അരുവിത്തുറ: ലഹരിവ്യാപനം നിയന്ത്രിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് എം.ജെ. സെബാസ്റ്റ്യൻ എംഎൽഎ. അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നടന്ന പുകയിലവിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ അനധികൃത ലഹരിയുടെ അടിവേരറക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ. വി.പി. നാസർ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറും വിമുക്തി മാനേജരുമായ എം.ഡി. പ്രസാദ് മുഖ്യപ്രഭാഷണവും ലഹരിവിരുദ്ധറാലിയുടെ ഫ്ലാഗ് ഓഫ് കർമവും നിർവഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സിബി ജോസഫ് സന്ദേശം നൽകി.
പാലാ റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ജെക്സി ജോസഫ് വിദ്യാർഥികൾക്ക് ബോധവത്കരണ ക്ലാസ് നയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. വിജയകുമാർ, ഈരാറ്റുപേട്ട റേഞ്ച് പ്രിവന്റീവ് ഓഫീസർ ജസ്റ്റിൻ തോമസ് എന്നിവർ പ്രസംഗിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ കെ.എസ്. സുമോദ് വിദ്യാർഥികൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്ന ലഹരിവിരുദ്ധ സന്ദേശറാലിയും കോളജ് അങ്കണത്തിൽ സംഘടിപ്പിച്ചു.
ചടങ്ങുകൾക്ക് എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഡെന്നി തോമസ്, ഡോ. അഞ്ജു തോമസ് എന്നിവർ നേതൃത്വം നൽകി.
Tags : nattu vishesham World Anti-Violence