വെഞ്ഞാറമൂട്: ഉദ്ഘാടനം കഴിഞ്ഞു പത്തുവർഷം പിന്നിട്ടിട്ടും വെഞ്ഞാറമൂട്ടിലെ ആധുനിക മത്സ്യച്ചന്ത ഇനിയും തുറന്നില്ല. 2.40 കോടി രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടങ്ങൾ അനാസ്ഥയിൽ നശിക്കുന്നു.
കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരള തീരദേശവികസന കോർപറേഷൻ എല്ലാ സജ്ജീകരണങ്ങളോടുംകൂടിയാണ് ആധുനിക ചന്ത നിർമിച്ചത്. വസ്തുവിന്റെ ഒരു മൂലയിലേക്കു മാറ്റിയാണു പുതിയ കെട്ടിടം നിർമിച്ചത്. ഹൈടെക് സൗകര്യങ്ങളാണ് ഈ കെട്ടിടത്തിനുള്ളിൽ ഒരുക്കിയിരുന്നത്. ഒരേസമയം 60 പേർക്കിരുന്നു കച്ചവടംചെയ്യാനുള്ള സ്റ്റാളുകൾ, മത്സ്യം ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാനുള്ള ഫ്രീസർ സംവിധാനങ്ങൾ, ചന്തയിൽനിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകി അന്തരീക്ഷം മലിനമാകാതിരിക്കാൻ പ്രത്യേക മലിനജല സംസ്കരണ പ്ലാന്റ്, സുരക്ഷയ്ക്കായി കെട്ടിടത്തിലുടനീളം സ്ഥാപിച്ച നിരീക്ഷണ കാമറകൾ, വിശ്രമമുറികൾ എന്നിവയും കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്.
ഉദ്ഘാടനത്തിനുശേഷം നിയമസഭാ തെരഞ്ഞെടുപ്പ് വരുകയും സർക്കാർ മാറുകയും ചെയ്തതിനാൽ പിന്നീട് കെട്ടിടം തുറന്നു പ്രവർത്തിക്കാൻ കഴിഞ്ഞില്ല. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് രണ്ടുവർഷമുൻപ് കെട്ടിടം താത്കാലികമായി തുറന്നുനൽകി. എന്നാൽ, കച്ചവടക്കാരെ പൂർണമായി ആധുനിക കെട്ടിടത്തിലേക്കു മാറ്റുന്നതിനോ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനോ ഭരണസമിതിക്ക് കഴിഞ്ഞില്ല. ഇതേത്തുടർന്നു മത്സ്യക്കച്ചവടക്കാർ സഹകരിക്കാത്തതിനാൽ തൊട്ടടുത്ത ദിവസംതന്നെ ചന്ത വീണ്ടും പൂട്ടേണ്ടിവന്നു.
നിലവിൽ കെട്ടിടം തെരുവുനായ്ക്കളുടെ പ്രധാന വിശ്രമകേന്ദ്രമായി മാറിയിരിക്കുകയാണ്. രാത്രിയിൽ വെളിച്ചമില്ലാത്തതിനാൽ കെട്ടിടവും പരിസരവും ലഹരിസംഘങ്ങളുടെയും സമൂഹിക വിരുദ്ധരുടെയും പ്രധാന താവളമായിരിക്കുകയാണെന്നും പരാതി ഉയരുന്നുണ്ട്. മത്സ്യക്കച്ചവടക്കാരെ കെട്ടിടത്തിനുള്ളിലേക്കു മാറ്റാനും ആധുനിക യന്ത്രസാമഗ്രികൾ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനക്ഷമമാക്കാനും ജനങ്ങൾക്ക് വൃത്തിയുള്ള അന്തരീക്ഷത്തിൽ മത്സ്യംവാങ്ങാനുമുള്ള സൗകര്യമൊരുക്കാനും തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.