തുറവൂർ: കൂലിവർധന അംഗീകരിച്ചിട്ടും ചില അനധികൃത പീലിംഗ് ഷെഡുകൾ വ്യാഴാഴ്ച മുതൽ നടത്തുന്ന സമരം മത്സ്യ സംസ്കരണ, കയറ്റുമതി മേഖലയെ തകർക്കുമെന്ന് വ്യവസായികൾ. ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗമായ ചെമ്മീൻ സംസ്കരണ-കയറ്റുമതി മേഖല ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നതാണ് സമരം. സമര പ്രഖ്യാപനത്തിനെതിരേ എക്സ്പോർട്ടേഴ്സ് അസോസിയേഷൻ രംഗത്തെത്തി.
ജനുവരി ഒന്നിന് ഷെഡ് ഉടമകളുടെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തിയിരുന്നെന്നും ഓഗസ്റ്റ് ഒന്നുമുതൽ ഒരു കിലോഗ്രാമിന് 1.50 രൂപ വർധിപ്പിച്ച് 21 രൂപയായി നൽകാൻ തത്വത്തിൽ സമ്മതിച്ചിരുന്നെന്നും ഭാരവാഹികൾ വ്യക്തമാക്കി.
സംസ്കരണ മേഖലയിലും കയറ്റുമതി മേഖലയിലും ഗുരുതര പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ മുൻകൂർ അറിയിപ്പോ കൂടുതൽ ചർച്ചകളോ ഇല്ലാതെ സമരമാർഗത്തിലേക്ക് പോകുന്നത് മേഖലയുടെ നിലനിൽപ്പിനെതന്നെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. നിലവിൽ ഒരു കിലോ ചെമ്മീൻ സംസ്കരിക്കുന്നതിന് 23 മുതൽ 30 രൂപ വരെ കൂലി ഷെഡ് ഉടമകൾ ഈടാക്കുന്നുണ്ടെന്നും അതിലും കൂടുതൽ വർധന നേടുന്നതിനുള്ള സമ്മർദ തന്ത്രത്തിന്റെ ഭാഗമായാണ് സമരനീക്കമെന്നുമാണ് എക്സ്പോർട്ടേഴ്സ് അസോസിയേഷിന്റെ ആരോപണം.
കയറ്റുമതിക്ക് ഏറ്റവും പ്രിയമേറിയ ചെമ്മീൻ സംസ്കരിച്ച് നൽകുന്നതിനുള്ള കൂലി വർധിപ്പിക്കണമെന്ന ആവശ്യം കയറ്റുമതി സ്ഥാപനങ്ങൾ അംഗീകരിക്കാത്ത സാഹചര്യത്തിൽ ഇന്നലെ മുതൽ പീലിംഗ് ഷെഡുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ സംയുക്ത സമരസമിതി തീരുമാനിച്ചു.
ചേംബർ ഓഫ് കേരള സീഫുഡ് ഇൻഡസ്ട്രിയൽ അസോസിയേഷനും മറൈൻ പ്രോഡക്ട് ഇൻഡസ്ട്രിയൽ അസോസിയേഷനും ഉൾപ്പെടുന്ന ഷെഡ് ഉടമകളുടെ സംഘടനകൾ കൂലി വർധന ആവശ്യപ്പെട്ട് നേരത്തേതന്നെ കയറ്റുമതിക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. നിലവിൽ ചെമ്മീൻ സംസ്കരിച്ച് കയറ്റുമതി സ്ഥാപനങ്ങൾക്ക് കൈമാറുന്നതിനുള്ള നിരക്ക് പര്യാപ്തമല്ലെന്നും ഇതുമൂലം തൊഴിലാളികൾക്ക് കൂലി കൂട്ടി നൽകാൻ കഴിയുന്നില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
ഒരു കിലോ ചെമ്മീൻ പൊളിക്കുന്നതിന് സ്ത്രീ തൊഴിലാളികൾക്ക് നിലവിൽ 19.50 രൂപയാണ് ലഭിക്കുന്നത്. ഇത് 23 രൂപയാക്കി ഉയർത്തണമെന്ന ആവശ്യവുമായി ജനുവരിയിലേ കയറ്റുമതിക്കാർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ഇതുവരെ അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ചേർത്തല താലൂക്കിൽ മാത്രം നാനൂറിലധികം പീലിംഗ് ഷെഡുകളും നൂറിലധികം കയറ്റുമതി സ്ഥാപനങ്ങളുമുണ്ട്. ഇരുപതിനായിരത്തിലധികം തൊഴിലാളികളാണ് പീലിംഗ് ഷെഡുകളെ ആശ്രയിച്ച് ജീവിക്കുന്നത്.
സ്ഥാപനങ്ങൾ അടച്ചിട്ടാൽ തൊഴിലാളികൾ പട്ടിണിയിലാകുമെന്ന് കയറ്റുമതിക്കാർ പറയുമ്പോഴും തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാൻ അവർ തയാറാകുന്നില്ലെന്നാണ് ആക്ഷേപം. സമരം പ്രഖ്യാപിച്ചതിന് ശേഷമാണ് ചർച്ചയ്ക്കായി ക്ഷണം ലഭിച്ചതെന്നും അത് തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സംയുക്ത സമരസമിതി നേതാക്കൾ ആരോപിച്ചു. ഇതിന് ശക്തമായ മറുപടി നൽകുമെന്നും ചെയർമാൻ വി.പി.ഹമീദും കൺവീനർ അബ്ദുൽ ഗഫൂറും വ്യക്തമാക്കി.
അനുബന്ധ തൊഴിലാളികൾക്കും കടുത്ത അവഗണന
പീലിംഗ് ഷെഡുകളിൽ അനുബന്ധ ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്കും കടുത്ത അവഗണന നേരിടുന്നതായി പരാതി. കിലോയ്ക്ക് നാലു രൂപ മാത്രമാണ് ഇവർക്കുള്ള ലേബർ ചാർജ്. പുലർച്ചെ ഷെഡും പരിസരവും വൃത്തിയാക്കി സംസ്കരിച്ച ചെമ്മീൻ കൗണ്ട് അനുസരിച്ച് വേർതിരിച്ച് ഐസ് ചെയ്ത് വാഹനങ്ങളിൽ കയറ്റി അയച്ച ശേഷമാണ് ഇവർ വീടുകളിലേക്ക് മടങ്ങുന്നത്. ഇത്രയേറെ കഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് കുറഞ്ഞത് കിലോയ്ക്ക് ആറു രൂപയെങ്കിലും നൽകണമെന്നാണ് ഇവരുടെ ആവശ്യം.
പ്രതിസന്ധി ഇരട്ടിയാക്കി മൺസൂണും ട്രോളിംഗ് നിരോധനവും
മൺസൂൺ ആരംഭിച്ചതോടെ ട്രോളിംഗ് നിരോധനവും നിലവിൽവന്നിരിക്കുകയാണ്. മത്സ്യലഭ്യത കുറയുന്ന ഈ കാലയളവിൽത്തന്നെ ചെമ്മീൻ സംസ്കരണ മേഖലയിലെ തൊഴിലാളികൾ കടുത്ത തൊഴിൽക്ഷാമം നേരിടുന്ന സാഹചര്യമാണ്. സമരവും അടച്ചിടലും നീണ്ടാൽ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം കൂടുതൽ ദുരിതത്തിലാകും.
മേഖലയിൽ തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് സർക്കാർ പ്രത്യേക സഹായപദ്ധതികൾ പ്രഖ്യാപിക്കണമെന്നും സൗജന്യ റേഷൻ ഉൾപ്പെടെയുള്ള അടിയന്തര ആശ്വാസ നടപടികൾ നടപ്പാക്കണമെന്നും തൊഴിലാളി പ്രതിനിധികൾ ആവശ്യപ്പെട്ടു.
കയറ്റുമതിക്കാരും ഷെഡ് ഉടമകളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതോപാധി സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് മേഖലയിലെ തൊഴിലാളികളുടെയും വ്യാപാരികളുടെയും ആവശ്യം.