കായംകുളം: ജനങ്ങളെ ഭീതിയിലാഴ്ത്തി കായംകുളത്ത് വീണ്ടും തെരുവുനായ ആക്രമണം സ്കൂൾ വിദ്യാർഥിനികൾ ഉൾപ്പെടെ എട്ടു പേർക്കു കടിയേറ്റു. കായംകുളം ഐക്യജംഗ്ഷന് വടക്കുവശം ഇന്നലെ രാവിലെ ഒൻപതിനാണ് സംഭവം. ഗുരുതരമായി കടിയേറ്റ മൂന്നുപേരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞദിവസം പുല്ലുകുളങ്ങരയിൽ മുത്തശ്ശിയുടെ കൈയിലിരുന്ന നാലുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ ഉൾപ്പെടെ നാലു പേരെ തെരുവുനായ്ക്കൾ കടിച്ചുകീറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നലെ കായംകുളം ഐക്യ ജംഗ്ഷനിൽ വീണ്ടും തെരുവുനായ ആക്രമണമുണ്ടായത്.
സ്കൂൾ വിദ്യാർഥിനികളായ ഐക്യ ജംഗ്ഷൻ ഇല്ലിക്കുളത്ത് നൗഷാദിന്റെ മകൾ നെഹ്റ ഫാത്തിമ, ഐക്യ ജംഗ്ഷൻ കൊപ്രാപുരയിൽ സുനീറിന്റെ മകൾ ഫൈസ ഫാത്തിമ എന്നിവർക്കും മുരുകൻ (52), വലിയഴീക്കൽ സ്വദേശി സുരേഷ് (59), ഐക്യ തെക്കേത്തലയ്ക്കൽ സരസൻ (65), ശംഭു (28), മുണ്ടകത്തിൽ നസീർ (60), ഐക്യജംഗ്ഷൻ കീരിക്കാട് തെക്ക് കോട്ടയ്ക്കാട്ട് പടീറ്റതിൽ ബിനു (47) എന്നിവർക്കുമാണ് ഇന്നലെ കടിയേറ്റത്.
ഇതിൽ ഗുരുതരമായി കടിയേറ്റ ഇതരസംസ്ഥാന തൊഴിലാളികളായ മുരുകൻ, ശംഭു എന്നിവരെയും ഐക്യ ജംഗ്ഷൻ സ്വദേശി നസീറിനെയും വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിനികൾ സ്കൂളുകളിലേക്കു പോകുമ്പോഴാണ് കടിയേറ്റത് മറ്റുള്ളവർക്ക് ഐക്യജംഗ്ഷന് സമീപംവച്ചാണ് കടിയേറ്റത്.
കാൽനടയാത്രക്കാരെയും വിദ്യാർഥിനികളെയും തെരുവുനായ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരമാണ് മുത്തശ്ശിയുടെ കയ്യിലിരുന്ന നാലുമാസം പ്രായമായ പിഞ്ചുകുഞ്ഞിനെ ഉൾപ്പെടെ നാലുപേരെ തെരുവുനായ്ക്കൾ കടിച്ചുകീറിയിരുന്നു. പുല്ലുകുളങ്ങര ചന്തയ്ക്ക് വടക്കുഭാഗം ആറാട്ടുകുളങ്ങരയ്ക്കു സമീപം ശ്രീസദനത്തിൽ രാജമ്മ (65), രാജമ്മയുടെ മകൾ സൗമ്യ, സൗമ്യയുടെ നാലുമാസം പ്രായമുള്ള മകൻ ആരവ് എന്നിവർക്കാണ് ആദ്യം കടിയേറ്റത്.
അമ്മൂമ്മയുടെ കൈയിലിരിക്കുകയായിരുന്ന കുഞ്ഞിനെ ഓടിയെത്തിയ നായ ചാടിവീണ് ആക്രമിക്കുകയായിരുന്നു. കുഞ്ഞിന്റെ കാലിനാണ് കടിയേറ്റത്. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് രാജമ്മയ്ക്ക് കടിയേറ്റത്. തുടർന്ന് പുല്ലുകുളങ്ങര പൊന്നുരൂട്ട് ഭാഗത്തും ഇതേ നായയുടെ ആക്രമണമുണ്ടായി. റോഡിലൂടെ നടന്നുപോവുകയായിരുന്ന റഷീദ (44), മകൾ അമാന (16) എന്നിവരെ നായ ക്രൂരമായി കടിച്ചുകീറി.
പരിക്കേറ്റ നാലുപേരയും ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ വീണ്ടും കായംകുളത്ത് തെരുവുനായ്ക്കളുടെ വ്യാപക ആക്രമണ മുണ്ടായത്.
രണ്ടുമാസം; കടിയേറ്റത് 50 പേർക്ക്
കായംകുളം: ജനങ്ങളെ ഭീതിയിലാക്കി കായംകുളം നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവു നായ്ക്കളുടെ ആക്രമണം വ്യാപമായിട്ടും നടപടി സ്വീകരിക്കാത്തതിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പിഞ്ചുകുഞ്ഞിനും രണ്ടു സ്കൂൾ വിദ്യാർഥിനികളും ഉൾപ്പെടെ പന്ത്രണ്ടു പേർക്ക് ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലുമായി തെരുവുനായ്ക്കളുടെ കടിയേറ്റു.
കൂട്ടത്തോടെ എത്തുന്ന നായ്ക്കൾ ഓടിനടന്ന് ഇപ്പോൾ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ജനങ്ങളാകട്ടെ ഭയന്ന് വീടിനു പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. ഇന്നലെ അക്രമകാരിയായ നായയെ നാട്ടുകാർ ഒടുവിൽ സഹികെട്ട് ഐക്യജംഗ്ഷൻ പുളിമുക്കിനു സമീപം വച്ച് തല്ലിക്കൊന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ കായംകുളത്തും സമീപ പ്രദേശങ്ങളിലുമായി അമ്പതോളം പേരാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. വളർത്തു മൃഗങ്ങൾക്കുനേരെയും വ്യാപകമായി ആക്രമണമാണ് ഉണ്ടാവുന്നത്.
തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനായി കായംകുളം നഗരസഭ നാളിതുവരെ ഒന്നും ചെയ്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംസ്ഥാനത്തെ മിക്ക നഗരസഭകളും തെരുവുനായ വന്ധീകരണ പദ്ധതി നടപ്പാക്കിയപ്പോൾ കായംകുളം നഗരസഭ പദ്ധതിയോട് അലംഭാവം കാട്ടുകയായിരുന്നെന്നും ആക്ഷേപമുണ്ട്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പേവിഷബാധ സ്ഥിരീകരിച്ചു, നാട്ടുകാർ നായയെ തല്ലിക്കൊന്നു
കായംകുളം: പുല്ലുകുളങ്ങരയിലും ഐക്യജംഗ്ഷനിലും 12 പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. നാലുമാസം പ്രായമായ കുഞ്ഞും സ്കൂൾ വിദ്യാർഥിനികളും ഉൾപ്പെടെ പന്ത്രണ്ടു പേർക്കാണ് ഇതുവരെ കടിയേറ്റത്. ജനങ്ങളെ ആക്രമിച്ച് ഭീതിവിതച്ച തെരുവുനായയെ ഐക്യജംഗ്ഷൻ പുളിമുക്ക് ഭാഗത്തുവച്ച് നാട്ടുകാർ തല്ലിക്കൊന്നു.