കോട്ടയം: മലരിക്കല്‍ ആമ്പല്‍ പാടശേഖരത്തില്‍ സര്‍വീസ് നടത്തുന്ന ഫൈബര്‍ ബോട്ടുകളുടെ പെട്രോള്‍ ടാങ്ക് ഉപ്പുകല്ലിട്ടു നശിപ്പിച്ചതായി പരാതി. മലരിക്കല്‍ കുറ്റിത്താരാടി കടവ് കേന്ദ്രീകരിച്ച് സര്‍വീസ് നടത്തുന്ന ഏഴു ബോട്ടുകളുടെ പെട്രോള്‍ ടാങ്കിലാണ് ഉപ്പുകല്ലിട്ട് നശിപ്പിച്ചത്.
ഇന്നലെ അതിരാവിലെ സഞ്ചാരികള്‍ എത്തിയപ്പോള്‍ മുതല്‍ ബോട്ടുകള്‍ സര്‍വീസ് ആരംഭിച്ചിരുന്നു. ഒരു ബോട്ട് സഞ്ചാരികളുമായി കുറച്ചു ദൂരം എത്തിയപ്പോള്‍ ഓഫായി തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ബോട്ടുകളുടെ പെട്രോള്‍ ടാങ്കില്‍ ഉപ്പുകല്ലിട്ടതായി കണ്ടെത്തിയത്. തുടര്‍ന്നു കരയിലുണ്ടായ മറ്റു ബോട്ടുകളില്‍ നടത്തിയ പരിശോധനയിലാണ് സമാനമായ രീതിയില്‍ ഉപ്പുകല്ലിട്ടതായി കണ്ടെത്തിയത്.
കാഞ്ഞിരം സ്വദേശികളായ ദിബിന് കുറ്റിതാരാടി, പീതാംബരന് പാണ്ടങ്കേരി, പ്രമീഷ് പാണ്ടങ്കേരി, കിരണ്‍ കളത്തില്‍, അച്ചുക്കുട്ടന് കുമ്പളങ്കേരി, നോബിള്‍ ചെമ്മരപ്പള്ളി എന്നിവരുടെ ബോട്ടുകളുടെ പെട്രോള്‍ ടാങ്കിലാണ് ഉപ്പിട്ടത്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം.
സഞ്ചാരികള്‍ കബളിപ്പിക്കപ്പെടുന്നതായി പരാതി
മലരിക്കല്‍ ആമ്പല്‍ പാടത്തിന്റെ കാഴ്ചകള്‍ ആസ്വദിക്കുന്നതിനായി നുറൂകണക്കിനു സഞ്ചാരികളാണ് ദിവസവും എത്തികൊണ്ടിരിക്കുന്നത്. ഇവിടെ വള്ളത്തില്‍ കയറി ആമ്പല്‍പ്പാടം ചുറ്റിക്കാണുന്നതിനു ഒരു വള്ളത്തില്‍ അഞ്ചു പേര്‍ക്ക് 1000 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ സഞ്ചാരികള്‍ മലരിക്കലിലേക്ക് എത്തുന്നതിനു മുമ്പു കാഞ്ഞിരം പാലം കഴിയുമ്പോള്‍തന്നെ ചില സംഘങ്ങള്‍ സഞ്ചാരികളെ കൂടുതല്‍ പണം ഈടാക്കി വള്ളത്തില്‍ കയറ്റുന്നതായി പരാതിയുണ്ട്. പലരും യാത്ര ചെയ്തു കഴിഞ്ഞു മുന്നോട്ടു പോകുമ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട വിവരമറിയുന്നതെന്നും പറയപ്പെടുന്നു.