തിരുവനന്തപുരം : തെരഞ്ഞെടുപ്പു തോൽവിയിൽ പ്രാഥമിക പരിശോധന മാത്രം നടത്തി ഇടതുമുന്നണി. ഇത്തരത്തിലൊരു കനത്തതോൽവി ഉണ്ടാകുമെന്നു പ്രതീക്ഷിച്ചില്ലെന്ന പൊതുവികാരമാണ് ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗത്തിൽ പാർട്ടി നേതാക്കൾ പങ്കുവച്ചത്.
ഇടതുസർക്കാരിനെതിരേ ഇങ്ങനെയൊരു വിരുദ്ധ വികാരം ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നു മനസിലാക്കാൻ സാധിച്ചില്ല. വികസന പ്രവർത്തനങ്ങൾ ഒരുപാടു നടത്തിയെങ്കിലും ജനങ്ങൾക്കിടയിൽ ഇതിന്റെ പ്രചാരണം ഫലവത്തായില്ലെന്നതിന്റെ സൂചനയാണു തെരഞ്ഞെടുപ്പു ഫലം വ്യക്തമാക്കുന്നതെന്നും യോഗത്തിൽ നേതാക്കൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണത്തെ സംബന്ധിച്ചു സമഗ്രമായ ഒരു വിലയിരുത്തൽ ഇടതുമുന്നണിയിൽ ഉണ്ടായിട്ടില്ല. സർക്കാരുമായി ബന്ധപ്പെട്ടുള്ള നയപരമായ കാര്യങ്ങളിൽ പോലും ഗൗരവമായ ചർച്ചയോ തീരുമാനങ്ങളോ ഉണ്ടായില്ല.
ഇതിന്റെ ഉത്തരവാദിത്വം എന്തുകൊണ്ടോ മുഖ്യമന്ത്രിയടക്കമുള്ള നേതാക്കൾ മറന്നുപോയെന്നും തോൽവിയെ സംബന്ധിച്ചു ഗൗരവമായ പരിശോധന നടത്തി മുന്നോട്ടു പോയാൽ ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ കഴിയുമെന്നും ഇടതുമുന്നണി യോഗത്തിൽ നേതാക്കൾ പറഞ്ഞു.
മുന്നണിയിലെ ഓരോ പാർട്ടിയും തോൽവിയെ സംബന്ധിച്ചു വിശദമായി പരിശോധന നടത്തി അടുത്ത മുന്നണി യോഗത്തിൽ ഇതു സംബന്ധിച്ച റിപ്പോർട്ടു നൽകാനും യോഗം തീരുമാനിച്ചു.
നേരിട്ടതു വലിയ തിരിച്ചടി:ടി.പി. രാമകൃഷ്ണൻ
തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേരിട്ടതു വലിയ തിരിച്ചടിയാണെന്നു കണ്വീനർ ടി.പി. രാമകൃഷ്ണൻ. തോൽവിയെ സംബന്ധിച്ചു വിശദമായി പരിശോധിക്കും.
ഇക്കാര്യത്തിൽ സമഗ്രമായ പരിശോധനയും എല്ലാ ഭാഗത്തു നിന്നും ഉണ്ടാകും. ജനങ്ങളുടെ പ്രതികരണം കേൾക്കുമെന്നും തിരുത്തേണ്ടതു തിരുത്തുമെന്നുംടി.പി. രാമകൃഷ്ണൻപറഞ്ഞു.