വൈപ്പിൻ: ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രാത്രികാലങ്ങളിൽ മിനിമം ലീഗൽ സൈസിൽ കുറവുള്ള ചെറിയ മത്തി പോലുള്ള മത്സ്യങ്ങൾ പിടിക്കാൻ വൻ മാഫിയ അറബിക്കടലിൽ വിലസുന്നതായി ഫെഡറേഷൻ ഓഫ് ഫിഷിംഗ് ബോട്ട് ആൻഡ് ഫിഷറീസ് ഇൻഡസ്ട്രീസ് കേരള. ടൺകണക്കിന് പൊടിച്ചാളകൾ പിടിച്ച് ഫിഷ് മീലാക്കി ലാഭം കൊയ്യുന്ന ഈ മാഫിയാസംഘത്തിന്റെ നിയമവിരുദ്ധ മത്സ്യബന്ധനം മൂലം ഭാവിയിൽ കടലിൽ മത്സ്യസമ്പത്തിന് വൻ നാശം സംഭവിക്കുമെന്നാണ് ബോട്ടുടമാ സംഘത്തിന്റെ ആശങ്ക.
ഒരു പ്രത്യേക ഗ്രൂപ്പിന്റെ ബോട്ടുകളാണ് രാത്രികാലങ്ങളിൽ ചെറിയ ചാള പിടിക്കുന്നത്. പിടികൂടുന്ന ചാളകളാകട്ടെ രാത്രികാലങ്ങളിൽത്തന്നെ ചില സ്വകാര്യ ജെട്ടികളിൽ അടുത്താണ് കയറ്റിപ്പോകുന്നത്.
എന്നാൽ ഈ പ്രത്യേക ഗ്രൂപ്പിന്റെ യാനങ്ങൾ പരിശോധിക്കാനോ രാത്രികാല മത്സ്യബന്ധനം തടയാനോ ഫിഷറീസ് അധികൃതർ തയാറാകാത്തതിനു പിന്നിൽ ദുരൂഹതയുണ്ടെന്നും ബോട്ടുടമ സംഘം സംസ്ഥാന പ്രസിഡന്റ് പോൾ രാജൻ മാമ്പിള്ളി, ജനറൽ സെക്രട്ടറി ജോസഫ് സേവ്യർ കളപ്പുരക്കൽ എന്നിവർ ആരോപിച്ചു.
ഇത്തരത്തിൽ അനധികൃത മത്സ്യബന്ധനം നടത്തുന്ന ബോട്ടുകളാണ് കടലിൽ രാത്രികാലങ്ങളിൽ ആങ്കർ ചെയ്തു കിടക്കുന്ന സാധാരണ ബോട്ടുകളെ ഇടിച്ചുതകർക്കുന്നത്.
അടുത്തകാലത്തായി ഇത്തരം മൂന്നപകടങ്ങൾ അറബിക്കടലിൽ ഉണ്ടായിട്ടും ഫിഷറീസ് അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടായില്ല. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി മൂന്നു പരാതികൾ സർക്കാരിൽ സമർപ്പിച്ചിട്ടും നടപടിയുണ്ടായില്ല.
ഇപ്പോഴാകട്ടെ ഫിഷ് മീൽ ഉണ്ടാക്കുന്നതിനായി ആഴക്കടലിലെ ചെറു മത്സ്യങ്ങളെ പിടികൂടുന്നതിന് അഞ്ച് കപ്പലുകൾ ഒരു ടീം വാടകയ്ക്കെടുത്തിട്ടുണ്ടെന്നാണ് വിവരമെന്നും എം ടീം എന്ന കമ്പനിയാണ് ഇതിനു പിന്നിലെന്നും ഭാരവാഹികൾ ആരോപിച്ചു.
നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരേ സർക്കാരും ഉദ്യോഗസ്ഥന്മാരും നടപടിയെടുത്തില്ലെങ്കിൽ ഭാവിയിൽ കേരളതീരം വറുതിയിലാകുമെന്ന് ബോട്ടുടമസംഘം ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.