x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ന് ലോ​ക ജ​ന​സം​ഖ‍്യാ ദി​നം: വളരണോ, വയസാകണോ?

ഡോ. ​പി.​സി. അ​നി​യ​ൻ​കു​ഞ്ഞ്
Published: July 11, 2026 12:41 AM IST | Updated: July 11, 2026 12:55 AM IST

പ്രതീകാത്മക ചിത്രം

ദ​ശാ​ബ്ദ​ങ്ങ​ളാ​യി ജ​ന​സം​ഖ്യ​യോ​ടും കു​ടും​ബ​ത്തി​ലു​ണ്ടാ​കേ​ണ്ട കു​ട്ടി​ക​ളു​ടെ എ​ണ്ണ​ത്തോ​ടും രാ​ജ്യ​ങ്ങ​ൾ​ക്കും ജ​ന​ത​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ത​ങ്ങ​ളു​ടേ​താ​യ സ​മീ​പ​ന​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണു സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. വ​ലി​യ കു​ടും​ബ​ങ്ങ​ളോ​ടു​ള്ള പ​ര​ന്പ​രാ​ഗ​ത ആ​ഭി​മു​ഖ്യം മാ​റി​പ്പോ​യി​രി​ക്കു​ന്നു. "ജ​ന​സം​ഖ്യാ വി​സ്ഫോ​ട​നം', "മി​ടി​ക്കു​ന്ന ടൈം​ബോം​ബ്', "ജ​ന​സം​ഖ്യാ​ദു​ര​ന്തം' തു​ട​ങ്ങി​യ പ്ര​യോ​ഗ​ങ്ങ​ൾ അ​ന്ത​ർ​ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലും പൊ​തു​ച​ർ​ച്ച​ക​ളി​ലും സ​ർ​വ​സാ​ധാ​ര​ണ​മാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കു​ന്നു. ജ​ന​ന​നി​ര​ക്കു കു​റ​യ്ക്കാ​ൻ ക​ടു​ത്ത സ​മ്മ​ർ​ദ​ങ്ങ​ളും പ്രോ​ത്സാ​ഹ​ന​ങ്ങ​ളു​മ​ട​ങ്ങു​ന്ന സ​മീ​പ​ന​ങ്ങ​ളും ത​ന്ത്ര​ങ്ങ​ളും രാ​ജ്യ​ങ്ങ​ളു​ടെ വി​ക​സ​ന​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​രി​ക്കു​ന്നു. ജ​ന​ന​നി​ര​ക്ക് (TFR) 2.1നു ​താ​ഴെ​യാ​ക്കു​ക​യെ​ന്ന​ത് ഇ​ക്കാ​ര്യ​ത്തി​ലു​ള്ള നി​ർ​ണാ​യ​ക നേ​ട്ട​മാ​യി ക​ണ​ക്കാ​ക്ക​പ്പെ​ട്ടു.

ജ​ന​സം​ഖ്യാ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഫ​ല​ത്തെ വി​ശ​ക​ല​നം ചെ​യ്തു​കൊ​ണ്ട് വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ​ഠ​ന​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ച​ർ​ച്ച​ക​ളും ന​ട​ക്കു​ന്നു. ജ​ന​ന​നി​ര​ക്ക് കു​റ​ച്ചു​കൊ​ണ്ടു​ള്ള ജ​ന​സം​ഖ്യാ​ നി​യ​ന്ത്ര​ണം ഒ​രു രാ​ജ്യ​ത്തി​ന്‍റെ ജ​ന​സം​ഖ്യ​യു​ടെ പ്രാ​യ​ഘ​ട​ന​യെ ബാ​ധി​ക്കു​ന്നു. ജ​ന​ന​നി​ര​ക്കി​ൽ ക്ര​മേ​ണ സം​ഭ​വി​ക്കു​ന്ന കു​റ​വ് ജ​ന​സം​ഖ്യ​യെ പ്രാ​യ​മേ​റി​യ​താ​ക്കു​ന്നു. ഒ​രു രാ​ജ്യ​ത്തി​ന്‍റെ ജ​ന​സം​ഖ്യാ ന​യം, ആ ​രാ​ജ്യ​ത്തെ കു​ടും​ബ​ങ്ങ​ളു​ടെ വ​ലു​പ്പം എ​ന്താ​യി​രി​ക്ക​ണ​മെ​ന്നു പ​രോ​ക്ഷ​മാ​യി സ്വാ​ധീ​നി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​മൂ​ഹ്യ​ ചി​ന്താ​ഗ​തി​ക​ളും പ്രാ​ധാ​ന്യ​മു​ള്ള​താ​ക്കു​ന്നു.‌‌‌

ജ​ന​സം​ഖ്യ​യും അ​തി​ന്‍റെ വ​ള​ർ​ച്ചാ​നി​ര​ക്കും അ​ത​ത് രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​കവ​ള​ർ​ച്ച​യും വി​ക​സ​ന​വു​മാ​യി ക​ണ്ടു​വ​രു​ന്ന ബ​ന്ധം സ​ങ്കീ​ർ​ണ​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന വി​വി​ധ ചി​ന്താ​ധാ​ര​ക​ൾ, സ്കൂ​ളു​ക​ൾ ഈ ​സ​ങ്കീ​ർ​ണ​ത പ്ര​ക​ട​മാ​ക്കു​ന്നു. ജ​ന​സം​ഖ്യാ വ​ള​ർ​ച്ച​യു​ടെ നേ​ട്ട​ങ്ങ​ളെ​യും കോ​ട്ട​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് ഇ​വ​ർ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യഭി​ന്ന​ത വ്യ​ക്ത​മാ​ക്കു​ന്നു. വ​ർ​ധി​ച്ച ജ​ന​സം​ഖ്യ​യെ ഒ​രു വി​ഭാ​ഗം ശാ​പ​മാ​യി കാ​ണു​ന്പോ​ൾ മ​റ്റൊ​രു വി​ഭാ​ഗം അ​തി​നെ അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു. ഇ​ന്ത്യ​യി​ലെ ജ​ന​സം​ഖ്യ ഒ​രു ആ​സ്തി എ​ന്ന​തി​ലു​പ​രി ഒ​രു ബാ​ധ്യ​ത​യാ​കു​ന്ന​ത് എ​പ്ര​കാ​ര​മാ​ണെ​ന്നു​ള്ള ച​ർ​ച്ച രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കും വി​ക​സ​ന​ത്തി​നും സ​ഹാ​യ​ക​മാ​യ ക്രി​യാ​ത്മ​ക പ​രി​ചി​ന്ത​ന​ത്തി​നു യോ​ഗ്യ​മാ​യ വി​ഷ​യ​മാ​ണ്.

ഇ​ന്ത്യ​യി​ലെ പ്ര​ത്യു​ത്പാ​ദ​ന നി​ര​ക്കി​ലെ മാ​റ്റ​ങ്ങ​ൾ

ഇ​ന്ത്യ​ൻ കു​ടും​ബ​ങ്ങ​ളു​ടെ ശ​രാ​ശ​രി വ​ലു​പ്പം സ​മീ​പ ദ​ശാ​ബ്ദ​ങ്ങ​ളി​ൽ പ്ര​വ​ചി​ച്ച​തി​ലും വേ​ഗത്തിൽ കു​റ​ഞ്ഞി​ട്ടു​ണ്ട്. വ​ർ​ധി​ച്ചു​വ​രു​ന്ന വ​രു​മാ​ന​വും സ്ത്രീ​ക​ൾ​ക്ക് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ളി​ൽ ല​ഭി​ക്കു​ന്ന പ്ര​വേ​ശ​ന​വും കു​ടും​ബ​ത്തി​ന്‍റെ വ​ലി​പ്പ​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ട്. 2.1 എ​ന്ന​ത് സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ത്യു​ത്പാ​ദ​ന​നി​ല​യാ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഇ​തി​ന​ർ​ഥം ഓ​രോ സ്ത്രീ​ക്കും ശ​രാ​ശ​രി 2.1 കു​ട്ടി​ക​ൾ ഉ​ണ്ടാ​യാ​ൽ, ജ​ന​സം​ഖ്യ സ്ഥി​ര​ത​യാ​ർ​ന്ന്, കു​റ​യാ​തെ​യും കൂ​ടാ​തെ​യും നി​ൽ​ക്കു​മെ​ന്ന​താ​ണ്. രാ​ജ്യ​ത്തി​ന്‍റെ ജ​ന​സം​ഖ്യ, പ്ര​ത്യു​ത്പാ​ദ​ന നി​ര​ക്ക് 2012ൽ 2.4 ​ആ​യി​രു​ന്ന​ത് 2013ൽ 2.3 ​ആ​യി കു​റ​ഞ്ഞി​രു​ന്നു. തെ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ 23 സം​സ്ഥാ​ന​ങ്ങ​ളി​ലും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​ത്യു​ത്പാ​ദ​ന നി​ര​ക്ക്, ഇ​പ്പോ​ൾ 2.1ൽ ​താ​ഴെ​യാ​ണ്. പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ 2018ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ബി​ഹാ​റി​ൽ മാ​ത്ര​മാ​ണ് ഈ ​നി​ര​ക്ക് മൂ​ന്നി​ൽ കൂ​ടു​ത​ലാ​യി കാ​ണു​ന്ന​ത്. 2020ക​ളു​ടെ മ​ധ്യ​ത്തോ​ടെ ഇ​ന്ത്യ സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ത്യു​ത്പാ​ദ​ന നി​ര​ക്കി​ലെ​ത്തു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. അ​തി​നു​ശേ​ഷം ജ​ന​സം​ഖ്യാ വ​ള​ർ​ച്ച ആ​ദ്യം സ്ഥി​ര​ത കൈ​വ​രി​ക്കു​ക​യും ക്ര​മേ​ണ കു​റ​യാ​ൻ തു​ട​ങ്ങു​ക​യും ചെ​യ്യും.

ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ 2021ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച സാ​ന്പി​ൾ ര​ജി​സ്ട്രേ​ഷ​ൻ സ്ഥി​തി​വി​വ​ര റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് ഇ​ന്ത്യ​യു​ടെ പ്ര​ത്യു​ത്പാ​ദ​ന നി​ര​ക്ക് 2.0 ആ​യി​രു​ന്നു. ത​ല​മു​റ​ക​ളാ​യി ജ​ന​സം​ഖ്യ നി​ല​നി​ർ​ത്താ​ൻ ആ​വ​ശ്യ​മാ​യ​തി​ലും കു​റ​ഞ്ഞ കു​ട്ടി​ക​ളാ​ണ് ഇ​ന്ത്യ​ൻ സ്ത്രീ​ക​ൾ​ക്ക് ശ​രാ​ശ​രി​യു​ള്ള​ത്. 2025 ഏ​പ്രി​ലി​ൽ ഇ​ന്ത്യ​യു​ടെ ജ​ന​സം​ഖ്യ 146.39 കോ​ടി​യി​ൽ എ​ത്തി​യ​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. പ്ര​സ്തു​ത യു​എ​ൻ ജ​ന​സം​ഖ്യാ റി​പ്പോ​ർ​ട്ട് പ്ര​കാ​രം ഇ​ന്ത്യ​യു​ടെ പ്ര​ത്യു​ത്പാ​ദ​ന നി​ര​ക്ക് 1.9 ആ​യി കു​റ​ഞ്ഞി​രി​ക്കു​ന്നു. ലോ​ക​ജ​ന​സം​ഖ്യ​യു​ടെ അ​വ​സ്ഥ 2025: യ​ഥാ​ർ​ഥ പ്ര​ത്യു​ത്പാ​ദ​ന പ്ര​തി​സ​ന്ധി എ​ന്ന പേ​രി​ലു​ള്ള യു​എ​ൻ റി​പ്പോ​ർ​ട്ട് പ്ര​കാ​രം അ​ടു​ത്ത 40 വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ന്ത‍്യ​യു​ടെ ജ​ന​സം​ഖ്യ 170 കോ​ടി​യി​ലെ​ത്തി ക്ര​മേ​ണ കു​റ​യാ​ൻ തു​ട​ങ്ങു​മെ​ന്നു പ്ര​വ​ചി​ക്കു​ന്നു. ചൈ​ന​യെ 141.61 കോ​ടി​യെ​ന്ന സം​ഖ്യ​യി​ൽ നി​ർ​ത്തി ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​ന​സം​ഖ്യാ രാ​ജ്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​ന്ത്യ​യു​ടെ അ​യ​ൽ രാ​ജ്യ​ങ്ങ​ളി​ലെ പ്ര​ത്യു​ത്പാ​ദ​ന നി​ര​ക്ക് അ​ഫ്ഗാ​നി​സ്ഥാ​ൻ (4.7), പാ​ക്കി​സ്ഥാ​ൻ (3.5), ബം​ഗ്ലാ​ദേ​ശ് (2.1), നേ​പ്പാ​ൾ (1.9), ശ്രീ​ല​ങ്ക (1.9), ഭൂ​ട്ടാ​ൻ (1.4), ചൈ​ന (1) എ​ന്നി​ങ്ങ​നെ​യാ​ണ്.

ജ​ന​സം​ഖ്യ​യു​ടെ പ്രാ​യ​ഘ​ട​ന

ആ​ധു​നി​ക സ​മൂ​ഹ​ത്തി​ന് അ​തി​ന്‍റെ ജ​ന​സം​ഖ്യാ പ്ര​വ​ണ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു ബ​ദ​ലു​ക​ളു​ണ്ടെ​ന്ന് സാ​ൻ​ഡ്രോ ഗ്രു​വെ​സ്ക്യു പ​റ​യു​ന്നു. അ​തി​ന്‍റെ ജ​ന​സം​ഖ്യ​ക്ക് ഒ​ന്നു​കി​ൽ വ​ള​രാം അ​ല്ലെ​ങ്കി​ൽ വാ​ർ​ധ​ക്യ​ത്തി​ലേ​ക്കു നീ​ങ്ങാം. ജ​ന​സം​ഖ്യ കാ​ര്യ​മാ​യ നി​ര​ക്കി​ൽ വ​ർ​ധി​ച്ചാ​ൽ മാ​ത്ര​മേ അ​തി​ന് വാ​ർ​ധ​ക്യ​ത്തെ ത​ട​യാ​ൻ ക​ഴി​യൂ. ഇ​നി​യും വ​ള​രേ​ണ്ടെ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന (അ​ഥ​വാ ചു​രു​ങ്ങാ​ൻ താ​ത്പ​ര‍്യ​പ്പെ​ടു​ന്ന) ഒ​രു ജ​ന​സം​ഖ്യ അ​നി​വാ​ര്യ​മാ​യും വാ​ർ​ധ​ക്യ​ത്തി​ലേ​ക്കു നീ​ങ്ങും. ജ​ന​ന​നി​ര​ക്ക് ഏ​തൊ​രു ജ​ന​സം​ഖ്യ​യു​ടെ​യും പ്രാ​യ​ഘ​ട​ന നി​ർ​ണ​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളി​ലൊ​ന്നാ​ണ്. പ്രാ​യ​മാ​യ​വ​ർ​ക്കു മ​തി​യാ​യ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി​യ കു​റ​ഞ്ഞ ജ​ന​ന​നി​ര​ക്ക്, ജ​ന​സം​ഖ്യ​യെ പ്രാ​യ​മു​ള്ള​വ​രും ആ​ശ്രി​ത​രു​മാ​ക്കി മാ​റ്റും. പൊ​തു​വാ​യി പ​റ​ഞ്ഞാ​ൽ, വാ​ർ​ധ​ക്യ​ത്തി​ലെ​ത്തു​ന്ന ജ​ന​സം​ഖ്യ​യെ​ന്ന​ത് പ്രാ​യ​മാ​യ​വ​രു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന അ​ള​വും ചെ​റു​പ്പ​ക്കാ​രു​ടെ കു​റ​ഞ്ഞു​വ​രു​ന്ന അ​ള​വും ഉ​യ​ർ​ത്തു​ന്ന സാ​ന്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ജ​ന​സം​ഖ്യ​യെ​ന്നാ​ണ്.

മി​ക്ക വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലും വാ​ർ​ധ​ക്യ​ത്തി​ലെ​ത്തു​ന്ന ജ​ന​സം​ഖ്യ​യാ​ണ് ക​ണ്ടു​വ​രു​ന്ന​ത്. 65 വ​യ​സും അ​തി​ൽ കൂ​ടു​ത​ലു​മു​ള്ള ആ​ളു​ക​ളു​ടെ അ​നു​പാ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ ജ​ന​സം​ഖ്യ​യെ മൂ​ന്നാ​യി ത​രം തി​രി​ക്കു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു രാ​ജ്യ​ത്തി​ന്‍റെ ജ​ന​സം​ഖ്യ​യെ യു​വ​ത്വ​മു​ള്ള​തെ​ന്നോ പ​ക്വ​ത​യാ​ർ​ന്ന​തെ​ന്നോ വാ​ർ​ധ​ക്യ​മാ​യ​തെ​ന്നോ വി​ശേ​ഷി​പ്പി​ക്കാം. ഒ​രു രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ൽ നാ​ലു ശ​ത​മാ​ന​മോ അ​തി​ൽ കു​റ​വോ ആ​ളു​ക​ൾ 65 വ​യ​സോ അ​തി​ൽ കൂ​ടു​ത​ലോ ഉ​ള്ള​വ​രാ​ണെ​ങ്കി​ൽ ആ ​ജ​ന​സം​ഖ്യ യു​വ​ജ​ന​സം​ഖ്യ​യാ​ണ്. പ​ക്വ​ത​യു​ള്ള ജ​ന​സം​ഖ്യ​യി​ൽ 65 വ​യ​സോ അ​തി​ൽ കൂ​ടു​ത​ലോ പ്രാ​യ​മു​ള്ള​വ​രു​ടെ ശ​ത​മാ​നം ഏ​ഴാ​യി​രി​ക്കും. അ​തി​ൽ കൂ​ടു​ത​ൽ അ​നു​പാ​തം ആ​ളു​ക​ൾ 65 വ​യ​സി​ന് മു​ക​ളി​ൽ ഉ​ള്ള​വ​രാ​ണെ​ങ്കി​ൽ ആ ​ജ​ന​സം​ഖ്യ വാ​ർ​ധ​ക്യ​ത്തി​ലെ​ത്തി​യ ജ​ന​സം​ഖ്യ​യാ​ണ്. പ​ല വ്യാ​വ​സാ​യി​ക രാ​ജ്യ​ങ്ങ​ളും വാ​ർ​ധ​ക്യ​ത്തി​ലെ​ത്തി​യ ജ​ന​സം​ഖ്യ​യു​ടെ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്നു. ഉ​ദാ​ഹ​ര​ണ​ത്തി​ന്, ജ​ർ​മ​നി​യി​ൽ 2000-ാമാ​ണ്ടി​ൽ 65 വ​യ​സോ അ​തി​ൽ കൂ​ടു​ത​ലോ പ്രാ​യ​മു​ള്ള​വ​ർ 16.4 ശ​ത​മാ​ന​മാ​യി​രു​ന്നു.

ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ച​ത്തോ​ളം തൊ​ഴി​ൽ ചെ​യ്യു​ന്ന പ്രാ​യ​പ​രി​ധി​യി​ലു​ള്ള ജ​ന​സം​ഖ്യ കു​റ​യു​ന്പോ​ൾ, ആ​ശ്രി​ത​രാ​യ ജ​ന​വി​ഭാ​ഗ​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ സ​ർ​ക്കാ​ർ അ​ധി​ക വി​ഭ​വ​സ​മാ​ഹ​ര​ണം ന​ട​ത്തേ​ണ്ട​താ​യി വ​രും. ഇ​ന്ത്യ​ൻ ജ​ന​സം​ഖ്യ​യി​ൽ 65 വ​യ​സും അ​തി​നു മു​ക​ളി​ലു​മു​ള്ള​വ​ർ 7.15 ശ​ത​മാ​ന​മാ​ണ്. അ​താ​യ​ത്, 10.4 കോ​ടി. 2024ലെ ​ക​ണ​ക്കു​പ്ര​കാ​രം 0-14 പ്രാ​യ​പ​രി​ധി​ക്കു​ള്ളി​ലു​ള്ള​വ​ർ 24.6 ശ​ത​മാ​ന​മാ​ണ്. അ​താ​യ​ത്, തൊ​ഴി​ൽ ചെ​യ്തു വ​രു​മാ​നം നേ​ടു​ന്ന വി​ഭാ​ഗം 68.2 ശ​ത​മാ​ന​ത്തി​ൽ നി​ൽ​ക്കു​ന്നു. കു​റ​ഞ്ഞ പ്ര​ത്യു​ത്പാ​ദ​ന നി​ര​ക്കി​നോ​ടൊ​പ്പം മെ​ച്ച​പ്പെ​ട്ട ആ​രോ​ഗ്യ​സം​ര​ക്ഷ​ണം​ മൂ​ല​മു​ണ്ടാ​കു​ന്ന കു​റ​യു​ന്ന മ​ര​ണ​നി​ര​ക്ക് ജ​ന​സം​ഖ്യ​യെ വാ​ർ​ധ​ക്യ​ത്തി​ലേ​ക്കു കൂ​ടു​ത​ൽ ന​യി​ക്കും. 60 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ 11 ശ​ത​മാ​ന​മാ​യി​ട്ടു​ണ്ട്. 

ജ​ന​സം​ഖ്യാ​പ​ര​മാ​യ ലാ​ഭ​വി​ഹി​ത​വും ആ​ശ്രി​ത അ​നു​പാ​ത​വും

ജ​ന​സം​ഖ്യാ​പ​ര​മാ​യ ലാ​ഭ​വി​ഹി​തം (Demographic Dividend) എ​ന്ന​ത് ജ​ന​സം​ഖ്യാ​പ​ര​മാ​യ പ​രി​വ​ർ​ത്ത​നം വി​ക​സ്വ​ര സ​ന്പ​ദ് വ്യ​വ​സ്ഥ​ക​ൾ​ക്ക് ന​ൽ​കു​ന്ന വി​ക​സ​ന അ​വ​സ​ര​ങ്ങ​ളെ സൂ​ചി​പ്പി​ക്കു​ന്നു. തൊ​ഴി​ൽ ചെ​യ്യാ​നു​ള്ള ജ​ന​വി​ഭാ​ഗം പ്ര​ത്യേ​കി​ച്ച് യു​വ​ജ​ന​ങ്ങ​ളു​ടെ അ​നു​പാ​തം കൂ​ടും​തോ​റും വി​ക​സ​ന അ​വ​സ​ര​ങ്ങ​ളെ മു​ത​ലാ​ക്കു​ന്ന​തു​വ​ഴി ല​ഭി​ക്കാ​വു​ന്ന ലാ​ഭ​വി​ഹി​തം വ​ർ​ധി​ക്കു​ന്നു. ആ​ശ്രി​ത​ത്വ അ​നു​പാ​തം (Dependency Ratio) എ​ന്ന​ത് സാ​ധാ​ര​ണ​യാ​യി തൊ​ഴി​ൽ ശ​ക്തി ഇ​ല്ലാ​ത്ത​വ​രോ, അ​ല്ലെ​ങ്കി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​യി അ​ഥ​വാ ഉ​ത്പാ​ദ​ന​ക്ഷ​മ​ത​യു​ള്ള​വ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ ആ​ശ്രി​ത​രാ​യ എ​ണ്ണ​ത്തി​ന്‍റെ ഒ​രു അ​ള​വാ​ണ്. അ​ത് ജ​ന​സം​ഖ്യാ​പ​ര​മാ​യ ഒ​രു സൂ​ചി​ക​യാ​ണ്. ‌

ആ​ശ്രി​ത​ത്വ അ​നു​പാ​തം കു​റ​വാ​യി​രി​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന സാ​ന്പ​ത്തി​ക അ​വ​സ​ര​മാ​ണ് ജ​ന​സം​ഖ്യാ​പ​ര​മാ​യ ലാ​ഭ​വി​ഹി​തം. കു​ട്ടി​ക​ളു​ടെ എ​ണ്ണം, കു​ടും​ബ​ത്തി​ന്‍റെ വ​ലി​പ്പം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യ​ സം​ര​ക്ഷ​ണം, നൈ​പു​ണ്യ​വി​ക​സ​നം എ​ന്നി​വ​യോ​ടു​ള്ള ഓ​രോ കു​ടും​ബ​ത്തി​ന്‍റെയും പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ​യി​ലൂ​ടെ ആ​ശ്രി​ത​ത്വ അ​നു​പാ​ത​വും ജ​ന​സം​ഖ്യാ​പ​ര​മാ​യ ലാ​ഭ​വി​ഹി​ത​വും നി​ർ​ണ​യി​ക്കു​ന്ന​തി​ൽ അ​വ​യ്ക്ക് വ​ലി​യ പ​ങ്കു​ണ്ട്.

ജ​ന​ന​നി​ര​ക്കി​ലെ പെ​ട്ടെ​ന്നു​ള്ള ഇ​ടി​വ് ആ​ശ്രി​ത​ത്വ അ​നു​പാ​തം വ​ർ​ധി​പ്പി​ക്കു​ക​യും ജ​ന​സം​ഖ്യാ​പ​ര​മാ​യ ലാ​ഭ​വി​ഹി​ത​ത്തെ ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. കേ​ര​ള​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 2026-27 അ​ധ്യ​യ​നവ​ർ​ഷ​ത്തി​ൽ ഒ​ന്നാം ക്ലാ​സി​ൽ ചേ​ർ​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം 2025-26 നേ​ക്കാ​ൾ 31,481 കു​റ​വാ​ണ്. ഓ​രോ വ​ർ​ഷ​വും പ​ത്താം ക്ലാ​സ് പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു​വ​രു​ന്നു. ജ​ന​ന​നി​ര​ക്ക് കു​റ​യു​ന്ന​തി​ന്‍റെ ഇ​ത്ത​രം സൂ​ച​ന​ക​ളും ആ​യു​ർ​ദൈ​ർ​ഘ്യം കൂ​ടിക്കൊണ്ടി​രി​ക്കു​ന്ന​തി​ന്‍റെ ക​ണ​ക്കു​ക​ളും ന​മ്മു​ടെ ജ​ന​സം​ഖ്യ​യെത്തന്നെ വാ​ർ​ധ​ക്യ​മു​ള്ള​താ​ക്കു​ന്നു.

Tags : World PopulationDay growup growold

Recent News

Corehub Up