National
ന്യൂഡൽഹി: പാർട്ടിവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ തമിഴ്നാട്ടിലെ വനിതാ കോൺഗ്രസ് നേതാവ് ഹസീന സയീദിനെ ആറു വർഷത്തേക്കു പുറത്താക്കി.
സീറ്റ് നിഷേധിക്കപ്പെട്ടതോടെ മഹിളാ കോൺഗ്രസ് അധ്യക്ഷ അൽക്ക ലംബയെയും മറ്റു നേതാക്കളെയും കുറ്റപ്പെടുത്തി ഹസീന സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടിരുന്നു.
അൽക്ക ലംബയ്ക്കെതിരേ വ്യക്തിപരമായ ആരോപണം ഉയർത്തിയ ഹസീന, മുതിർന്ന നേതാവ് കെ.സി. വേണുഗോപാലിനെതിരേയും അപകീർത്തികരമായ പ്രസ്താവന നടത്തിയിരുന്നു. തമിഴ്നാട് മഹിളാ കോൺഗ്രസ് അധ്യക്ഷയായിരുന്നു ഹസീന.
Kerala
കണ്ണൂർ: ടി.കെ. ഗോവിന്ദന്റെ ഭാര്യ കെ.പി. രമണിയെ പുറത്താക്കി സിപിഎം. നിലവിൽ ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് കെ.പി.രമണി. തിങ്കളാഴ്ച ടി.കെ. ഗോവിന്ദന്റെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രമണി പങ്കെടുത്തിരുന്നു.
തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് മാർട്ടിൻ ജോർജ് രമണിയെ മാലയിട്ട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
ഭർത്താവിന് പിന്തുണ അറിയിച്ചു കൊണ്ടാണ് തളിപ്പറമ്പ് ടൗൺ സ്ക്വയറിൽ നടന്ന കൺവെൻഷനിൽ രമണി എത്തിയത്. ടി.കെ. ഗോവിന്ദനെ ഒറ്റപ്പെടുത്തുന്നത് കണ്ടാണ് പിന്തുണക്കാനായി താനെത്തിയതെന്ന് രമണി പറഞ്ഞു.
'ടി.കെ. ഗോവിന്ദന് മാഷെ ഒറ്റപ്പെടുത്തുന്ന സമീപനം ഉണ്ടായിട്ടുണ്ട്. കുടുംബം കൂടെയില്ലെന്ന പ്രചാരണവും വലിയ രീതിയില് നടക്കുന്നു. ഞാന് മാഷെ ചോറാണ് തിന്നുന്നത്, പാര്ട്ടിയുടെ ചോറ് തിന്നിട്ടില്ല. 59 വര്ഷമായി ഈ പാര്ട്ടിയിലാണ് പ്രവര്ത്തിക്കുന്നത്. പക്ഷേ മാഷെ ഒറ്റപ്പെടുത്തി. അതെനിക്ക് സഹിക്കാന് പറ്റിയില്ല', കെ പി രമണി പറഞ്ഞിരുന്നു.
Kerala
പാലക്കാട്: മുൻ എംഎൽഎ പി.കെ. ശശിയെ സിപിഎമ്മിൽ നിന്നും പുറത്താക്കി. സിപിഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്ശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി.
ശശിയെ പാര്ട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കാന് തീരുമാനിച്ചതായി പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്. സുരേഷ് ബാബു അറിയിച്ചു. ആരോപണങ്ങളില് കഴമ്പുണ്ടെന്ന് ശശി തെളിയിക്കണമെന്നും ശരിയാണെന്ന് തെളിയിക്കാനായാല് രാഷ്ട്രീയജീവിതം മതിയാക്കുമെന്നും സുരേഷ് ബാബു വെല്ലുവിളിച്ചു.
"തനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളില് കഴമ്പുണ്ടെന്ന് തെളിയിക്കുകയാണെങ്കില് രാഷ്ട്രീയജീവിതം മതിയാക്കാന് താന് ഒരുക്കമാണ്. തന്റെയോ കുടുംബത്തിന്റെയോ സാമ്പത്തിക ഇടപാടുകളില് എന്തെങ്കിലും കൃത്രിമം നടന്നിട്ടുണ്ടെങ്കിലും എല്ലാം അവസാനിപ്പിക്കാന് ഞാന് ഒരുക്കമാണ്'.
"നേരെതിരിച്ച്, പി.കെ ശശി അതിന് തയാറാവുമോ?.നിലവില് അയാള്ക്കെതിരെ തന്റെ കൈയില് തെളിവില്ല. വീണ്ടും നടപടി സ്വീകരിച്ച് തിരുത്തി തിരിച്ചുവരുന്ന സ്വഭാവക്കാരനായിരുന്നല്ലോ ശശി. എസ്എഫ്ഐ കാലം മുതല് അതാണ് അദ്ദേഹത്തിന്റെ ശീലം. അതുകൊണ്ട് തന്നെ ഇത്തരം ആരോപണങ്ങളെ താന് മുഖവിലക്കെടുക്കുന്നില്ല'.'- സുരേഷ് ബാബു വ്യക്തമാക്കി.
അതേസമയം, ദീര്ഘകാലമായി തുടര്ന്നുവന്നിരുന്ന സിപിഎം ബന്ധം അവസാനിപ്പിച്ചുവെന്നും മാനസിക പ്രയാസം നേരിടുന്നുവെന്നും പി.കെ. ശശി പ്രതികരിച്ചു.
Kerala
കണ്ണൂര്: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവരം വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പ്രാഥമിക അംഗത്വത്തില് നിന്ന് പുറത്താക്കി സിപിഎം. പാർട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് വി. കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്.
കുഞ്ഞികൃഷ്ണൻ പാർട്ടി ശത്രുക്കളുടെ കോടാലിക്കൈയായി മാറിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ. കെ രാഗേഷ് ആരോപിച്ചു. 2022 ഏപ്രിൽ മാസം ജില്ലാ കമ്മിറ്റി തീരുമാനമെടുത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ വീണ്ടും ആരോപിച്ചതെന്നും രാഗേഷ് പറഞ്ഞു.
"തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് അഭിമുഖത്തിന് സമയം തെരഞ്ഞെടുത്തു. ടി.ഐ. മധുസൂദനൻ എംഎൽഎയെ വ്യക്തിപരമായി അധിക്ഷേപിക്കാനാണ് ശ്രമിച്ചത്. അദ്ദേഹം പയ്യന്നൂരിലെ സഹകരണ സ്ഥാപനത്തിന്റെ ഭാരവാഹി അല്ല. എന്നിട്ടും ഭൂമി ഇടപാടിൽ ലക്ഷ്യം വച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് കുഞ്ഞികൃഷ്ണൻ ജില്ലാ കമ്മിറ്റിയിൽ ഉന്നയിച്ചത്. അതിന്റെ അടിസ്ഥാനത്തിൽ ആണ് പാർട്ടി ശാസിച്ചത്.'-രാഗേഷ് പറഞ്ഞു.
മധുസൂദനനെ മനഃപൂർവം താറടിക്കാനുള്ള ശ്രമം എന്നാണ് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. അത് കുഞ്ഞികൃഷ്ണനും അംഗീകരിച്ചതാണ്. വാർത്ത ചോർച്ച സംബന്ധിച്ച് പാർട്ടിക്ക് കൃത്യമായ തെളിവ് ഉണ്ട്.
വാർത്ത ചോർത്തി എന്ന കുറ്റസമ്മതം കുഞ്ഞികൃഷ്ണന്റെ വാക്കിൽ തന്നെ ഉണ്ടായി. കമ്മ്യൂണിസ്റ്റ് എന്ന പദത്തിന്റെ പരിസരത്തു നിൽക്കാൻ പറ്റുന്ന പണി ആണോ ഇത്. മധുവിനോടുള്ള പകയാണ് ഇപ്പോൾ ആരോപണം ഉന്നയിക്കാൻ കാരണം. വൈരനിര്യാതന ബുദ്ധിയോടെ ആണ് കുഞ്ഞി കൃഷ്ണൻ പ്രവർത്തിക്കുന്നതെന്നും രാഗേഷ് കുറ്റപ്പെടുത്തി.
ധനരാജ് രക്തസാക്ഷി ഫണ്ട് പിരിച്ചത് മൂന്ന് ആവശ്യങ്ങള്ക്കായാണ്. കുടുംബത്തെ സഹായിക്കുക, വീട് നിര്മിക്കുക, കേസ് നടത്തുക എന്നിവയായിരുന്നു ലക്ഷ്യം. ഒരു വ്യക്തിയും ധനാപഹരണം നടത്തിയിട്ടില്ല. ധനരാജ് ഫണ്ടിന്റെ വരവ് ചിലവ് കണക്ക് അവതരിപ്പിക്കുന്നത് വൈകിയിരുന്നു. അതില് നടപടി എടുത്തതാണെന്നും രാഗേഷ് പറഞ്ഞു.
Kerala
തിരുവനന്തപുരം: നിരന്തരമായ സംഘടന വിരുദ്ധ പ്രവർത്തനവും വിഭാഗീയതയും നടത്തിയതിന് സംസ്ഥാന കമ്മിറ്റി അംഗത്തെ പുറത്താക്കിയെന്ന് ആർഎസ്പി. ആർഎസ്പി സംസ്ഥാന കമ്മിറ്റി അംഗം ഇല്ലിക്കൽ അഗസ്തിയെ പുറത്താക്കിയെന്നാണ് പാർട്ടി അറിയിച്ചിരിക്കുന്നത്. ബുധനാഴ്ച ചേർന്ന പാർട്ടി സംസ്ഥാന കമ്മിറ്റി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു ഇദ്ദേഹത്തെ പുറത്താക്കിയതായി ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അറിയിച്ചു.
Kerala
തൃശൂർ: പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം ചേർന്ന് സ്വതന്ത്ര സ്ഥാനാർഥിയെ വിജയിപ്പിച്ച മറ്റത്തൂർ പഞ്ചായത്തിലെ എട്ട് അംഗങ്ങൾ ഉൾപ്പടെ പത്തുപേരെ കോണ്ഗ്രസ് പുറത്താക്കി. ടെസി ജോസ് കല്ലറക്കല് പ്രസിഡന്റായി വിജയിച്ചതോടെയാണ് കോൺഗ്രസ് നടപടിയെടുത്തത്.
സുമ മാഞ്ഞൂരാന്, ടെസി കല്ലറയ്ക്കല്, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്, മിനി ടീച്ചര്, കെ.ആര്. ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പില്, നൂര്ജഹാന് എന്നിവരെയാണ് കോണ്ഗ്രസ് പുറത്താക്കിയത്. കോണ്ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും ടെസി ജോസ് കല്ലറക്കലിനെ പിന്തുണയ്ക്കുകയായിരുന്നു.
ചില ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് പ്രതിപക്ഷ സര്ക്കാരുകളെ അട്ടിമറിക്കുന്നതിനു സമാനമായിരുന്നു മറ്റത്തൂരിലെ ഓപ്പറേഷൻ താമര നീക്കം. പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ജയിച്ച എട്ട് കോണ്ഗ്രസ് അംഗങ്ങളും ഒന്നിച്ച് പാര്ട്ടിയില് നിന്ന് രാജിവെച്ചത്.
സ്ഥാനാര്ഥി നിര്ണയം മുതല് കോണ്ഗ്രസിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതകളാണ് അട്ടിമറിക്ക് വഴിവച്ചത്. പിന്നാലെ പഞ്ചായത്തിന്റെ ചുമതലയുണ്ടായിരുന്ന ഡിസിസി ജനറല് സെക്രട്ടറിയെയും മണ്ഡലം പ്രസിഡന്റിനെയും കോണ്ഗ്രസ് പുറത്താക്കി നടപടിയെടുത്തിരുന്നു.
ഇതിനുപിന്നാലെയാണിപ്പോള് രാജിവെച്ച എട്ട് അംഗങ്ങളെയും ടെസി ജോസ് കല്ലറക്കലിനെയുമടക്കം പുറത്താക്കികൊണ്ടുള്ള കോണ്ഗ്രസ് നടപടി.