നെന്മാറ: ഇന്ധനവിലയിലെ തുടർച്ചയായ വർധനവ് കാർഷിക മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. ഡീസൽവില ഉയർന്നതിനെ തുടർന്ന് ട്രാക്ടർ വാടകയും പുല്ലുവെട്ട് തൊഴിലാളികളുടെ കൂലിയും വർധിച്ചതോടെ കർഷകർക്കു കൃഷിച്ചെലവ് ഗണ്യമായി കൂടി.
കൃഷിയിറക്കുന്നതിനും പാടശേഖരങ്ങൾ ഒരുക്കുന്നതിനും ആവശ്യമായ പ്രധാന സേവനങ്ങളുടെ നിരക്ക് ഉയർന്നത് ചെറുകിട, ഇടത്തരം കർഷകരെ ഏറെ ആശങ്കയിലാഴ്ത്തി.
ട്രാക്ടർ വാടക കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് മണിക്കൂറിന് 200 രൂപ വർധിച്ച് 1200 രൂപയായി ഉയർന്നു. റൊട്ടറേറ്റർ പ്രവർത്തനം തുടങ്ങിയ കാർഷിക ജോലികൾക്ക് 1200 രൂപയിൽ നിന്നും 1500 രൂപയായി ഉയർന്നതും ട്രാക്ടറുകളെ ആശ്രയിക്കുന്ന കർഷകർക്ക് അധിക സാമ്പത്തിക ബാധ്യതയാണുണ്ടായിരിക്കുന്നത്.
മഴയെ ആശ്രയിക്കാത്ത പ്രദേശങ്ങളിലെ പാടശേഖരങ്ങളിൽ റൊട്ടറേറ്റർ ഘടിപ്പിച്ച ട്രാക്ടറുകൾ ഉപയോഗിച്ചാണ് നിലമൊരുക്കുന്നത്. ഇന്ധനച്ചെലവ് കൂടിയതോടെ ട്രാക്ടർ ഉടമകൾക്കും വാടക വർധിപ്പിക്കാതെ മറ്റുമാർഗമില്ലാത്ത സാഹചര്യമാണുള്ളത്.
ഒരു മണിക്കൂർ പുല്ലുവെട്ടുന്നതിനുള്ള നിരക്ക് നിലവിൽ 290 മുതൽ 310 രൂപ വരെയായി ഉയർന്നിട്ടുണ്ട്. ഇതോടെ അത്യാവശ്യമായി വെട്ടിമാറ്റേണ്ട സ്ഥലങ്ങളിൽ മാത്രമാണ് കർഷകർ തൊഴിലാളികളെ വിളിച്ചുവരുത്തുന്നത്.
കർഷകരിൽ പലരും ചെലവ് ലഘൂകരിക്കാൻ ചില പ്രദേശങ്ങളിൽ പുല്ലുവെട്ടൽ പൂർണമായും ഒഴിവാക്കുകയോ വൈകിക്കുകയോ ചെയ്യുന്ന സ്ഥിതിയാണ്. റബർ മേഖലയിലും ഇതിന്റെ പ്രതിഫലനം പ്രകടമാണ്.
മുഴുവൻ ഭാഗങ്ങളിലും പുല്ലുവെട്ടി വൃത്തിയാക്കുന്ന പതിവുകുറഞ്ഞ് റബർ ടാപ്പിംഗിനും പരിപാലനത്തിനും ആവശ്യമായ പ്ലാറ്റ്ഫോം ഭാഗങ്ങളിൽ മാത്രമായി ജോലികൾ ചരുങ്ങിയതായി കർഷകർ പറയുന്നു.