Business
ന്യൂഡല്ഹി: ലോകത്ത് ഏറ്റവും കൂടുതല് സ്പാം കോളുകള് ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണെന്നു റിപ്പോർട്ട്. ട്രുകോളറിന്റെ റിപ്പോര്ട്ടുകള് പ്രകാരം ഇന്ത്യയിൽ സ്പാം തീവ്രത 66 ശതമാനമാണ്. ഇതില് 36 ശതമാനവും ടെലിമാര്ക്കറ്റിംഗ് കോളുകളാണ്.
2023ലെ ഡിജിറ്റല് വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമവും എഐ അധിഷ്ഠിത ടൂളുകളും ഉപയോഗിച്ചു സ്പാം മെസേജുകൾ തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്പാം കോളുകള് ഇപ്പോഴും വലിയ ഭീഷണിയാണ്. ഇന്തോനേഷ്യയാണു ട്രുകോളറിന്റെ ലിസ്റ്റില് ഒന്നാമത്. ചിലി, വിയറ്റ്നാം, ബ്രസീല് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്.
സ്പാം കോളുകളുടെ പ്രധാന കാരണങ്ങളും സാഹചര്യങ്ങളും
ടെലിമാര്ക്കറ്റിംഗ്
രാജ്യത്തെ ഭൂരിഭാഗം സ്പാം കോളുകളും സെയില്സ്, ടെലിമാര്ക്കറ്റിംഗ് ആവശ്യങ്ങള്ക്കായുള്ളതാണ്.
സാമ്പത്തിക തട്ടിപ്പുകള്
ഈ കോളുകള് പലപ്പോഴും ബാങ്കിംഗ്, സാമ്പത്തിക തട്ടിപ്പുകള്ക്കായി ഉപയോഗിക്കുന്നു.
ഡാറ്റാ പങ്കിടല്
ഫോമുകള് പൂരിപ്പിക്കുമ്പോഴും മറ്റും ആളുകള് നല്കുന്ന ഫോണ് നമ്പറുകള് മൂന്നാം കക്ഷികളുമായി പങ്കുവയ്ക്കുന്നത് സ്പാം വര്ധിപ്പിക്കുന്നു.
സാങ്കേതിക പരിമിതികള്
സ്പാം കോളുകള് തടയുന്നതിനുള്ള റഗുലേറ്ററി നടപടികള്ക്കിടയിലും കോളര്മാരുടെ ഐഡന്റിറ്റി പരിശോധിക്കുന്നതിലെ പോരായ്മകള് ഇതിനെ സഹായിക്കുന്നു.
തടയാനുള്ള നടപടികള്
• ട്രായ്യുടെ ഡൂ നോട്ട് ഡിസ്റ്റര്ബ് (ഡിഎൻഡി) രജിസ്ട്രി
പ്രൊമോഷണല് കോളുകള് ഒഴിവാക്കാന് ഉപഭോക്താക്കള്ക്ക് തങ്ങളുടെ നമ്പറുകള് ഡിഎന്ഡിയില് രജിസ്റ്റര് ചെയ്യാം.
• എഐ അധിഷ്ഠിത കണ്ടെത്തല്
ടെലികോം സേവനദാതാക്കള് എഐ ഉപയോഗിച്ചു സംശയാസ്പദമായ കോളുകള് തിരിച്ചറിയുകയും തടയുകയും ചെയ്യുന്നു.
• ഡിജിറ്റല് ഇന്റലിജന്സ് പ്ലാറ്റ്ഫോം
സഞ്ചാര് സാഥി പ്ലാറ്റ്ഫോമിനു കീഴില് തട്ടിപ്പ് നമ്പറുകള് കണ്ടെത്തുന്നതിനും തടയുന്നതിനും ഈ പ്ലാറ്റ്ഫോം സഹായിക്കുന്നു.
• 2023ലെ ഡിജിറ്റല് വ്യക്തിഗത ഡാറ്റാ സംരക്ഷണ നിയമം
ഉപഭോക്താക്കള്ക്ക് അവരുടെ ഡാറ്റയില് കൂടുതല് നിയന്ത്രണം നല്കുന്നു.
ഡിജിറ്റല് ലോകത്ത് നമ്മള് ആവശ്യപ്പെടാതെതന്നെ ലഭിക്കുന്ന അനാവശ്യ സന്ദേശങ്ങളെയാണ് സ്പാം എന്നു വിളിക്കുന്നത്. സാധാരണയായി പരസ്യങ്ങള്ക്കും തട്ടിപ്പുകള്ക്കുമാണ് (പിഷിംഗ്) ഇവ ഉപയോഗിക്കുന്നത്.
വിവിധ രൂപങ്ങള്
ഇ-മെയിലുകള് വഴിയാണ് സ്പാം പ്രധാനമായും വരുന്നത്. എന്നാല് ഇന്ന് എസ്എംഎസ്, സോഷ്യല് മീഡിയ, ഫോണ് കോളുകള് (സ്പാം കോളുകള്) എന്നിവയിലൂടെയും ഇവ വരാറുണ്ട്.
സ്പാമിന്റെ ലക്ഷ്യം
മിക്ക സ്പാമുകളും ഉത്പന്നങ്ങളുടെ പരസ്യത്തിനായുള്ളതാണ്. എന്നാല് ചിലവ വ്യക്തിഗതവിവരങ്ങള് ചോര്ത്താനോ (ഹാക്കിംഗ്) കംപ്യൂട്ടറില് വൈറസുകള് കടത്തിവിടാനോ ഉള്ള ലിങ്കുകള് അടങ്ങിയവയാകാം.
പേരിന്റെ ചരിത്രം
’മോണ്ടി പൈത്തണ്’എന്ന ഒരു പഴയ കോമഡി സ്കെച്ചില്നിന്നാണ് ഈ വാക്കിന് ഇന്റര്നെറ്റ് ലോകത്തു പ്രശസ്തി ലഭിച്ചത്. സ്പാം എന്നത് യഥാര്ഥത്തില് 1937ല് വിപണിയിലിറങ്ങിയ ടിന്നിലടച്ച ഒരു മാംസ ഉത്പന്നത്തിന്റെ ബ്രാന്ഡ് പേരാണ്.
സുരക്ഷ
ഇത്തരം സന്ദേശങ്ങളിലെ ലിങ്കുകളില് ക്ലിക്ക് ചെയ്യാതിരിക്കുക. സംശാസ്പദമായ സന്ദേശങ്ങൾ തുറക്കാതിരിക്കുക.
Business
പോ ളണ്ട് ലോകത്തിലെ ഏറ്റവും വലിയ 20 സന്പദ്വ്യവസ്ഥകളുടെ പട്ടികയിൽ ഇപ്പോൾ ഇടംപിടിച്ചിരിക്കുകയാണ്. ഒരു കാലത്ത് ഭക്ഷണത്തിന് ക്ഷാമം നേരിട്ടിരുന്ന അവസ്ഥയിൽനിന്നുമാണ് ഈ വളർച്ച. ഒരു തലമുറ മുന്പ് നിത്യോപയോഗ സാധനങ്ങൾക്കുപോലും റേഷൻ ഏർപ്പെടുത്തേണ്ടി വന്ന രാജ്യമായിരുന്നു പോളണ്ട്. അന്നത്തെ പോളിഷ് പൗരന്മാരുടെ വരുമാനം പടിഞ്ഞാറൻ ജർമൻകാർ സന്പാദിക്കുന്നതിന്റെ പത്തിലൊന്ന് മാത്രമായിരുന്നു. എന്നാൽ, ഇന്നു വാർഷിക ഉത്പാദനത്തിൽ ഒരു ട്രില്യണ് ഡോളർ എന്ന നാഴികക്കല്ല് പിന്നിട്ട് സ്വിറ്റ്സർലൻഡിനെപ്പോലും മറികടന്ന് പോളണ്ട് ലോകത്തിലെ ഏറ്റവും വലിയ ഇരുപതാമത്തെ സന്പദ്വ്യവസ്ഥയായി മാറിയിരിക്കുന്നു.
കഴിഞ്ഞ 35 വർഷത്തിനിടയിൽ യൂറോപ്പിലെ ഏറ്റവും വലിയ സാന്പത്തികവളർച്ച നേടിയ രാജ്യങ്ങളിലൊന്നാണ് പോളണ്ട്. ഈ വളർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് രാജ്യത്ത് നടപ്പിലാക്കിയ ശക്തമായ ഭരണഘടനാപരമായ മാറ്റങ്ങളാണ്. 1989-1990കളിലെ കമ്യൂണിസ്റ്റ് ഭരണത്തിന്റെ തകർച്ചയിൽനിന്ന് ഒരു ലക്ഷം കോടി ഡോളർ വാർഷിക ഉത്പാദനം എന്ന ലക്ഷ്യത്തിലേക്ക് പോളണ്ട് എത്തിയത് കൃത്യമായ ആസൂത്രണത്തിലൂടെയാണ്. ഈ വർഷം അവസാനത്തോടെ നടക്കുന്ന ജി20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പോളണ്ടിന്റെ സാന്നിധ്യം അംഗീകരിക്കപ്പെടണമെന്ന് ട്രംപ് ഭരണകൂടം വാദിക്കുന്നു. ജി20 ഉച്ചകോടിലേക്ക് ഒരു രാജ്യത്തെ അതിഥിയായി ക്ഷണിക്കുന്നത് പ്രതീകാത്മമായ നീക്കംമാത്രമാണ്.1999ൽ ധനമന്ത്രിമാരുടെ തലത്തിൽ ജി 20 രൂപീകൃതമായശേഷം ഒരു അതിഥി രാജ്യത്തെയും പൂർണ അംഗമായി ഉയർത്തിയിട്ടില്ല.
►കുത്തകകളില്ല
അഴിമതിയില്ലാത്ത ഭരണസംവിധാനം, സ്വതന്ത്രമായ കോടതികൾ, ശക്തമായ ബാങ്കിംഗ് നിയന്ത്രണങ്ങൾ, ആരോഗ്യകരമായ മത്സരം ഉറപ്പാക്കാൻ കുത്തക വിരുദ്ധ ഏജൻസി എന്നിവ നടപ്പിലാക്കിയതിലൂടെ സാന്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ സാധിച്ചു. ഇതിന്റെ ഫലമായി മറ്റ് പല മുൻ കമ്യൂണിസ്റ്റ് രാജ്യങ്ങളിലും സംഭവിച്ചതുപോലെ അഴിമതി നിറഞ്ഞ പ്രവർത്തനങ്ങളോ കുത്തകമുതലാളിമാരോ ഇല്ലാതായി.
2004ൽ യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനു മുന്പും ശേഷവും ലഭിച്ച ശതകോടിക്കണക്കിന് യൂറോയുടെ സഹായവും യൂറോപ്പിലെ ബൃഹത്തായ ഏകീകൃത വിപണയിലേക്കുള്ള പ്രവേശനവും പോളണ്ടിന് ഗുണമായി.
►വിദ്യാഭ്യാസ മേഖലയിലെ വളർച്ച
വിദ്യാഭ്യാസ മേഖലയിലെ വലിയ മുന്നേറ്റമാണ് പോളണ്ടിന്റെ മറ്റൊരു കരുത്ത്. ഇന്നത്തെ യുവാക്കളിൽ പകുതിയോളം പേരും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. ജർമനിയിലെ യുവാക്കളേക്കാൾ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് പോളണ്ടിലെ യുവാക്കളെന്ന് സാന്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
കുറഞ്ഞ ചെലവിൽ മികച്ച വൈദഗ്ധ്യമുള്ള തൊഴിലാളികളെ ലഭിക്കുന്നത് അന്താരാഷ്ട്ര നിക്ഷേപകരെ പോളണ്ടിലേക്ക് ആകർഷിച്ചു.
►ഇലക്ട്രിക് ബസിലൂടെ മുന്നോട്ട്
1996ൽ ക്രിസ്റ്റോഫ് ഓൾഷെവ്സ്കി പോസ്നാനിൽ സ്ഥാപിച്ച സോളാരിസ് എന്ന ഇലക്ട്രിക് ബസ് നിർമാണ കന്പനി പോളണ്ടിന്റെ സാങ്കേതിക മുന്നേറ്റത്തിന്റെ പ്രതീകമാണ്. ഇന്ന് യൂറോപ്പിലെ ഇലക്ട്രിക് ബസ് വിപണിയുടെ 15 ശതമാനത്തോളം ഈ കന്പനിയുടെ കൈവശമാണ്. സോളാരിസ് പോലുള്ള കന്പനികൾ ഇലക്ട്രിക് ബസ് നിർമാണത്തിൽ ആഗോളതലത്തിൽ മുൻപന്തിയിലെത്തിയത് രാജ്യത്തിന്റെ സംരംഭകത്വ മികവിന് ഉദാഹരണമാണ്.
വിദേശ കന്പനികളുടെ നിർമാണ കേന്ദ്രം എന്ന നിലയിൽ നിന്ന് അത്യാധുനിക സാങ്കേതികവിദ്യയുടെ കേന്ദ്രമായി പോളണ്ട് മാറിക്കൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്വാണ്ടം കംപ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിൽ രാജ്യം വൻ നിക്ഷേപം നടത്തുന്നു. മൈക്രോസോഫ്റ്റ് പോലുള്ള വലിയ കന്പനികളിൽ ജോലി ചെയ്തിരുന്ന പല പ്രഫഷണലുകളും ഇന്ന് പോളണ്ടിലേക്ക് തിരിച്ചുവരുന്നതിന്റെ കാരണം അവിടെയുള്ള തൊഴിൽസാധ്യതകളും സാങ്കേതിക മുന്നേറ്റവുമാണ്.
►വെല്ലുവിളികൾ
ഇത്രയേറെ വളർച്ചയുണ്ടെങ്കിലും ചില പ്രധാന വെല്ലുവിളികൾ രാജ്യം ഇന്നും നേരിടുന്നുണ്ട്. ജനനനിരക്ക് കുറയുന്നതും പ്രായമായവരുടെ എണ്ണം കൂടുന്നതും ഭാവിയിൽ തൊഴിലാളികളുടെ ക്ഷാമത്തിന് കാരണമായേക്കാം. ശരാശരി വേതനം ഇപ്പോഴും യൂറോപ്യൻ യൂണിയന്റെ ശരാശരിയേക്കാൾ താഴെയാണ്. ചെറുകിട-ഇടത്തരം സംരംഭങ്ങൾ വളരുന്നുണ്ടെങ്കിലും ഇതിൽ കുറച്ചെണ്ണം മാത്രമാണ് ആഗോള ബ്രാൻഡുകളായത്. നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള സാന്പത്തിക അന്തരം ഇന്നും നിലനിൽക്കുന്നു. കൂടാതെ പടിഞ്ഞാറൻ യൂറോപ്പിലെ വേതന നിലവാരത്തിലേക്ക് എത്താൻ പോളണ്ടിന് ഇനിയും ഏറെ സമയമെടുക്കും.
2022ൽ റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് പോളണ്ടിലെത്തിയ യുക്രെയ്ൻ അഭയാർഥികൾ രാജ്യത്തിന്റെ സാന്പത്തിക വളർച്ച നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ആഗോള സാന്പത്തിക രംഗത്ത് പോളണ്ട് ഇന്ന് ഒരു മാതൃകയാണ്.
Kerala
കൊച്ചി: സ്നേഹത്തിൻ്റെയും പ്രത്യാശയുടെയും സന്ദേശം ഓർമിപ്പിച്ച് ലോകമെങ്ങും ഈസ്റ്റർ ആഘോഷം. പള്ളികളിൽ അർധരാത്രിയിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു. പീഡാനുഭവങ്ങള്ക്കും കുരിശു മരണത്തിനും ശേഷം യേശുക്രിസ്തു മൂന്നാം ദിനം ഉയര്ത്തെഴുന്നേറ്റതിന്റെ ഓര്മയിലാണ് വിശ്വാസികള് ഈസ്റ്റര് ആഘോഷിക്കുന്നത്.
വിദ്വേഷത്തെ പുറത്താക്കുകയും ഐക്യത്തെ വളർത്തുകയുംചെയ്യുന്ന ആഘോഷമാണ് ഈസ്റ്റർ എന്ന് ലെയോ പതിനാലാമൻ മാർപാപ്പ ഈസ്റ്റർദിന സന്ദേശത്തിൽ പറഞ്ഞു.
സിറോ മലബാര് സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില് മേജര് ആര്ച്ച്ബിഷപ് മാര് റാഫേല് തട്ടില് ഈസ്റ്റര് ദിന തിരുക്കര്മങ്ങള്ക്ക് നേതൃത്വം നല്കി. സമാധാനമില്ലാത്ത ലോകത്തിന്റെ നടുവിലാണ് നാം ജീവിക്കുന്നതെന്നും ഗള്ഫ് മേഖല യുദ്ധത്തിന്റെ മുനമ്പായി മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സ്വാര്ഥതയുടെ മതിലുകള് പണിയാന് മനുഷ്യന് നടത്തുന്ന ശ്രമത്തിന്റെ പരിണിത ഫലമാണ് കലാപങ്ങള്ക്ക് കാരണം. എവിടെയാണോ സ്വാര്ഥത പരാജയപ്പെടുന്നത് അവിടെയാണ് സ്വര്ഗരാജ്യമെന്നും മാർ റാഫേല് തട്ടില് പറഞ്ഞു.
തിരുവനന്തപുരം പാളയം സെന്റ് ജോസഫ് കത്തീഡ്രലിലെ പ്രാര്ഥനാച്ചടങ്ങുകളില് ലത്തീന് അതിരൂപത ആര്ച്ച്ബിഷപ് ഡോ . തോമസ് ജെ നെറ്റോ ഈസ്റ്റര് സന്ദേശം നല്കി. യുദ്ധഭീതിയില് നിന്നും അതിവേഗം ലോകം മുക്തി നേടാന് പ്രാര്ഥിക്കണമെന്നും ഗള്ഫ് രാജ്യങ്ങളില് ഉള്പ്പെടെയുള്ള മലയാളി സഹോദരങ്ങള് കടുത്ത ആശങ്കയിലാണെന്നും അദ്ദേഹം പറഞ്ഞു.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. നെല്ലിമോളം സെന്റ് മേരീസ് സെഹിയോൻ സുറിയാനി പള്ളിയിൽ യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.
പാമ്പാടി ദയറായിൽ ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു. എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ദിന തിരുകർമങ്ങൾക്ക് വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആൻ്റണി വാലുങ്കൽ നേതൃത്വം നൽകി.
Kerala
കാക്കനാട്: പെസഹാ എന്നത് കേവലം ഒരു സ്മരണയല്ല; ജീവിക്കുന്ന സമൂഹത്തിൽ ഗുണപരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ള വലിയൊരു കടന്നുപോകലാണെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ.
വിശുദ്ധ വാരത്തിലെ പെസഹാ വ്യാഴത്തോടനുബന്ധിച്ച് നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സീറോ മലബാർസഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന പെസഹാ തിരുക്കർമങ്ങൾക്ക് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. സഭാ ആസ്ഥാനത്തെ വൈദികരും സന്യസ്തരും നിരവധി വിശ്വാസികളും തിരുക്കർമങ്ങളിൽ പങ്കെടുത്തു.
സ്ഥലകാലങ്ങളുടെ പരിമിതകളിലുപരി, മനുഷ്യഹൃദയങ്ങളിലും സമൂഹത്തിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാനാണ് ഈ കടന്നുപോകൽ നമ്മെ ഓർമിപ്പിക്കുന്നത്. മിശിഹാ ഈ ലോകത്തിൽനിന്നു കടന്നുപോയത് സ്വാംശദാനത്തിന്റെ പരകോടിയായ പരിശുദ്ധ കുർബാനയും വിനീതമായ സേവനത്തിന്റെ ഉത്തമ മാതൃകയായ പാദക്ഷാളനവും ലോകത്തിന് നൽകിക്കൊണ്ടാണ്. ഈ രണ്ട് മാതൃകകളോളം ലോകത്തെ മറ്റൊന്നിനും പരിവർത്തനവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല എന്നത് ചരിത്രപരമായ സത്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഓരോ ക്രിസ്തുശിഷ്യനും യേശുവിന്റേതിനു തുല്യമായ കടന്നുപോകൽ നടത്താൻ സാധിക്കണം. അധികാരമോ പദവികളോ അല്ല, മറിച്ച് മറ്റുള്ളവർക്കായി സ്വയം മുറിച്ചുവിളമ്പുന്ന സ്നേഹവും എളിയവനെ ശുശ്രൂഷിക്കാനുള്ള മനസുമാണ് ക്രൈസ്തവ സാക്ഷ്യത്തിന്റെ കാതൽ.” മേജർ ആർച്ച്ബിഷപ് ഓർമിപ്പിച്ചു. സ്വാർഥതയിൽനിന്ന് സ്നേഹത്തിലേക്കും അഹന്തയിൽനിന്ന് വിനയത്തിലേക്കുമുള്ള ഈ കടന്നുപോകൽ ഇന്നത്തെ ലോകസാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു.
മിശിഹായുടെ കുരിശുമരണത്തിന്റെ സ്മരണപുതുക്കി ഇന്ന് ദുഃഖവെള്ളി ആചരിക്കും. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ രാവിലെ ഏഴിന് ആരംഭിക്കുന്ന ദുഃഖവെള്ളിയുടെ ശുശ്രൂഷകൾക്ക് മാർ റാഫേൽ തട്ടിൽ മുഖ്യ കാർമികത്വം വഹിക്കും. പീഡാനുഭവ ചരിത്രവായന, സന്ദേശം, കുരിശുചുംബനം, കുരിശിന്റെ വഴി എന്നിവയുണ്ടാകും.
Special News
വിഷം എന്നു കേൾക്കുമ്പോൾത്തന്നെ മനുഷ്യർക്കു ചെറിയൊരു പേടി തോന്നും. കാരണം മനുഷ്യന്റെ ആരോഗ്യത്തിനും ജീവനും നിലനിൽപ്പിനും വരെ ഭീഷണിയുയർത്താൻ കഴിയുന്നവയാണ് വിഷങ്ങൾ. ഒരു നിമിഷംകൊണ്ട് മനുഷ്യജീവൻ കവർന്നെടുക്കുന്നവയും ഇഞ്ചിഞ്ചായി കൊല്ലുന്നവയുമടക്കം നിരവധി വിഷപദാർഥങ്ങൾ ലോകത്തുണ്ട്.
പല മാരകരോഗങ്ങൾക്കു പിന്നിലും വിഷവസ്തുക്കളുടെ സ്വാധീനമുണ്ട്. മനുഷ്യർക്കു മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കുംതന്നെ വിഷങ്ങൾ ഹാനികരമാണ്. അതുകൊണ്ടുതന്നെ അവയിൽനിന്ന് അകന്നു നിൽക്കാൻ ജീവജാലങ്ങൾ ശ്രദ്ധിക്കുന്നു.അതേസമയം, മരുന്നുകൾ ഉത്പാദിപ്പിക്കാനും മറ്റും വിഷങ്ങളുടെ ഘടകങ്ങളെ ശാസ്ത്രലോകം പ്രയോജനപ്പെടുത്താറുമുണ്ട്. പല ജീവജാലങ്ങൾക്കും സ്വയരക്ഷയ്ക്കുള്ള മാർഗംകൂടിയാണ് എതിരാളികൾക്കെതിരേയുള്ള വിഷപ്രയോഗം.
മനുഷ്യന് അറിവായിട്ടുള്ള ലോകത്തിലെ ഏറ്റവും മാരകമായ 10 വിഷങ്ങൾ ഏതെന്നു പരിശോധിക്കുകയാണിവിടെ. ഒരു വസ്തു ശരീരത്തിനുള്ളിൽ പ്രവേശിച്ചാലോ അതു ശ്വസിച്ചാലോ ആഗിരണം ചെയ്യപ്പെട്ടാലോ മരണം അല്ലെങ്കിൽ ഗുരുതരമായ പരിക്കുകൾക്കു കാരണമാകുന്നുണ്ടെങ്കിൽ അതിനെ വിഷം എന്നു വിശേഷിപ്പിക്കാം. വളരെ കുറഞ്ഞ അളവിൽ പോലും ജീവനെടുക്കാൻ ശേഷിയുള്ള വിഷങ്ങളാണ് ഈ പട്ടികയിൽ ഉള്ളത്.
1. റൈസിൻ (Ricin)
ആവണക്കിൻ കുരുവിൽനിന്നാണ് ഈ മാരക വിഷം എടുക്കുന്നത്. ഒരു മണൽത്തരിയോളം പോരുന്ന അളവ് മതി ഒരു മനുഷ്യനെ കൊല്ലാൻ. ഇതു കോശങ്ങളിലെ പ്രോട്ടീൻ ഉത്പാദനം തടയുന്നതു മൂലമാണ് മരണം സംഭവിക്കുന്നത്. ഇതിനു നിലവിൽ മറുമരുന്നില്ല. 1978ൽ ബൾഗേറിയൻ എഴുത്തുകാരൻ ജോർജി മാർക്കോവിനെ വധിക്കാൻ ഈ വിഷം ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.
2. ബൊട്ടുലിനം ടോക്സിൻ (Botulinum Toxin / Botox)
"ക്ലോസ്ട്രിഡിയം ബൊട്ടുലിനം' എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ഈ ന്യൂറോടോക്സിൻ ശ്വസനപേശികളെ തളർത്തും. അതുവഴി മരണം സംഭവിക്കും. ശരിയായി സീൽ ചെയ്യാത്ത കാനുകളിലെ ഭക്ഷണത്തിലൂടെയോ കേടായ ഇറച്ചിയിലൂടെയോ ഇതു ശരീരത്തിലെത്താം. അതേസമയം രസകരമായ മറ്റൊരു കാര്യം, ഇതേ വിഷം ചുളിവുകൾ മാറ്റാനുള്ള 'ബോട്ടോക്സ്' (Botox) ചികിത്സയിൽ വളരെ ചെറിയ അളവിൽ ഉപയോഗിക്കുന്നുണ്ടെന്നുള്ളതാണ്.
3. ടെട്രാഡോടോക്സിൻ (Tetradotoxin - TTX)
ജാപ്പനീസ് വിഭവമായ 'ഫുഗു' (Fugu) തയാറാക്കാൻ ഉപയോഗിക്കുന്ന പഫർ മത്സ്യങ്ങളിലാണ് (Puffer fish) ഈ വിഷം കാണപ്പെടുന്നത്. തലച്ചോറും ശരീരവും തമ്മിലുള്ള നാഡീബന്ധം വിച്ഛേദിക്കാൻ ഇതിനു ശേഷിയുണ്ട്. കഴിച്ചു കഴിഞ്ഞാൽ ഏകദേശം ആറു മണിക്കൂറിനുള്ളിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം നിലച്ചു മരണം സംഭവിക്കും. നീരാളികൾ, ചില തരം തവളകൾ എന്നിവയിലും ഈ വിഷം കാണപ്പെടുന്നുണ്ട്.
4. ബാട്രാക്കോടോക്സിൻ (Batrachotoxin)
കൊളംബിയയിലെ 'ഗോൾഡൻ പോയിസൺ' എന്ന ഇനം തവളകളുടെ തൊലിപ്പുറത്താണ് ഈ വിഷം കാണപ്പെടുന്നത്. തവളകൾ കഴിക്കുന്ന വണ്ടുകളിൽനിന്നാണ് ഇവർക്ക് ഈ വിഷം ലഭിക്കുന്നതെന്നാണ് കണ്ടെത്തൽ. ഒരു തവളയുടെ ശരീരത്തിലുള്ള വിഷം ഏതാണ്ട് രണ്ട് ഡസൻ ആളുകളെ കൊല്ലാൻ പര്യാപ്തമാണ്. ഇതിനും മറുമരുന്നില്ല.
5. അമാടോക്സിൻ (Amatoxin)
'അമാനിറ്റ' വിഭാഗത്തിൽപ്പെട്ട കൂണുകളിലാണ് ഈ വിഷമുള്ളത്. കാട്ടു കൂണുകൾ പറിച്ചു കഴിക്കുന്ന ചിലർ മരിച്ചുപോകുന്നത് ഇവയുടെ സാന്നിധ്യം മൂലമാണ്. ഈ വിഷം പ്രധാനമായും വൃക്കകളെയും കരളിനെയുമാണ് ബാധിക്കുന്നത്. ഇതു മൂലം പെട്ടെന്നുള്ള മരണമല്ല സംഭവിക്കുന്നത്. ഒരു വ്യക്തി ദീർഘനേരത്തെ വേദനയ്ക്കും കോമ അവസ്ഥയ്ക്കും ശേഷമാണ് മരണത്തിനു കീഴടങ്ങുക.
6. സയനൈഡ് (Cyanide)
രക്തത്തിലെ ഇരുമ്പുമായി ചേർന്നു കോശങ്ങളിലേക്കുള്ള ഓക്സിജൻ പ്രവാഹം തടയുന്ന മാരക വിഷമാണിത്. ഉള്ളിൽച്ചെന്നാൽ മിനിറ്റുകൾക്കുള്ളിൽ മരണം സംഭവിക്കും. ആപ്പിൾ, ചെറി തുടങ്ങിയ പഴങ്ങളുടെ കുരുക്കളിൽ പ്രകൃതിദത്തമായി ചെറിയ അളവിൽ സയനൈഡ് അടങ്ങിയിട്ടുണ്ട്. സയനൈഡ് ഉള്ളിൽച്ചെന്ന് നിരവധി പേർ മരണപ്പെട്ടിട്ടുണ്ട്. ഹൈഡ്രജൻ സയനൈഡ് ഒരു രാസായുധമായും ഉപയോഗിക്കാറുണ്ട്. ഇതിനു കയ്പ്പുള്ള ബദാമിന്റെ ഗന്ധമാണെന്നു പറയപ്പെടുന്നു.
7. നേർവ് ഗ്യാസ് (Nerve Gas)
സാരിൻ (Sarin), VX തുടങ്ങിയ രാസസംയുക്തങ്ങൾ ഹൈഡ്രജൻ സയനൈഡിനേക്കാൾ 500 ഇരട്ടി മാരകമാണ്. ഇതു ശ്വസിക്കുകയോ ചർമത്തിലൂടെ ആഗിരണം ചെയ്യപ്പെടുകയോ ചെയ്യാം. നാഡീവ്യൂഹത്തെ തളർത്തുന്ന ഈ വിഷം പേശികളുടെ നിയന്ത്രണം നഷ്ടപ്പെടുത്തുകയും ശ്വാസംമുട്ടിച്ചു കൊല്ലുകയും ചെയ്യുന്നു.
8. ബ്രോഡിഫാകം (Brodifacoum)
രക്തം കട്ടപിടിക്കുന്നതു തടയുന്ന (Anticoagulant) അതിശക്തമായ വിഷമാണിത്. എലികളെ കൊല്ലാനുള്ള മരുന്നുകളിൽ ഇതുണ്ട്. ഇതു ശരീരത്തിൽ പ്രവേശിച്ചാൽ ആന്തരിക രക്തസ്രാവം ഉണ്ടാകും. ഈ വിഷാംശം ഏറെ നാൾ ശരീരത്തിൽ നിലനിൽക്കും.
9. സ്ട്രിക്നിൻ (Strychnine)
കാഞ്ഞിരക്കുരുവിൽ (Strychnos nux-vomica)നിന്നു ലഭിക്കുന്ന ഈ വിഷം നാഡീവ്യൂഹത്തെയാണ് കടന്നാക്രമിക്കുന്നത്. ഇതു ബാധിക്കുന്നവർക്ക് അതിശക്തമായ പേശീവലിവ് അനുഭവപ്പെടും. എലികളെയും മറ്റും നശിപ്പിക്കാൻ ഇതു കീടനാശിനിയായി ഉപയോഗിക്കാറുണ്ട്.
10. പൊളോണിയം (Polonium)
ഈ പട്ടികയിലെ ഏറ്റവും മാരകമായ വിഷവസ്തുവാണിത്. ഇതൊരു റേഡിയോ ആക്ടീവ് മൂലകമാണ്. സയനൈഡിനേക്കാളും ദശലക്ഷക്കണക്കിന് ഇരട്ടി മാരകമാണ് പൊളോണിയം-210 എന്ന ഐസോടോപ്പ്. ഒരു ഗ്രാമിന്റെ കോടിക്കണക്കിന് തരിയിലൊരംശം മാത്രം മതി ഒരു മുതിർന്ന മനുഷ്യനെ കൊല്ലാൻ. ഇതു ശരീരത്തിലെ കോശങ്ങളെയും കലകളെയും റേഡിയോ ആക്റ്റിവിറ്റിയിലൂടെ നശിപ്പിക്കുന്നു. തിരിച്ചറിയാൻ പ്രയാസമുള്ള ഒരു ഭീകരമായ വിഷവസ്തുവാണിത്.
ശ്രദ്ധിക്കാൻ: മിക്കവാറും എല്ലാ മാരക വിഷങ്ങളും നാഡീവ്യൂഹത്തെ ബാധിക്കുന്നവയാണ് (Neurotoxins). പേശികൾ തളരുന്നതു മൂലം ശ്വാസമെടുക്കാൻ കഴിയാതെയാണ് പലപ്പോഴും മരണം സംഭവിക്കുന്നത്. ശരിയായ സമയത്തു വൈദ്യസഹായം ലഭിച്ചാൽ ചിലതിൽനിന്നു രക്ഷപ്പെടാൻ സാധിക്കും.
Sports
ഭുവനേഷ്വർ: 2028ലെ ലോക ഇൻഡോർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.
അത്ലറ്റിക്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എഎഫ്ഐ) യാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2026ലെ വേൾഡ് ഇൻഡോർ പതിപ്പിന്റെ വേദിയായ പോളണ്ടിലെ ടോറൂണിൽ നടന്ന യോഗത്തിനു ശേഷം വേൾഡ് അത്ലറ്റിക്സ് കൗണ്സിൽ ഇന്ത്യയിൽ മത്സരം സംഘടിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.
National
ന്യൂഡൽഹി: പാക് ചാര സംഘടനയ്ക്കായി ചാരവൃത്തി നടത്തിയ നാവികസേനയിലെ സൈനികൻ അറസ്റ്റിൽ. ആഗ്ര സ്വദേശി ആദർശ് കുമാറാണ് (24) അറസ്റ്റിലായത്.
ആദർശ് ജോലി ചെയ്തിരുന്നത് കൊച്ചിയിലെ തെക്കൻ നാവിക ആസ്ഥാനത്താണ്. ഇവിടുത്തെ തന്ത്രപ്രധാന ചിത്രങ്ങൾ അടക്കം പ്രധാനപ്പെട്ട വിവരങ്ങൾ പാക് ചാരസംഘടനയായ ഐഎസ്ഐക്ക് കൈമാറി എന്നാണ് കണ്ടെത്തൽ.
യുപി എടിഎസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. നാവികസേനയിൽ ലാൻസ് നായിക് പോസ്റ്റിലാണ് ആദർശ് ജോലി ചെയ്തിരുന്നത്.
പണത്തിനായി തന്ത്രപ്രധാന വിവരങ്ങൾ ഐഎസ്ഐ ഏജന്റിന് കൈമാറി എന്നാണ് കണ്ടെത്തൽ. യുദ്ധക്കപ്പലുകൾ ഉൾപ്പെടെയുള്ളവയുടെ നിർണായക വിവരങ്ങൾ കൈമാറി. തുടർന്ന് യുപി എടിഎസിന്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. ഇയാളുടെ മൊബൈൽ ഫോണ് ഉൾപ്പെടെ നിരീക്ഷണത്തിൽ ആയിരുന്നു.
ഐഎസ്ഐ ഏജന്റുമായി ആദർശ് ബന്ധം സ്ഥാപിച്ചതായും ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായും എടിഎസ് അന്വേഷണത്തിൽ വ്യക്തമായി. ആദർശിനെ കോടതിയിൽ ഹാജരാക്കി നടപടിക്രമങ്ങൾ അനുസരിച്ച് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
Business
സാമ്പത്തികരംഗം കീഴ്മേൽ മറിയുമോയെന്ന ആശങ്ക ഓഹരിവിപണിയെ മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്ഘടനയിലും വിള്ളലുളവാക്കാം. നിക്ഷേപകരുടെ പറുദീസയെന്ന ആ കാലഘട്ടത്തിൽ നിന്നും അല്പം പിരിമുറുക്കം നിറഞ്ഞ ദിനങ്ങളാവും ഇനി ഇടപാടുകാർക്കു മുന്നിലുള്ളത്. പാചകവാതക വിലയിൽ വരുത്തിയ മാറ്റവും വില്പന നിയന്ത്രണങ്ങളും ഇതിന്റെ ആദ്യ സൂചനയാണ്. പെട്രോൾ ഡീസൽ വിലകളിൽ പത്ത് രൂപയ്ക്ക് മുകളിലെ വർധനയ്ക്ക് സാഹചര്യമെങ്കിലും അത് തടയാനുള്ള ക്രമീകരണങ്ങൾക്ക് തിരക്കിട്ട നീക്കം കേന്ദ്രത്തിൽ നിന്നും പ്രതീക്ഷിക്കാം.
രൂപയുടെ മൂല്യത്തകർച്ച സർവകാല റിക്കാർഡിലേക്കു വിരൽചൂണ്ടുമ്പോൾ നാണയപ്പെരുപ്പം തലയുയർത്തുമെന്നത് പുതിയ ഭീഷണിയാവും. ഇതിന്റെ മുന്നോടിയായി ഓഹരി ഇൻഡെക്സുകൾ മൂന്നു ശതമാനം തളർന്നു. സെൻസെക്സ് 2368 പോയിന്റും നിഫ്റ്റി സൂചിക 728 പോയിന്റും ഇടിഞ്ഞു. രണ്ടാഴ്ചകളിൽ ബിഎസ്ഇ 3895 പോയിന്റും എൻഎസ്ഇ 1120 പോയിന്റും നഷ്ടത്തിലാണ്.
ബാധ്യത പണമാക്കാനുള്ള തത്രപ്പാടിലാണു വിദേശ ഇടപാടുകാർ. ഹോളി പ്രമാണിച്ച് ഒരു ദിവസം വിപണി അവധിയായിരുന്നു. വിദേശ ഫണ്ടുകൾ നാല് ദിവസങ്ങളിൽ വിറ്റത് 21,831.19 കോടിയുടെ ഓഹരികൾ. ആഭ്യന്തര ഫണ്ടുകൾ വാങ്ങലുകാരായി മൊത്തം 32,786.92 കോടിയുടെ ഓഹരികൾ ശേഖരിച്ചു.
രൂപ തളരുമെന്നു കഴിഞ്ഞവാരം സൂചിപ്പിച്ചത് ശരിവച്ച് റിക്കാർഡ് തകർച്ചയിലാണ്. രൂപ 91.02 ൽ നിന്നും 92.15 ലെ പ്രതിരോധം തകർത്ത് 92.30ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 91.90ലാണ്. ഡെയ്ലി ചാർട്ട് വിലയിരുത്തിയാൽ ഫോറെക്സ് മാർക്കറ്റിൽ രൂപ 93.10-93.25 ലേക്ക് സഞ്ചരിക്കാം.
പശ്ചിമേഷ്യൻ സംഘർഷം ക്രൂഡ് ഓയിൽ വില ഉയർത്തുന്നത് രൂപയെ ദുർബലമാക്കും. മൊത്തം ക്രൂഡ് ഓയിൽ, എൽഎൻജി ഇറക്കുമതിയിൽ ഏകദേശം 46 ശതമാനവും അവിടെനിന്നാണ്. എണ്ണ 20 മാസത്തെ ഉയർന്ന നിരക്കായ 88.67 ഡോളറിലെത്തി, പിന്നിട്ടവാരം വില 20 ശതമാനം ഉയർന്നു.
2008ൽ രേഖപ്പെടുത്തിയ 147 ഡോളറാണ് ക്രൂഡിന്റെ റിക്കാർഡ് വില, അതേ സമയം റഷ്യ-യുക്രെയ്ൻ യുദ്ധാരംഭത്തിൽ നിരക്ക് 139 ഡോളർ വരെ ഉയർന്നിരുന്നു. അന്നു യുദ്ധവേളയിൽ രൂപയുടെ മൂല്യം 79.62ൽനിന്നും 82.94ലേക്ക് ഇടിഞ്ഞു. ഇതിനിടയിൽ ഇന്ത്യൻ നേവി ഹോർമുസ് കടലിടുക്കിലുള്ള ഇന്ത്യൻ പതാകയുള്ള കപ്പലുകളെ എത്തിക്കാനുള്ള ദൗത്യത്തിന് ഒരുങ്ങി, നേരത്തേ ഇറാൻ നേവിയുടെ കപ്പലിനു നാം അഭയം നൽകിയതിനാൽ ഇന്ത്യയുടെ നീക്കം വിജയിക്കുമെന്നു പ്രത്യാശിക്കാം. ആഭ്യന്തര ഇന്ധന ക്ഷാമത്തെ താത്കാലികമായി തടയാൻ ഈ നീക്കം ഉപകരിക്കും.
നിഫ്റ്റി സൂചികയുടെ സാങ്കേതിക വശങ്ങൾ ദുർബലമായതിനാൽ തിരുത്തൽ സാധ്യത തുടരുന്നു, മുൻവാരം സൂചിപ്പിച്ച 24,742 ആദ്യ സപ്പോർട്ട് തകർത്ത് 24,324ലേക്ക് ഇടിഞ്ഞെങ്കിലും രണ്ടാം സപ്പോർട്ടായ 24,123 നിലനിർത്തി. വിപണി 50 ദിവസങ്ങളിലെ ശരാശരിയായ 25,700ലെ താങ്ങ് ഫെബ്രുവരി രണ്ടാം പകുതിയിൽ നഷ്ടപ്പെട്ട അവസരത്തിൽ സൂചന നൽകിയതാണു മുന്നിലുള്ള ദുർബലാവസ്ഥയെ കുറിച്ച്.
നിഫ്റ്റി 25,178ൽനിന്നും ഓപ്പണിംഗ് വേളയിൽ തന്നെ തളർന്നു. മുൻനിര ഓഹരികളിലെ വില്പന തരംഗത്തിൽ വാരാന്ത്യം 24,450ലാണ്. നിഫ്റ്റിക്ക് ആദ്യ താങ്ങ് 24,167 പോയിന്റിലാണ്, ഇതു നഷ്ടപ്പെട്ടാൽ 23,884-23,162ലേക്കു തിരുത്തലിനു സാധ്യത. നിലവിൽ തിരക്കിട്ടുള്ള ബയിംഗിന് ഓപ്പറേറ്റർമാർ നീക്കം നടത്തില്ലെങ്കിലും മധ്യപൂർവേഷ്യ ശാന്തമായാൽ ഫണ്ടുകൾ രംഗത്ത് ഇറങ്ങാം.
ബോംബെ സെൻസെക്സ് 81,287ൽനിന്നും വില്പന സമ്മർദത്തിൽ 79,683ലെ രണ്ടാം സപ്പോർട്ട് മറികടന്ന് 78,988ലേക്ക് ഇടിഞ്ഞു. വാരാന്ത്യ ക്ലോസിംഗിൽ സൂചിക 78,918 പോയിന്റിലാണ്. ഈവാരം പ്രതിരോധം 80,089ലാണ്. വില്പന സമ്മർദം തുടരുന്നതിനാൽ 78,367- 77,816ലേക്ക് നീങ്ങാം.
ന്യൂയോർക്കിൽ സ്വർണം ട്രോയ് ഔൺസിന് 5278 ഡോളറിൽനിന്ന് 5416 വരെ കയറിയ വേളയിൽ ഡോളർ സൂചിക കരുത്ത് നേടിയതു നിക്ഷേപകരെ സ്വർണത്തിൽ വില്പനക്കാരാക്കി. ഇതോടെ നിരക്ക് 5025 ലേക്ക് ഇടിഞ്ഞെങ്കിലും ക്ലോസിംഗിൽ 5171ലാണ്. 98.25ൽ നിലകൊള്ളുന്ന യുഎസ് ഡോളർ സൂചികയുടെ ചലനങ്ങൾ നിരീക്ഷിച്ചാൽ 100.25-101.25 ലേക്കു നീങ്ങാമെന്നതു സ്വർണം വിറ്റ് ഡോളർ ശേഖരിക്കാൻ ഒരു വിഭാഗം ഓപ്പറേറ്റർമാരെ പ്രേരിപ്പിക്കാം.
ഇന്ത്യയിൽ എംസിഎക്സിൽ സ്വർണം ഏപ്രിൽ അവധി 1,69,880 രൂപയിലാണ്. പത്ത് ഗ്രാം സ്വർണം 1.84 ലക്ഷം രൂപയിലേക്ക് ഉയരാൻ സാധ്യത, ലാഭമെടുപ്പിനു നീക്കം നടത്തിയാൽ 1.58 ലക്ഷം രൂപയിലെ താങ്ങ് പുതിയ ബയിംഗിന് അവസരം നോക്കുന്നവരെ ആകർഷിക്കാം
Leader Page
ലോകത്തിലെ ഏറ്റവും വലിയ രണ്ടു വിമാനവാഹിനി കപ്പലുകൾ, അരഡസൻ നശീകരണിക്കപ്പലുകൾ അടക്കം അവയുടെ അനുബന്ധ നാവികപ്പട, നൂറിലേറെ പോർ വിമാനങ്ങൾ. ഇറാന്റെ തെക്കും പടിഞ്ഞാറുമായി അമേരിക്ക ഒരുക്കിയത് ബൃഹത്തായ സന്നാഹം. ഇത്രയൊക്കെ കണ്ടിട്ടും ഇറാൻ വഴങ്ങാൻ തയാറാകാത്തത് ഡോണൾഡ് ട്രംപിനെ അരിശം പിടിപ്പിച്ചു എന്നാണു റിപ്പോർട്ടുകൾ. അതിന്റെ തുടർച്ചയാണ് ഐതിഹാസിക ക്രോധം (Epic Fury). ഇന്നലെ ഇറാനെതിരേ ആരംഭിച്ച യുദ്ധത്തിന് അമേരിക്കൻ പ്രതിരോധ വകുപ്പ് നൽകിയ പേരാണത്. ഇസ്രയേൽ നൽകിയത് "സിംഹഗർജനം' എന്നും.
പാതിരാച്ചുറ്റിക പോരാ
കഴിഞ്ഞ വർഷം ജൂണിൽ ഇസ്രയേൽ തുടങ്ങിവച്ച യുദ്ധം തീർക്കാൻ അപ്രതീക്ഷിതമായി അമേരിക്ക ഇടപെട്ട ആക്രമണത്തിന് ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ (പാതിരാച്ചുറ്റിക) എന്നായിരുന്നു പേര്. അന്നു വിദൂരത്തുനിന്ന് വിമാനങ്ങൾ എത്തിയാണ് ഇറാന്റെ ആണവകേന്ദ്രങ്ങൾ തകർത്തത്. എല്ലാം മുച്ചൂടും നശിപ്പിച്ചെന്ന് പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. അതു മുഴുവൻ ശരിയല്ലെന്ന് യുഎസ് രഹസ്യാന്വേഷകർതന്നെ പറഞ്ഞു. എങ്കിലും തന്റെ അവകാശവാദം ട്രംപ് തിരുത്തിയില്ല.
ഇന്നലെ യുദ്ധം തുടങ്ങുമ്പോൾ ട്രംപ് നടത്തിയ പ്രസ്താവന അന്നത്തെ നാശം സമ്പൂർണമായില്ല എന്നു കാണിക്കുന്നു. എന്തായാലും വീണ്ടും യുദ്ധം തുടങ്ങി. അതാണു പ്രധാനം. ലോകത്തിനു മുന്നിലുള്ള വിഷയവും അതാണ്.
പകൽവെളിച്ചത്തിൽ കുതന്ത്രമോ?
ഇത്തവണ പകൽവെളിച്ചത്തിലാണ് യുദ്ധം തുടങ്ങിയത്. ഇറാനിൽ രാവിലെ 9.30ന്. പശ്ചിമേഷ്യൻ യുദ്ധങ്ങളുടെ ചരിത്രത്തിൽ ഒരു വ്യത്യസ്തതയായി ഈ തുടക്കം. യുദ്ധം ഒഴിവാക്കാൻ എന്ന പേരിൽ ഒമാനിലും ജനീവയിലും കഴിഞ്ഞ ദിവസങ്ങളിൽ ചർച്ച നടന്നു. മൂന്നാം വട്ട ചർച്ച ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ഈയാഴ്ച നടത്തും എന്നു പറഞ്ഞിരുന്നു. ഇതിനിടെയാണ് യുദ്ധം ആരംഭിച്ചത്. ട്രംപ്-നെതന്യാഹു കൂട്ടുകെട്ടിന്റെ തന്ത്രമെന്നോ കുതന്ത്രമെന്നോ ഇതിനെ വിശേഷിപ്പിക്കാം.
പശ്ചിമേഷ്യയിൽ അമേരിക്ക മുൻപ് നടത്തിയിട്ടുള്ള സൈനിക ഇടപെടലുകളെല്ലാം ഐക്യരാഷ്ട്രസഭയുടെ സമ്മതത്തോടുകൂടിയും യൂറോപ്യൻ സഖ്യകക്ഷികളെ കൂട്ടിയും ആയിരുന്നു. 1990-91ലെ കുവൈറ്റ് ഇടപെടൽ അഥവാ ഒന്നാം ഇറാഖ് യുദ്ധം (ആദ്യഭാഗം ഓപ്പറേഷൻ ഡെസർട്ട് ഷീൽഡും ശേഷം ഭാഗം ഓപ്പറേഷൻ ഡെസർട്ട് സ്റ്റോമും), 2003-11ലെ രണ്ടാം ഇറാഖ് യുദ്ധം, 2001-21ലെ അഫ്ഗാൻ യുദ്ധം ഒക്കെ അങ്ങനെയായിരുന്നു. കഴിഞ്ഞ വർഷവും ഇപ്പോഴും ഇറാനെതിരേ നടത്തുന്ന യുദ്ധത്തിന് അത്തരമൊരു അംഗീകാരമോ പിൻബലമോ കൂട്ടായ്മയോ ഇല്ല. ഒരു സത്യാനന്തരകാല നീക്കമെന്നോ ട്രംപിസത്തിന്റെ പ്രകടനമെന്നോ സൗകര്യം പോലെ വിശേഷിപ്പിക്കാം. ആഗോളരംഗത്തു മുക്കാൽ നൂറ്റാണ്ടു നിലനിന്ന വഴക്കങ്ങൾ അപ്പാടെ തള്ളിക്കളഞ്ഞുള്ള യുദ്ധം. കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്ന അവസ്ഥയിലേക്കു കാര്യങ്ങളെത്തി. ഐക്യരാഷ്ട്രസഭ ഒന്നുമല്ലാതായി. വ്ലാദിമിർ പുടിന്റെ റഷ്യ, യുക്രെയ്നെ ആക്രമിച്ചതുപോലെ.
ഇറാൻ തൃപ്തിപ്പെട്ടില്ല
കഴിഞ്ഞ ജൂണിൽ അമേരിക്കൻ ബോംബിംഗ് അപ്പോൾ നടന്നുവന്ന യുദ്ധം തീർക്കുന്നതിലേക്കാണു നയിച്ചത്. തങ്ങൾക്കു തിരിച്ചടിക്കാൻ പറ്റുമെന്നു കാണിക്കാൻ ഖത്തറിലെ യുഎസ് താവളമായ അൽ ഉദൈദിലേക്ക് മിസൈലുകൾ അയച്ച് (അവയെ ആകാശത്തു വച്ച് തകർത്തു) ഇറാൻ തൃപ്തിപ്പെട്ടു. ഇത്തവണ അങ്ങനെയല്ല.
അമേരിക്കയും ഇസ്രയേലും ഒരുമിച്ച് ആക്രമണം തുടങ്ങി. പരമോന്നത നേതാവ് അലി ഖമനയ്യുടെ കൊട്ടാരവും പ്രസിഡന്റ് പെസെഷ്കിയാന്റെ ഓഫീസും ആക്രമിച്ചു. കൊട്ടാരം തകർക്കപ്പെട്ടു. വ്യദ്ധനായ ഖമനയ് തലസ്ഥാനനഗരം വിട്ട് എവിടെയോ ഒളിവിൽ പോയി എന്നാണു റിപ്പോർട്ട്. സൈനിക കേന്ദ്രങ്ങളും ഗവൺമെന്റ് ഓഫീസുകളുമടക്കം മുപ്പതിലേറെ സ്ഥലങ്ങളിൽ മിസൈലുകൾ എത്തി.
ഇറാക്കിലും ലബനനിലും ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന സേനകളുടെ (ഹിസ്ബുള്ള, പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സസ്, കത്തായിബ് ഹിസ്ബുള്ള) താവളങ്ങൾകൂടി ആക്രമിച്ചു. തിരിച്ചടിയും വേഗം ഉണ്ടായി.
ഇറാൻ ഇസ്രയേലിനു നേരേയും ഗൾഫിലെ വിവിധ രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്കു നേരേയും മിസൈലുകൾ പായിച്ചു. ആക്രമണവും പ്രത്യാക്രമണവും തുടരുന്നു.
ലക്ഷ്യം ഭരണമാറ്റം
കഴിഞ്ഞ ജൂണിൽ അമേരിക്കയുടെ ലക്ഷ്യം പരിമിതമായിരുന്നു. ആയുധങ്ങൾ ഉണ്ടാക്കാനുള്ള ഇറാന്റെ ആണവപരിപാടി തടയുക. ഇന്ന് അങ്ങനെയല്ല. ഇറാനിൽ ഭരണം മാറ്റണം. ഷിയാ പുരോഹിത മേധാവികളാണ് 47 വർഷമായി ഇറാനെ നയിക്കുന്നത്. പരമ്പരാഗത പേർഷ്യൻ രാജവംശത്തിലെ (പഹ്ലവി) മുഹമ്മദ് റേസ ഷായെ ജനകീയ വിപ്ലവത്തിലൂടെയാണു ഷിയാ പുരോഹിതസമൂഹം തൂത്തെറിഞ്ഞത്. പാശ്ചാത്യ പക്ഷപാതിയായ ഷാ, ആയത്തുള്ള റുഹൊള്ള ഖുമൈനി നയിച്ച വിപ്ലവത്തത്തുടർന്ന് 1979ൽ നാടുവിട്ടു.
ജനം ഇറങ്ങണമെന്ന്
അന്നാരംഭിച്ച ഷിയാ ഇസ്ലാമിക ഭരണത്തെ തൂത്തെറിയാൻ ജനം ഇറങ്ങണമെന്നാണ് ഇന്നലെ ട്രംപ് ഇറാൻകാരോട് ആവശ്യപ്പെട്ടത്. രണ്ടാഴ്ച മുൻപ് ജനം തെരുവിലായിരുന്നു. പക്ഷേ, ട്രംപ് അവർക്കുവേണ്ടി ഒന്നും ചെയ്തില്ല. ഇപ്പോൾ നേതാക്കളെ ഇല്ലായ്മ ചെയ്യാൻ ട്രംപിന്റെ സേന ശ്രമിക്കുന്നു. ഇസ്രയേലിന്റെ നിലനിൽപിന് ഇറാന്റെ നേതൃത്വം മാറണമെന്നു നെതന്യാഹുവും പറയുന്നു. ഒക്ടോബറിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജ്യമാണ് ഇസ്രയേൽ. നെതന്യാഹുവിന്റെ താത്പര്യങ്ങൾ വ്യക്തമാണ്. ഇറാനിലെ ഭരണമാറ്റം തനിക്കു വീണ്ടും ഭരണം നൽകുമെന്ന് അദ്ദേഹം കരുതുന്നു.
മുന്നിൽ അരാജകത്വമോ?
ജനം ഇറങ്ങിയില്ലെങ്കിലോ? ഇപ്പോൾ ഉത്തരമില്ല. താൻ ഭരിക്കാൻ തയാറാണെന്നു രാജ്യം വിട്ട പരേതനായ ഷായുടെ അമേരിക്കയിലുള്ള പുത്രൻ പറയുന്നുണ്ട്. പക്ഷേ, ഇറാനിൽ അദ്ദേഹത്തിനു വലിയ പിന്തുണയുള്ളതായി സൂചനയില്ല. വെനസ്വെലയിലേതുപോലെ നിലവിലെ ഭരണത്തിലെ ആരെയെങ്കിലും ടെഹറാനിലെ ചുമതല ഏൽപിക്കാൻ ട്രംപ് മുതിരുമോ? അതോ നിലവിലെ ഭരണകൂടത്തിലെ പ്രമുഖരെ കൊലപ്പെടുത്തിയോ നിസഹായരാക്കിയോ രാജ്യത്ത് അരാജകത്വത്തിന് വഴിതെളിക്കുമോ? അമേരിക്ക കഴിഞ്ഞ ദശകങ്ങളിൽ ഇടപെട്ട അഫ്ഗാനിസ്ഥാന്റെയും ഇറാഖിന്റെയും ലിബിയയുടെയും ചരിത്രം ആശ്വാസത്തിനു വഴിതരുന്നില്ല.
International
മ്യൂണിക്ക്: ഇറാനിൽ ഭരണകൂട മാറ്റം ആവശ്യപ്പെട്ട് ശനിയാഴ്ച ലോകത്തിന്റെ പല ഭാഗങ്ങളിൽ അരങ്ങേറിയ പ്രകടനങ്ങളിൽ പത്തു ലക്ഷം പേർ പങ്കെടുത്തതായി റിപ്പോർട്ട്. ഇസ്ലാമിക വിപ്ലവത്തിൽ പുറത്താക്കപ്പെട്ട ഇറാനിലെ ഷാ രാജവംശത്തിന്റെ അന്തരാവകാശി റേസ പഹ്ലവിയുടെ ആഹ്വാന പ്രകാരമായിരുന്നു പ്രകടനങ്ങൾ.
അന്താരാഷ്ട്ര സുരക്ഷാ ഉച്ചകോടി നടന്ന ജർമനിയിടെ മ്യൂണിക് നഗരത്തിൽ രണ്ടു ലക്ഷം പേരുടെ റാലി അരങ്ങേറി. പങ്കെടുത്തവർ ഷാ രാജവംശ കാലത്തെ ഇറേനിയൻ പതാക, ഇസ്രേലി, അമേരിക്കൻ പതാകകൾ, റേസാ പഹ്ലവിയുടെ ചിത്രം തുടങ്ങിയവ വഹിച്ചിരുന്നു.
ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്തിയ ഇറേനിയൻ ഭരണകൂടം മാറണമെന്ന മുദ്രാവാക്യങ്ങൾ മുഴങ്ങി. കാനഡയിലെ ടൊറൊന്റോ, അമേരിക്കയിലെ ലോസ് ആഞ്ചലസ് നഗരങ്ങളിലുണ്ടായ പ്രകടനങ്ങളിൽ മൂന്നര ലക്ഷം വീതം പേർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. ലണ്ടൻ, ആഥൻസ്, ബെർലിൻ, നിക്കോസ്യ, ടോക്കിയോ നഗരങ്ങളിലും റാലികൾ അരങ്ങേറി.
അമേരിക്ക ഇടപെടണം: പഹ്ലവി
മ്യൂണിക്ക്: ഇറാനുമായി ചർച്ച നടത്തി സമയം പാഴാക്കുന്നതിനു പകരം അമേരിക്ക സൈനിക ഇടപെടൽ നടത്തണമെന്ന് റേസാ പഹ്ലവി ആവശ്യപ്പെട്ടു. ഇറേനിയൻ ഭരണകൂടം തകർച്ചയുടെ വക്കിലാണ്.
അമേരിക്കൻ ആക്രമണം തകർച്ച വേഗത്തിലാക്കുമെന്ന് വാർത്താ ഏജൻസിക്കു നല്കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
1979ലെ ഇസ്ലാമിക വിപ്ലവത്തിലാണ് റേസാ പഹ്ലവിയുടെ ഷാ കുടുംബത്തിന് ഇറാന്റെ ഭരണം നഷ്ടമായത്. റേസാ പഹ്ലവി അര നൂറ്റാണ്ടായി അമേരിക്കയിലാണു താമസം. ജനകീയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ പ്രതിപക്ഷ നേതാവായി ഉയർന്നുവരാനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതേസമയം, ഇറാനുള്ളിൽ പഹ്ലവിക്കുള്ള ജനപ്രീതിയിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു.
Business
കണ്ണൂര്: ആസ്റ്റര് മിംസ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിന് ട്രെയിനിംഗ് പ്രോഗ്രാമിനെ (ഐഎം ടിസ്റ്റേജ് 1 - യുകെ) ആഗോളതലത്തിലെ ഏറ്റവും മികച്ച ട്രെയിനിംഗ് പ്രോഗ്രാമായി തെരഞ്ഞെടുത്തു.
യുകെയിലെ ജോയിന്റ് റോയല് കോളജ് ഓഫ് ഫിസിഷന്സ് ട്രെയിനിംഗ് ബോര്ഡ് (ജെആര്സിപിടി-ബി) 2025ല് ലോകമെമ്പാടുമുള്ള ട്രെയിനിംഗ് പ്രോഗ്രാമുകളെ വിശകലനം ചെയ്തു നടത്തിയ സർവേയിലാണ് ഒന്നാം സ്ഥാനത്തെത്തിയത്.
യുകെയിലെ നിരവധി ആശുപത്രികള് ഉള്പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്രെയിനിംഗ് സെന്ററുകളടക്കമുള്ളവയെ മറികടന്നാണ് കണ്ണൂർ ആസ്റ്റർ മിംസിന്റെ നേട്ടം. പരിശീലനവുമായി ബന്ധപ്പെട്ടുള്ള പാഠ്യപദ്ധതികളുടെ രൂപകല്പനയില് നടത്തുന്ന സൂക്ഷ്മത, പരിശീലന സംവിധാനങ്ങളുടെ ഫലപ്രാപ്തിയും ശാസ്ത്രീയതയും, ക്ലിനിക്കല് മേഖലയിലെ മികവ്, വിദ്യാര്ഥികേന്ദ്രീകൃത പഠന സമീപനം തുടങ്ങിയ കാര്യങ്ങൾ വിലയിരുത്തിയാണ് ജെആര്സിപിടി-ബി കണ്ണൂര് ആസ്റ്റര് മിംസിനെ ആഗോളതലത്തില്ത്തന്നെ ഏറ്റവും മികച്ച സെന്ററിനുള്ള അംഗീകാരം നല്കിയത്.
ബെഡ്സൈഡ് ടീച്ചിംഗിലെ മികവ്, തെളിവ് അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതികള്, പരീക്ഷാകേന്ദ്രീകൃത സമഗ്രപരിശീലനം, പരിചയസമ്പന്നരായ അധ്യാപകര്, അക്കഡേമിക് വളര്ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം എന്നിവയെല്ലാം മികവിനുള്ള മാനദണ്ഡങ്ങളായി പരിഗണിക്കപ്പെട്ടിരുന്നു
ആസ്റ്റര് മിംസ് കണ്ണൂരിന്റെ അക്കഡേമിക് പരിശീലന രംഗത്ത് വലിയ വഴിത്തിരിവിലേക്കാണ് ഈ നേട്ടം നയിക്കുന്നതെന്നു കണ്ണൂർ ആസ്റ്റർ മിംസിൽ കോഴ്സ് യാഥാർഥ്യമാക്കുന്നതിനായി പ്രവർത്തിച്ച ഡോ. കെ.എം. സൂരജ് പറഞ്ഞു.
Sports
നെടുമ്പാശേരി: കാനഡയുടെ മുൻ ലോക അത്ലറ്റിക് ചാമ്പ്യൻ ബെൻ ജോൺസൻ കൊച്ചിയിലെത്തി. കോട്ടയത്തു നടക്കുന്ന സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണ് എത്തിയത്.
കഠിനാധ്വാനത്തോടെയും നിഷ്ഠയോടെയും പരിശീലിച്ചാൽ യുവാക്കൾക്ക് അത്ലറ്റിക്സിൽ ഉന്നതിയിൽ എത്താൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ആദ്യമായാണ് എത്തുന്നതെന്നും ഇവിടം മനോഹരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കസ്റ്റംസ് അസി.കമ്മീഷണറും പ്രമുഖ അത്ലറ്റുമായ റോയ് വർഗീസും സംഘവും ചേർന്ന് ജോൺസനെ സ്വീകരിച്ചു .
Business
ദാവോസ്: ലോകമെന്പാടുമുള്ള ഭരണകൂടങ്ങളിലും രാഷ്ട്രീയ തീരുമാനങ്ങളിലും ശതകോടീശ്വരൻമാർ അസാധാരണമായ സ്വാധീനം ചെലുത്തുന്നതായി രാജ്യാന്തര സന്നദ്ധ സംഘടനയായ ഒക്സ്ഫാം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാന്പത്തിക ഫോറത്തിനു മുന്നോടിയായി പുറത്തിറക്കിയ ഈ റിപ്പോർട്ടിൽ, ഒരു സാധാരണക്കാരനെ അപേക്ഷിച്ച് ശതകോടീശ്വരൻമാർ രാഷ്ട്രീയ പദവികളിൽ എത്താനുള്ള സാധ്യത നാലായിരം മടങ്ങ് കൂടുതലാണെന്ന ഞെട്ടിക്കുന്ന വിവരമാണുള്ളത്.
2025ൽ ആഗോളതലത്തിൽ അതിസന്പന്നരുടെ ആകെ സന്പത്ത് 1883 ട്രില്യൺ ഡോളറിലെത്തി (ഏകദേശം 1660 ലക്ഷം കോടി രൂപ) റിക്കാർഡ് സൃഷ്ടിച്ചിരിക്കുകയാണ്.
2020ന് ശേഷമുള്ള കണക്കെടുത്താൽ സന്പത്തിൽ 81 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ദരിദ്രരായ 410 കോടി ജനങ്ങളുടെ പക്കലുള്ള ആകെ സന്പത്തിനു തുല്യമാണ് ഏറ്റവും മുൻനിരയിലുള്ള 12 ശതകോടീശ്വരൻമാരുടെ കൈവശമുള്ള സ്വത്തെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സന്പന്നരുടെ താത്പര്യങ്ങൾക്കായി നിയമങ്ങളും നികുതി വ്യവസ്ഥകളും മാറ്റിയെഴുതുന്ന സന്പന്നരുടെ ഭരണത്തിനെതിരേ റിപ്പോർട്ട് കടുത്ത മുന്നറിയിപ്പ് നൽകുന്നുണ്ട്.
നിർമിത ബുദ്ധി മേഖലയിലുണ്ടായ കുതിച്ചുചാട്ടവും സന്പന്നർക്ക് അനുകൂലമായ പുതിയ നികുതി നയങ്ങളുമാണ് ഈ സാന്പത്തിക അസമത്വം വർധിപ്പിക്കാൻ പ്രധാന കാരണമായത്. അതിസന്പന്നരുടെ കഴിഞ്ഞവർഷത്തെ ആസ്തി വർധന മാത്രം ഉപയോഗിച്ച് ലോകത്തെ കടുത്ത ദാരിദ്ര്യം ഇരുപത്തിയാറ് തവണ തുടച്ചുനീക്കാൻ സാധിക്കുമെന്ന് ഒക്സ്ഫാം എക്സിക്യൂട്ടീവ് ഡയറക്ടർ അമിതാഭ് ബെഹാർ പറഞ്ഞു.
അതിസന്പന്നർക്ക് പ്രത്യേക നികുതി ഏർപ്പെടുത്തണമെന്നും രാഷ്ട്രീയത്തിൽ പണത്തിന്റെ സ്വാധീനം കുറയ്ക്കാൻ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്നും ഒക്സ്ഫാം ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
Leader Page
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളും പീഡനങ്ങളും വർധിച്ചുവരികയാണെന്ന് പഠനറിപ്പോർട്ട്. 2024 ഒക്ടോബർ മുതൽ 2025 സെപ്റ്റംബർ 30 വരെ ലോകമെമ്പാടും വിശ്വാസത്തിന്റെ പേരിൽ ആകെ 4,849 ക്രൈസ്തവർ കൊല്ലപ്പെട്ടതായും മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 373 പേർ കൂടുതലാണെന്നും അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ഓപ്പൺ ഡോർസ് പുറത്തുവിട്ട വാർഷിക റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ടിൽ പറയുന്നതു പ്രകാരം, കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും നൈജീരിയയിലാണ്. സബ്- സഹാറൻ ആഫ്രിക്കയിലാണ് ഏറ്റവും കൂടുതൽ പീഡനങ്ങൾ അരങ്ങേറുന്നത്. ഇതിൽത്തന്നെ സുഡാൻ, നൈജീരിയ, മാലി എന്നീ രാജ്യങ്ങളാണു മുന്നിൽ.
കഴിഞ്ഞ 33 വർഷത്തിനിടെ ക്രൈസ്തവർക്കെതിരായ പീഡനവും വിവേചനവും വർധിച്ചതായി സംഘടന പറയുന്നു. ശാരീരിക ആക്രമണത്തിനുപുറമെ നിരീക്ഷണം, സെൻസർഷിപ്പ്, നിയന്ത്രണങ്ങൾ എന്നിവയിലൂടെ സ്വതന്ത്ര ജീവിതം നിഷേധിക്കപ്പെടുന്നു. എല്ലാ പ്രൊട്ടസ്റ്റന്റ് പള്ളികളും അടച്ചിട്ടിരിക്കുന്ന അൾജീരിയയുടെ കാര്യം റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഇതുമൂലം രാജ്യത്തെ 75 ശതമാനത്തിലധികം ക്രൈസ്തവർക്കും അവരുടെ വിശ്വാസസമൂഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടിരിക്കുകയാണ്.
പീഡനമനുഭവിക്കുന്നത് 38 കോടി 80 ലക്ഷം പേർ
റിപ്പോർട്ട് പ്രകാരം ലോകമെമ്പാടുമുള്ള 38 കോടി 80 ലക്ഷത്തിലധികം ക്രൈസ്തവർ വിശ്വാസത്തെപ്രതി വിവിധങ്ങളായ പീഡനങ്ങൾക്കു വിധേയരാകുന്നു. അതായത്, ഏഴു ക്രൈസ്തവരിൽ ഒരാൾ അതിക്രമങ്ങൾക്കിരയാകുന്നു. ആഫ്രിക്കയിൽ അഞ്ചിലൊരാളും ഏഷ്യയിൽ അഞ്ചിൽ രണ്ടാളും ക്രൈസ്തവരായതിന്റെ പേരിൽ പീഡനങ്ങൾക്കു വിധേയരാകുന്നു. റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള 50 രാജ്യങ്ങളിൽ 34 എണ്ണത്തിലും പീഡനത്തിൽ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിനോ നിർബന്ധിത വിവാഹത്തിനോ വിധേയരായ ക്രൈസ്തവരുടെ എണ്ണം 32 ശതമാനം വർധിച്ചു. വിശ്വാസത്തിന്റെ പേരിൽ കഴിഞ്ഞ ഒരുവർഷം 67,843 ക്രൈസ്തവർ മർദനത്തിനും ഭീഷണിക്കും അധിക്ഷേപത്തിനും മാനസികപീഡനത്തിനും ഇരയായതായും റിപ്പോർട്ടിൽ പറയുന്നു.
ലോകത്താകെ 4,712 ക്രൈസ്തവരെ വ്യക്തമായ കാരണങ്ങളില്ലാതെ അറസ്റ്റ് ചെയ്തു ജയിലിലടച്ചതായും 3,632 പള്ളികളും ക്രൈസ്തവ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 5,202 പേരെ ലൈംഗികപീഡനത്തിനു വിധേയമാക്കുകയും ഇതര മതസ്ഥരെ വിവാഹം ചെയ്യാൻ നിർബന്ധിക്കുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. 25,794 ക്രൈസ്തവ ഭവനങ്ങളും ക്രൈസ്തവരുടെ സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. പീഡനങ്ങൾ കാരണം 2,24,129 ക്രൈസ്തവർ തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് ഒളിവിൽ പോകാനോ രാജ്യത്തുനിന്ന് പലായനം ചെയ്യാനോ നിർബന്ധിതരായി. 3,302 പേരെ തട്ടിക്കൊണ്ടുപോയി.
അരാജകത്വം നടമാടുന്ന നൈജീരിയ
റിപ്പോർട്ടനുസരിച്ച് ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളുടെ പ്രഭവകേന്ദ്രം നൈജീരിയയാണ്. ലോകത്താകെ കൊല്ലപ്പെട്ട ക്രൈസ്തവരിൽ 70 ശതമാനവും ഈ ആഫ്രിക്കൻ രാജ്യത്താണ്. വിശകലനം ചെയ്ത കാലയളവിൽ ലോകമെമ്പാടും നടന്ന 4,849 കൊലപാതകങ്ങളിൽ 3,490 എണ്ണവും ഇവിടെയാണു നടന്നത്. ഇസ്ലാമിക തീവ്രവാദം, വംശീയ-മത സംഘർഷങ്ങൾ, സംഘടിത കുറ്റകൃത്യങ്ങൾ, സ്ഥാപനപരമായ ബലഹീനത എന്നിവയുടെ സംഗമസ്ഥാനമാണു നൈജീരിയയെന്ന് ഓപ്പൺ ഡോർസ് ചൂണ്ടിക്കാട്ടുന്നു. 2025 ജൂണിൽ ബെനു സംസ്ഥാനത്തെ യെൽവാട്ടയിലെ ക്രിസ്ത്യൻ കർഷകസമൂഹത്തിനു നേരേ മണിക്കൂറുകളോളം നീണ്ടുനിന്ന ആക്രമണത്തിൽ 258 പേരാണു കൊല്ലപ്പെട്ടത്. ഇതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമായിരുന്നു.
സുരക്ഷ ഉറപ്പാക്കാൻ കഴിയാത്ത സർക്കാരുകൾ, ഘടനാപരമായ അഴിമതി, നിയമവാഴ്ചയുടെ അഭാവം എന്നിവയാണ് ആഫ്രിക്കൻ രാജ്യങ്ങളിൽ ക്രൈസ്തവപീഡനം വർധിക്കാൻ പ്രധാന കാരണം. ബുർക്കിനോ ഫാസോ, മാലി, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, മധ്യ ആഫ്രിക്കൻ റിപ്പബ്ലിക്, സൊമാലിയ, നൈജർ, മൊസാംബിക് തുടങ്ങിയ രാജ്യങ്ങളിലെ തീവ്രവാദ ഗ്രൂപ്പുകൾ നിയമരാഹിത്യത്തെയും അധികാരശ്രേണിയിലെ ബലഹീനതയെയും ചൂഷണം ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.
ഇരകളിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും
വിശ്വാസത്തിന്റെ പേരിൽ ആക്രമണത്തിനിരയാകുന്നവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് ഓപ്പൺ ഡോർസ് ഡയറക്ടർ ക്രിസ്ത്യൻ നാനി പറഞ്ഞു. 38 കോടി 80 ലക്ഷം പേരിൽ രണ്ടു കോടി ഒരു ലക്ഷവും സ്ത്രീകളും പെൺകുട്ടികളുമാണ്. ഒരു കോടി 10 ലക്ഷം പേർ 15 വയസിൽ താഴെയുള്ള കുട്ടികളും. ‘തീവ്രം’ എന്നു വിശേഷിപ്പിക്കാവുന്ന തലത്തിലുള്ള ക്രിസ്ത്യൻ വിരുദ്ധ പീഡനങ്ങളുള്ള രാജ്യങ്ങളുടെ എണ്ണം 13ൽനിന്ന് 15 ആയി ഉയർന്നു.
സൊമാലിയ, എറിത്രിയ, ലിബിയ, അഫ്ഗാനിസ്ഥാൻ, യെമൻ, സുഡാൻ, മാലി, നൈജീരിയ, പാക്കിസ്ഥാൻ, ഇറാൻ, ഇന്ത്യ, സൗദി അറേബ്യ, മ്യാൻമർ, സിറിയ എന്നിവയും ഭയാനകമായ തോതിലുള്ള ക്രൈസ്തവപീഡനങ്ങൾ നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. റിപ്പോർട്ടനുസരിച്ച് സിറിയ ഉയർന്ന തലത്തിൽനിന്ന് അങ്ങേയറ്റം ഉയർന്ന തലത്തിലേക്ക് മാറിയിരിക്കുന്നു.
സിറിയയിലെ ക്രൈസ്തവർ അപകടത്തിലാണെന്ന് നാനി പറഞ്ഞു. കാരണം, പുതിയ രാഷ്ട്രീയശക്തി ഇപ്പോഴും ഭാഗികമായി ഛിന്നഭിന്നമാണ്. ആലെപ്പോയിൽ സമീപദിവസങ്ങളിൽ നടന്ന ഏറ്റുമുട്ടലുകൾ ഇതിനു തെളിവാണ്. തങ്ങളുടെ ഡാറ്റയനുസരിച്ച് സിറിയയിൽ മൂന്നു ലക്ഷം ക്രൈസ്തവർ മാത്രമേ അവശേഷിക്കുന്നുള്ളൂവെന്നും പത്തു വർഷം മുമ്പുള്ളതിനേക്കാൾ ലക്ഷക്കണക്കിനു പേർ കുറഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. ക്രൈസ്തവരുടെ എണ്ണം കുറഞ്ഞെങ്കിലും കൊല്ലപ്പെടുന്നവരുടെ എണ്ണം വർധിച്ചെന്നും റിപ്പോർട്ടിലുണ്ട്.
International
കോപൻഗേഹൻ: ആര്ട്ടിക് സമുദ്രത്തിലെ മഞ്ഞുപുതച്ച ഏകാന്തമായ ദ്വീപ്, ഗ്രീന്ലാന്ഡ്. ലോകത്തിലെ ഏറ്റവും വലിയ ഈ ദ്വീപിനെ വെറുമൊരു ഹിമപ്രദേശമായി കണ്ടിരുന്ന കാലം കഴിഞ്ഞു. ഇന്ന് ആഗോള രാഷ്ട്രീയ ത്തിലെയും സമ്പദ് വ്യവസ്ഥയിലെയും ഏറ്റവും ചര്ച്ച ചെയ്യപ്പെടുന്ന ഇടമായി ഗ്രീന്ലാന്ഡ് മാറിയിരിക്കുന്നു. യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപിനെപ്പോലുള്ള ലോകനേതാക്കള് ഈ ദ്വീപിനായി കണ്ണുവയ്ക്കുമ്പോള്, അതിനു പിന്നില് കേവലം ഭൂമിശാസ്ത്രപരമായ താത്പര്യങ്ങള് മാത്രമല്ല, കോടിക്കണക്കിനു ഡോളര് മൂല്യമുള്ള പ്രകൃതിവിഭവങ്ങളുടെ വലിയൊരു ശേഖരം കൂടിയുണ്ട്.
ഗ്രീന്ലാന്ഡിന്റെ ചരിത്രം
നൂറ്റാണ്ടുകള്ക്കു മുമ്പ് മുമ്പ് എറിക് ദി റെഡ് എന്ന വൈക്കിംഗ് നാവികന് എത്തിയ കാലം മുതല് ഗ്രീന്ലാന്ഡ് ലോകത്തിനു കൗതുകമാണ്. ഡെന്മാര് ക്കിന്റെ കീഴിലുള്ള ഈ സ്വയംഭരണ പ്രദേശം സ്വന്തമാക്കാന് അമേരിക്ക പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ട്. 1867ല് വില്യം സെവാര്ഡ് തുടങ്ങിയ ആഗ്രഹം 2019ല് ഡോണള്ഡ് ട്രംപില് വരെ എത്തിനില്ക്കുന്നു. ഗ്രീന്ലാന്ഡ് വിലയ്ക്കു വാങ്ങാമെന്ന ട്രംപിന്റെ നിര്ദേശം അസംബന്ധം എന്നാണ് ഡാനിഷ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അമേരിക്കയും യൂറോപ്യന് സഖ്യകക്ഷികളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില് പോലും ഈ വിഷയം വിള്ളലുകള് വീഴ്ത്തിയിട്ടുണ്ട്.
ഗ്രീന്ലാന്ഡിലെ നിധി
ഭൂമിശാസ്ത്രപരമായ പഠനങ്ങള് പ്രകാരം, വരുംകാല ലോകത്തെ നിയന്ത്രിക്കാന് പോകുന്ന പ്രധാന വിഭവങ്ങള് ഗ്രീന്ലാന്ഡിന്റെ മഞ്ഞിനടിയില് ഒളിഞ്ഞിരിപ്പുണ്ട്.
അപൂര്വ ധാതുക്കള്: ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററികള്, വിന്ഡ് ടര്ബൈനുകള്, സോളാര് പാനലുകള് എന്നിവ നിര്മിക്കാന് ആവശ്യമായ നിര്ണായക ധാതുക്കളുടെ വന് ശേഖരം ഇവിടെയുണ്ട്.
ഫോസില് ഇന്ധനങ്ങള്: ആര്ട്ടിക് മേഖലയില് വലിയ തോതിലുള്ള എണ്ണ, പ്രകൃതിവാതക നിക്ഷേപമുണ്ടെന്നു ശാസ്ത്രജ്ഞര് കരുതുന്നു.
ക്രയോലൈറ്റ്: രണ്ടാം ലോകമഹായുദ്ധകാലത്തു വിമാന നിര്മാണത്തിനുള്ള അലുമിനിയം വേര്തിരിച്ചെടുക്കാന് വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ ധാതു ഇവിടെ ധാരാളമായി കണ്ടുവരുന്നു.
വെല്ലുവിളികള് നിറഞ്ഞ ഖനനം
ഗ്രീന്ലാന്ഡ് എന്ന നിധിശേഖരത്തിലേക്കുള്ള വഴി അത്ര എളുപ്പമല്ല. ഏകദേശം 80 ശതമാനവും മഞ്ഞുപാളികളാല് മൂടപ്പെട്ട ഈ മണ്ണില് ഖനനം നടത്തുന്നത് വലിയ സാങ്കേതിക വെല്ലുവിളിയാണ്.
ഖനനം മൂലമുണ്ടാകുന്ന മലിനീകരണം ഇവിടുത്തെ ശുദ്ധജലത്തെയും തദ്ദേശീയരുടെ ജീവിതത്തെയും ദോഷകരമായി ബാധിക്കും. റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കലര്ന്നു കിടക്കുന്ന ധാതുക്കള് വേര്തിരിച്ചെ ടുക്കുന്നതിനു ഗ്രീന്ലാന്ഡ് കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനവും ആര്ട്ടിക്കും
ആഗോളതാപനം മൂലം ആര്ട്ടിക് മേഖലയിലെ മഞ്ഞുരുകുന്നത് ലോകത്തിനു ഭീഷണിയാണെങ്കിലും വന്കിട കമ്പനകള് ഇതിനെ ഒരു അവസരമായാണ് കാണുന്നത്. മഞ്ഞുരുകുന്നതോടെ പുതിയ കപ്പല് ചാലുകള് തുറക്കപ്പെടുകയും ധാതുക്കള് കടത്തിക്കൊണ്ടുപോകുന്നത് എളുപ്പമാവുകയും ചെയ്യുമെന്നാണ് ആഗോളഭീമന്മാരുടെ കണക്കുകൂട്ടല്. എത്ര മോശപ്പെട്ട കച്ചവട താത്പര്യമാണ് ഇവരുടെ ഉള്ളിലുള്ളതെന്ന് ഇതു വെളിവാക്കുന്നു. യഥാര്ഥത്തില് ഗ്രീന്ലാന്ഡിനെ ചൂഷണം ചെയ്യാന് കാത്തിരിക്കുന്ന കഴുകനോടാണ് അമേരിക്കയെ പലരു ഉപമിക്കുന്നത്. പ്രത്യേകിച്ചും ആ രാജ്യത്തിന്റെ പ്രസിഡന്റ് ഡോണള്ഡ് ട്രംപ്.
ഗ്രീന്ലാന്ഡുകാരുടെ നിലപാട്
വികസനത്തെ അവര് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ ഭൂമിയുടെ ഉടമസ്ഥാവകാശവും പരിസ്ഥിതിയുടെ സുരക്ഷിതത്വവും ഉറപ്പുവരുത്ത ണമെന്ന് അവര്ക്കു നിര്ബന്ധമുണ്ട്. ഗ്രീന്ലാന്ഡ് ഇന്നു കേവലം ഒരു മഞ്ഞു ദ്വീപല്ല, മറിച്ച് നാളെയുടെ ഊര്ജം കാത്തുവച്ചിരിക്കുന്ന ഭൂമിയുടെ ലോക്കര് ആണ്. ലോകശക്തികളുടെ മത്സരബുദ്ധിയും പ്രകൃതിയുടെ സംരക്ഷണവും തമ്മിലുള്ള വലിയൊരു പോരാട്ടത്തിനാകും വരും ദശകങ്ങളില് ഈ ഹിമദേശം സാക്ഷ്യം വഹിക്കുക.
Kerala
ചാലിശേരി (പാലക്കാട്): വിവിധ അയൽക്കൂട്ടങ്ങളിലായി 48 ലക്ഷത്തിലേറെ വനിതകൾ അംഗങ്ങളായ കുടുംബശ്രീയുടെ ത്രിതലസംഘടനാസംവിധാനം ലോകത്തിനുതന്നെ മാതൃകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബശ്രീ സംഘടിപ്പിക്കുന്ന 13-ാമത് ദേശീയ സരസ് മേള തൃത്താല ചാലിശേരിയിൽ ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീ കെ-ലിഫ്റ്റ് ഉപജീവന കാന്പയിൻവഴി ഇതിനകം മൂന്നു ലക്ഷത്തോളം പേർക്കു തൊഴിൽ നൽകാൻ സാധിച്ചു. സ്ത്രീകളുടെ തൊഴിൽപങ്കാളിത്തം 50 ശതമാനമാക്കി ഉയർത്തുകയാണ് സർക്കാരിന്റെ അടുത്ത ലക്ഷ്യം. ഇതു കേരളത്തിന്റെ സന്പദ്ഘടനയിലും സാമൂഹ്യപുരോഗതിയിലും വലിയ മാറ്റം കൊണ്ടുവരും.
പ്രാദേശികസംരംഭകരുടെ ഉത്പന്നങ്ങൾ പൊതുവിപണിക്കു പരിചയപ്പെടുത്തുന്ന വേദിയായി സരസ് മേളകൾ മാറുകയാണ്. ഗ്രാമീണവനിതകൾക്കു പുതിയ ഉപയോക്താക്കളെ കണ്ടെത്താനും അന്താരാഷ്ട്രതലത്തിലുള്ള ഓർഡറുകൾ സ്വീകരിക്കാനും ഇത്തരം മേളകൾ വലിയ അവസരമൊരുക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ മുഖ്യാതിഥിയായി. വിവിധ മേഖലയിൽ മികവുതെളിയിച്ചവരെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി ആദരിച്ചു. മന്ത്രി കെ. കൃഷ്ണൻകുട്ടി, എം.പി. അബ്ദുസമദ് സമദാനി എംപി, എംഎൽഎമാരായ പി. മമ്മിക്കുട്ടി, പി.പി. സുമോദ്, മുഹമ്മദ് മുഹ്സിൻ, തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി. അനുപമ എന്നിവർ പ്രസംഗിച്ചു.
International
സിഡ്നി: 2025നു വിടചൊല്ലിയും 2026നെ സ്വാഗതം ചെയ്തും ലോകമെന്പാടും ആഘോഷങ്ങൾ.
പസഫിക് സമുദ്രത്തിലെ ദ്വീപ് രാജ്യമായ കിരിബാസിലാണ് ഏറ്റവുമാദ്യം പുതുവത്സരം പിറന്നത്. പിന്നാലെ ന്യൂസിലൻഡിലെ ഓക്ലൻഡ് നഗരവും 2026നെ സ്വാഗതം ചെയ്തു.
ഓസ്ട്രേലിയയിൽ സിഡ്നി നഗരത്തിന്റെ തീരപ്രദേശങ്ങളിലെ ആഘോഷത്തിൽ പത്തു ലക്ഷത്തിനടുത്തു പേർ പങ്കെടുത്തു. ബോണ്ടിബീച്ച് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പുതുവത്സരാഘോഷം ഉപേക്ഷിക്കരുതെന്ന് ഓസ്ട്രേലിയൻ അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു.
സിഡ്നിയിൽ ഇക്കുറി കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പുതുവത്സരത്തോടനുബന്ധിച്ച് നഗരത്തിലെ ഓപ്പറ ഹൗസിലും സമീപത്തെ പാലത്തിനും മുകളിൽ പതിവുള്ള വർണാഭമായ വെടിക്കെട്ട് ഇത്തവണയും ശ്രദ്ധേയമായി.
Sports
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് 331 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 330 റൺസിന് എല്ലാവരും പുറത്തായി.
ഗംഭീര തുടക്കമായിരുന്നു ഇന്ത്യയുടേത്. ഒന്നാം വിക്കറ്റില് സ്മൃതി - പ്രതിക സഖ്യം 155 റണ്സ് ചേര്ത്തു. സ്മൃതി ആക്രമിച്ച് കളിച്ചപ്പോള് പ്രതിക സൂക്ഷ്മതയോടെ കളിച്ചു. 25-ാം ഓവറില് മാത്രമാണ് ഓസീസിന് കൂട്ടുകെട്ട് പൊളിക്കാന് സാധിച്ചത്.
66 പന്തിൽ 80 റൺസെടുത്ത സ്മൃതി മന്ദാനയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 96 പന്തുകൾ നേരിട്ട ഓപ്പണർ പ്രതിക റാവൽ 75 റൺസ് നേടി. ഓസ്ട്രേലിയക്ക് വേണ്ടി അന്നാബെല് സതര്ലാന്റ് അഞ്ചും സോഫി മൊളിനെക്സ് മൂന്നും വിക്കറ്റ് വീഴ്ത്തി.
Sports
വിശാഖപട്ടണം: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. സ്കോർ ഇന്ത്യ: 251/10 (49.5) ദക്ഷിണാഫ്രിക്ക് 252/7 ( 48.5). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 252 റൺസ് വിജയ ലക്ഷ്യം ദക്ഷിണാഫ്രിക്ക് ഏഴു പന്തും മൂന്നു വിക്കറ്റും കൈയിലിരിക്കെ മറികടന്നു.
രണ്ടാമത് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. സ്കോർ ബോർഡിൽ ആറു റൺസ് ആയപ്പോഴേക്കും തസ്മിൻ ബ്രിട്ട്സ് പൂജ്യത്തിനു പുറത്തായി. തുടർന്ന് വന്നവർക്ക് നിലയുറപ്പിക്കാൻ കഴിയാതെ വന്നതോടെ ഒരു ഘട്ടത്തിൽ 81/5 എന്ന നിലയിലായിരുന്നു.
ഓപ്പണർ ലോറ വോൾവാർട്ട് (70) നടൈൻ ഡി ക്ലെർക്ക് (84) എന്നിവർ കളം നിറഞ്ഞതോടെ കളി ഇന്ത്യയുടെ കൈയിൽ നിന്നും വഴുതിപ്പോയി. ക്ലോ ട്രയൺ (49) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യയ്ക്കായി ക്രാന്തി ഗൗഡും സ്നേഹ് റാണയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറിൽ 251 റൺസിന് എല്ലാവരും പുറത്തായി. അർധ സെഞ്ചുറി നേടിയ റിച്ച ഘോഷിന്റെ (94) ഒറ്റയാൾ പ്രകടനമാണ് ഇന്ത്യയെ മാന്യമായ സ്കോറിലേക്കെത്തിച്ചത്. 102 റൺസെടുക്കുന്നതിനിടെ ആറു വിക്കറ്റുകൾ നഷ്ടമായ ഇന്ത്യയെ റിച്ച - അമന്ജോത് കൗര് (13) സഖ്യമാണ് വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
ഏഴാം വിക്കറ്റിൽ ഇവരും 51 റണ്സ് കൂട്ടിചേര്ത്തു. പിന്നാലെ റിച്ചയ്ക്കൊപ്പം സ്നേഹ് റാണ ക്രീസില് (33) എത്തിയതോടെ സ്കോറിന്റെ വേഗം കൂടി. ഇരുവരും 53 പന്തില് 88 റണ്സാണ് കൂട്ടിചേര്ത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ചലോ ട്രിയൻ മൂന്നും മരിസെയ്ൻ കാപ്, നദിൻ ഡി ക്ലർക്ക്, നൊൻകുലുലെകോ മബ എന്നിവർ രണ്ടു വിക്കറ്റുകൾ വീതം വീഴ്ത്തി.
National
ന്യൂഡൽഹി: പാക്കിസ്ഥാൻ ടീമുമായി വനിതാ ലോകകപ്പിലും ഹസ്തദാനം നടത്തില്ലെന്ന് ബിസിസിഐ. ഏഷ്യാ കപ്പിൽ ഇന്ത്യൻ പുരുഷ ടീം ഹസ്തദാനം ഒഴിവാക്കിയതിന്റെ തുടർച്ചയായാണ് വനിതാ ഏകദിന ലോകകപ്പിലും ഇന്ത്യൻ ക്രിക്കറ്റ് ടീം പാക്കിസ്ഥാനുമായി നടത്തില്ലെന്ന് ബിസിസിഐ അറിയിച്ചത്.
അഞ്ചിന് കൊളംബോയിലാണ് വനിതാ ലോകകപ്പിലെ ഇന്ത്യ - പാക്കിസ്ഥാൻ മത്സരം. ഈ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സനയുമായി ടോസിന്റെ സമയത്തോ പിന്നീടോ ഹസ്തദാനം നടത്തില്ല.
മാച്ച് റഫറിക്കൊപ്പമുള്ള ഫോട്ടോഷൂട്ടും ഉണ്ടാകില്ലെന്നു ബിസിസിഐ അറിയിച്ചു.