ്ചക്കുഴി ഭാഗത്ത് വനാതിർത്തിയിൽ നിർമിച്ചിരുന്ന ആനക്കിടങ്ങുകളിൽ കെട്ടിനിൽക്കുന്ന വെള്ളമാണ് പ്രദേശത്ത് അപകട ഭീഷണിയായി മാറിയിരുന്നത്. കിലോമീറ്റർ ദൂരത്തിൽ ലക്ഷക്കണക്കിന് ലിറ്റർ വെള്ളം കെട്ടിനിൽക്കുന്നത് പ്രദേശത്ത് മഴവെള്ളപ്പാച്ചിലിന് ഇടയാക്കുമോ എന്ന ആശങ്ക ഉയർന്നിരുന്നു.
ഇതോടെ പല കുടുംബങ്ങളും പ്രദേശത്തുനിന്ന് മാറി താമസിക്കേണ്ട അവസ്ഥയുമുണ്ടായി. ഈ വാർത്ത കഴിഞ്ഞ ദിവസം ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും തുടർനടപടികൾ സ്വീകരിക്കുകയുമായിരുന്നു. കിടങ്ങുകളുടെ പല ഭാഗങ്ങളിലായി നിരവധി വലിയ ഹോസുകൾ ഉപയോഗിച്ച് വെള്ളം താഴേക്ക് ഒഴുക്കിക്കളയുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നത്.
എന്നാൽ, ഇത് പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ല. മഴ മാറിയതിനുശേഷം ആനക്കിടങ്ങിലെ ജലനിരപ്പ് ഒരളവിൽ കൂടുതൽ ഉയരാത്ത രീതിയിൽ വലുപ്പമുള്ള ഹോസുകൾ പല ഭാഗങ്ങളിലും ശാസ്ത്രീയമായ രീതിയിൽ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കിയാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുകയുള്ളൂ.