ചെന്നൈ: സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ നടക്കുന്നതിനിടെ തമിഴ്നാട്ടിലും റിസോര്‍ട്ട് രാഷ്ട്രീയം. എഐഎഡിഎംകെ നിയുക്ത എംഎല്‍എമാരെ പുതുച്ചേരിയിലെ റിസോര്‍ട്ടിലേക്ക് മാറ്റി. ദി ഷോർ ട്രിഷം എന്ന റിസോർട്ടിൽ 20 മുറികളാണ് എംഎൽഎമാർക്കായി ബുക്ക് ചെയ്തിട്ടുള്ളത്.
പാർട്ടിയിലെ ഒരുവിഭാഗം ടിവികെയിലേക്ക് പോയേക്കുമെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് എംഎൽഎമാരെ ഒരുമിച്ച് നിർത്താനുള്ള നീക്കം. പല എംഎൽഎമാരും ഇതിനോടകം പുതുച്ചേരിയിൽ എത്തിയെന്നും ബാക്കിയുള്ളവർ എത്രയും പെട്ടെന്ന് എത്തുമെന്നും മുതിർന്ന അണ്ണാഡിഎംകെ നേതാവ് സി.വി.ഷൺമുഖം പറഞ്ഞു.
വിജയ്യെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് 15 എംഎൽഎമാർ പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയെ കണ്ടിരുന്നു. സിപിഐ സംസ്ഥാന നേതൃത്വത്തിനു ടിവികെയോട് അനുകൂല നിലപാടാണെങ്കിലും തിരക്കിട്ട തീരുമാനം വേണ്ടെന്നാണ് കേന്ദ്രനിലപാട്.
അതിനിടെ ടിവികെ അധികാരത്തിൽ വരുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും കൈകോർത്തേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇതുസംബന്ധിച്ച് ചർച്ച നടന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരമൊരു സഖ്യ രൂപവ്തകരണത്തെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നുമില്ല.