ജയ്പുർ: രാജസ്ഥാനിൽ അശാസ്ത്രീയ രീതിയിലുള്ള കീടനാശിനി ഉപയോഗം മൂലം കഴിഞ്ഞ രണ്ടു വർഷത്തിനിടെ 535 കർഷകരുടെ ജീവൻ പൊലിഞ്ഞു.
2024 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള കണക്കാണിത്. കോൺഗ്രസ് എംഎൽഎ അമീൻ കാഗ്സിയുടെ ചോദ്യത്തിന് മറുപടിയായി നിയമസഭയിൽ കൃഷിമന്ത്രിയാണ് ഞെട്ടിക്കുന്ന ഈ കണക്കുകൾ പുറത്തുവിട്ടത്.
കീടനാശിനി തളിക്കുന്ന സമയത്ത് ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാത്തതും അളവിൽ കൂടുതൽ കീടനാശിനികൾ ഉപയോഗിക്കന്നതുമാണ് കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മരണത്തിനും രോഗബാധയ്ക്കും കാരണമെന്നും കൃഷിവകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു.
ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തത് ബിക്കാനീറിലാണ് -57. ചുരുവിൽ 56 മരണം റിപ്പോർട്ട് ചെയ്തു. ഹനുമാൻഗഡ് -42, ഝലാവാർ -42, ജോധ്പുർ 38, ശ്രീഗംഗാനഗർ -31, ബിയാവർ -31 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ മരണം.
അതേസമയം, ധോൽപുർ, ജയസാൽമീർ പോലെ കൃഷി വ്യാപകമായ ജില്ലകളിൽ കീടനാശിനി പ്രയോഗം മൂലം മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.