ഗാസ സിറ്റി: ഗാസയിലെ തങ്ങളുടെ സർക്കാരിനെ പിരിച്ചുവിട്ട് ഹമാസ്. ഭരണം നടത്തുന്നതിനായി സാങ്കേതിക വിദഗ്ധരും പ്രൊഫഷണലുകളും അടങ്ങുന്ന പ്രത്യേക പലസ്തീനിയൻ സമിതിക്ക് അധികാരം കൈമാറാനാണ് ഹമാസിന്റെ തീരുമാനം.
സർക്കാരിനെ പിരിച്ചുവിട്ടെങ്കിലും ഗാസയിലെ വിവിധ മന്ത്രാലയങ്ങളും സിവിൽ ഉദ്യോഗസ്ഥരും തൽസ്ഥാനത്ത് തുടരും. എന്നാൽ ഭരണം കൈമാറിയാലും ഗാസയുടെ ആഭ്യന്തര സുരക്ഷയും ക്രമസമാധാന നിയന്ത്രണവും പൂർണമായും ഹമാസിന്റെ കീഴിൽ തന്നെയായിരിക്കും തുടരുക.
താൽക്കാലിക വെടിനിർത്തലിനു ശേഷം ട്രംപ് പ്രഖ്യാപിച്ച സമാധാന കരാറിലെ പ്രധാന വ്യവസ്ഥയായിരുന്നു ഹമാസിന്റെ ഭരണസമിതി ഒഴിഞ്ഞുപോവുക എന്നത്. ഹമാസിന്റെ പ്രഖ്യാപനം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് സമാധാന കരാർ നിരീക്ഷിക്കാൻ ട്രംപ് നിയോഗിച്ച ബോർഡ് ഓഫ് പീസ് അറിയിച്ചു.