ദശാബ്ദങ്ങളായി ജനസംഖ്യയോടും കുടുംബത്തിലുണ്ടാകേണ്ട കുട്ടികളുടെ എണ്ണത്തോടും രാജ്യങ്ങൾക്കും ജനതകൾക്കും കുടുംബങ്ങൾക്കും തങ്ങളുടേതായ സമീപനത്തിൽ വലിയ മാറ്റങ്ങളാണു സംഭവിച്ചുകൊണ്ടിരിക്കുന്നത്. വലിയ കുടുംബങ്ങളോടുള്ള പരന്പരാഗത ആഭിമുഖ്യം മാറിപ്പോയിരിക്കുന്നു. "ജനസംഖ്യാ വിസ്ഫോടനം', "മിടിക്കുന്ന ടൈംബോംബ്', "ജനസംഖ്യാദുരന്തം' തുടങ്ങിയ പ്രയോഗങ്ങൾ അന്തർദേശീയ മാധ്യമങ്ങളിലും പൊതുചർച്ചകളിലും സർവസാധാരണമായിക്കഴിഞ്ഞിരിക്കുന്നു. ജനനനിരക്കു കുറയ്ക്കാൻ കടുത്ത സമ്മർദങ്ങളും പ്രോത്സാഹനങ്ങളുമടങ്ങുന്ന സമീപനങ്ങളും തന്ത്രങ്ങളും രാജ്യങ്ങളുടെ വികസനപദ്ധതിയുടെ ഭാഗമായിരിക്കുന്നു. ജനനനിരക്ക് (TFR) 2.1നു താഴെയാക്കുകയെന്നത് ഇക്കാര്യത്തിലുള്ള നിർണായക നേട്ടമായി കണക്കാക്കപ്പെട്ടു.
ജനസംഖ്യാ നിയന്ത്രണങ്ങളുടെ ഫലത്തെ വിശകലനം ചെയ്തുകൊണ്ട് വ്യത്യസ്തങ്ങളായ പഠനങ്ങളും അഭിപ്രായങ്ങളും ചർച്ചകളും നടക്കുന്നു. ജനനനിരക്ക് കുറച്ചുകൊണ്ടുള്ള ജനസംഖ്യാ നിയന്ത്രണം ഒരു രാജ്യത്തിന്റെ ജനസംഖ്യയുടെ പ്രായഘടനയെ ബാധിക്കുന്നു. ജനനനിരക്കിൽ ക്രമേണ സംഭവിക്കുന്ന കുറവ് ജനസംഖ്യയെ പ്രായമേറിയതാക്കുന്നു. ഒരു രാജ്യത്തിന്റെ ജനസംഖ്യാ നയം, ആ രാജ്യത്തെ കുടുംബങ്ങളുടെ വലുപ്പം എന്തായിരിക്കണമെന്നു പരോക്ഷമായി സ്വാധീനിക്കുന്നു. ഇക്കാര്യത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യ ചിന്താഗതികളും പ്രാധാന്യമുള്ളതാക്കുന്നു.
ജനസംഖ്യയും അതിന്റെ വളർച്ചാനിരക്കും അതത് രാജ്യത്തിന്റെ സാന്പത്തികവളർച്ചയും വികസനവുമായി കണ്ടുവരുന്ന ബന്ധം സങ്കീർണമാണ്. ഈ വിഷയത്തിൽ നിലനിൽക്കുന്ന വിവിധ ചിന്താധാരകൾ, സ്കൂളുകൾ ഈ സങ്കീർണത പ്രകടമാക്കുന്നു. ജനസംഖ്യാ വളർച്ചയുടെ നേട്ടങ്ങളെയും കോട്ടങ്ങളെയും സംബന്ധിച്ച് ഇവർ തങ്ങളുടെ അഭിപ്രായഭിന്നത വ്യക്തമാക്കുന്നു. വർധിച്ച ജനസംഖ്യയെ ഒരു വിഭാഗം ശാപമായി കാണുന്പോൾ മറ്റൊരു വിഭാഗം അതിനെ അനുഗ്രഹമായി കാണുന്നു. ഇന്ത്യയിലെ ജനസംഖ്യ ഒരു ആസ്തി എന്നതിലുപരി ഒരു ബാധ്യതയാകുന്നത് എപ്രകാരമാണെന്നുള്ള ചർച്ച രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും സഹായകമായ ക്രിയാത്മക പരിചിന്തനത്തിനു യോഗ്യമായ വിഷയമാണ്.
ഇന്ത്യയിലെ പ്രത്യുത്പാദന നിരക്കിലെ മാറ്റങ്ങൾ
ഇന്ത്യൻ കുടുംബങ്ങളുടെ ശരാശരി വലുപ്പം സമീപ ദശാബ്ദങ്ങളിൽ പ്രവചിച്ചതിലും വേഗത്തിൽ കുറഞ്ഞിട്ടുണ്ട്. വർധിച്ചുവരുന്ന വരുമാനവും സ്ത്രീകൾക്ക് ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ ലഭിക്കുന്ന പ്രവേശനവും കുടുംബത്തിന്റെ വലിപ്പത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 2.1 എന്നത് സ്ഥിരതയാർന്ന പ്രത്യുത്പാദനനിലയായി കണക്കാക്കപ്പെടുന്നു. ഇതിനർഥം ഓരോ സ്ത്രീക്കും ശരാശരി 2.1 കുട്ടികൾ ഉണ്ടായാൽ, ജനസംഖ്യ സ്ഥിരതയാർന്ന്, കുറയാതെയും കൂടാതെയും നിൽക്കുമെന്നതാണ്. രാജ്യത്തിന്റെ ജനസംഖ്യ, പ്രത്യുത്പാദന നിരക്ക് 2012ൽ 2.4 ആയിരുന്നത് 2013ൽ 2.3 ആയി കുറഞ്ഞിരുന്നു. തെക്കൻ സംസ്ഥാനങ്ങൾ ഉൾപ്പെടെ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പ്രത്യുത്പാദന നിരക്ക്, ഇപ്പോൾ 2.1ൽ താഴെയാണ്. പ്രധാന സംസ്ഥാനങ്ങളിൽ 2018ലെ കണക്കനുസരിച്ച് ബിഹാറിൽ മാത്രമാണ് ഈ നിരക്ക് മൂന്നിൽ കൂടുതലായി കാണുന്നത്. 2020കളുടെ മധ്യത്തോടെ ഇന്ത്യ സ്ഥിരതയാർന്ന പ്രത്യുത്പാദന നിരക്കിലെത്തുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. അതിനുശേഷം ജനസംഖ്യാ വളർച്ച ആദ്യം സ്ഥിരത കൈവരിക്കുകയും ക്രമേണ കുറയാൻ തുടങ്ങുകയും ചെയ്യും.
രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ 2021ൽ പ്രസിദ്ധീകരിച്ച സാന്പിൾ രജിസ്ട്രേഷൻ സ്ഥിതിവിവര റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയുടെ പ്രത്യുത്പാദന നിരക്ക് 2.0 ആയിരുന്നു. തലമുറകളായി ജനസംഖ്യ നിലനിർത്താൻ ആവശ്യമായതിലും കുറഞ്ഞ കുട്ടികളാണ് ഇന്ത്യൻ സ്ത്രീകൾക്ക് ശരാശരിയുള്ളത്. 2025 ഏപ്രിലിൽ ഇന്ത്യയുടെ ജനസംഖ്യ 146.39 കോടിയിൽ എത്തിയതായി കണക്കാക്കപ്പെടുന്നു. പ്രസ്തുത യുഎൻ ജനസംഖ്യാ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ പ്രത്യുത്പാദന നിരക്ക് 1.9 ആയി കുറഞ്ഞിരിക്കുന്നു. ലോകജനസംഖ്യയുടെ അവസ്ഥ 2025: യഥാർഥ പ്രത്യുത്പാദന പ്രതിസന്ധി എന്ന പേരിലുള്ള യുഎൻ റിപ്പോർട്ട് പ്രകാരം അടുത്ത 40 വർഷങ്ങൾക്കുള്ളിൽ ഇന്ത്യയുടെ ജനസംഖ്യ 170 കോടിയിലെത്തി ക്രമേണ കുറയാൻ തുടങ്ങുമെന്നു പ്രവചിക്കുന്നു. ചൈനയെ 141.61 കോടിയെന്ന സംഖ്യയിൽ നിർത്തി ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യാ രാജ്യമായി മാറിയിരിക്കുന്നു. ഇന്ത്യയുടെ അയൽ രാജ്യങ്ങളിലെ പ്രത്യുത്പാദന നിരക്ക് അഫ്ഗാനിസ്ഥാൻ (4.7), പാക്കിസ്ഥാൻ (3.5), ബംഗ്ലാദേശ് (2.1), നേപ്പാൾ (1.9), ശ്രീലങ്ക (1.9), ഭൂട്ടാൻ (1.4), ചൈന (1) എന്നിങ്ങനെയാണ്.
ജനസംഖ്യയുടെ പ്രായഘടന
ആധുനിക സമൂഹത്തിന് അതിന്റെ ജനസംഖ്യാ പ്രവണതയുമായി ബന്ധപ്പെട്ട് രണ്ടു ബദലുകളുണ്ടെന്ന് സാൻഡ്രോ ഗ്രുവെസ്ക്യു പറയുന്നു. അതിന്റെ ജനസംഖ്യക്ക് ഒന്നുകിൽ വളരാം അല്ലെങ്കിൽ വാർധക്യത്തിലേക്കു നീങ്ങാം. ജനസംഖ്യ കാര്യമായ നിരക്കിൽ വർധിച്ചാൽ മാത്രമേ അതിന് വാർധക്യത്തെ തടയാൻ കഴിയൂ. ഇനിയും വളരേണ്ടെന്ന് തെരഞ്ഞെടുക്കുന്ന (അഥവാ ചുരുങ്ങാൻ താത്പര്യപ്പെടുന്ന) ഒരു ജനസംഖ്യ അനിവാര്യമായും വാർധക്യത്തിലേക്കു നീങ്ങും. ജനനനിരക്ക് ഏതൊരു ജനസംഖ്യയുടെയും പ്രായഘടന നിർണയിക്കുന്ന ഘടകങ്ങളിലൊന്നാണ്. പ്രായമായവർക്കു മതിയായ ആരോഗ്യസംരക്ഷണ സൗകര്യങ്ങളോടുകൂടിയ കുറഞ്ഞ ജനനനിരക്ക്, ജനസംഖ്യയെ പ്രായമുള്ളവരും ആശ്രിതരുമാക്കി മാറ്റും. പൊതുവായി പറഞ്ഞാൽ, വാർധക്യത്തിലെത്തുന്ന ജനസംഖ്യയെന്നത് പ്രായമായവരുടെ വർധിച്ചുവരുന്ന അളവും ചെറുപ്പക്കാരുടെ കുറഞ്ഞുവരുന്ന അളവും ഉയർത്തുന്ന സാന്പത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന ജനസംഖ്യയെന്നാണ്.
മിക്ക വികസിത രാജ്യങ്ങളിലും വാർധക്യത്തിലെത്തുന്ന ജനസംഖ്യയാണ് കണ്ടുവരുന്നത്. 65 വയസും അതിൽ കൂടുതലുമുള്ള ആളുകളുടെ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ ഐക്യരാഷ്ട്രസഭ ജനസംഖ്യയെ മൂന്നായി തരം തിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തിന്റെ ജനസംഖ്യയെ യുവത്വമുള്ളതെന്നോ പക്വതയാർന്നതെന്നോ വാർധക്യമായതെന്നോ വിശേഷിപ്പിക്കാം. ഒരു രാജ്യത്തെ ജനസംഖ്യയിൽ നാലു ശതമാനമോ അതിൽ കുറവോ ആളുകൾ 65 വയസോ അതിൽ കൂടുതലോ ഉള്ളവരാണെങ്കിൽ ആ ജനസംഖ്യ യുവജനസംഖ്യയാണ്. പക്വതയുള്ള ജനസംഖ്യയിൽ 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ ശതമാനം ഏഴായിരിക്കും. അതിൽ കൂടുതൽ അനുപാതം ആളുകൾ 65 വയസിന് മുകളിൽ ഉള്ളവരാണെങ്കിൽ ആ ജനസംഖ്യ വാർധക്യത്തിലെത്തിയ ജനസംഖ്യയാണ്. പല വ്യാവസായിക രാജ്യങ്ങളും വാർധക്യത്തിലെത്തിയ ജനസംഖ്യയുടെ വിഭാഗത്തിൽപ്പെടുന്നു. ഉദാഹരണത്തിന്, ജർമനിയിൽ 2000-ാമാണ്ടിൽ 65 വയസോ അതിൽ കൂടുതലോ പ്രായമുള്ളവർ 16.4 ശതമാനമായിരുന്നു.
ഇന്ത്യയെ സംബന്ധിച്ചത്തോളം തൊഴിൽ ചെയ്യുന്ന പ്രായപരിധിയിലുള്ള ജനസംഖ്യ കുറയുന്പോൾ, ആശ്രിതരായ ജനവിഭാഗത്തെ പിന്തുണയ്ക്കാൻ സർക്കാർ അധിക വിഭവസമാഹരണം നടത്തേണ്ടതായി വരും. ഇന്ത്യൻ ജനസംഖ്യയിൽ 65 വയസും അതിനു മുകളിലുമുള്ളവർ 7.15 ശതമാനമാണ്. അതായത്, 10.4 കോടി. 2024ലെ കണക്കുപ്രകാരം 0-14 പ്രായപരിധിക്കുള്ളിലുള്ളവർ 24.6 ശതമാനമാണ്. അതായത്, തൊഴിൽ ചെയ്തു വരുമാനം നേടുന്ന വിഭാഗം 68.2 ശതമാനത്തിൽ നിൽക്കുന്നു. കുറഞ്ഞ പ്രത്യുത്പാദന നിരക്കിനോടൊപ്പം മെച്ചപ്പെട്ട ആരോഗ്യസംരക്ഷണം മൂലമുണ്ടാകുന്ന കുറയുന്ന മരണനിരക്ക് ജനസംഖ്യയെ വാർധക്യത്തിലേക്കു കൂടുതൽ നയിക്കും. 60 വയസിനു മുകളിലുള്ളവർ 11 ശതമാനമായിട്ടുണ്ട്.